ശ്രീറാം കഴിയുന്നത് സ്വകാര്യാശുപത്രിയിലെ എ സി ഡീലക്‌സ് മുറിയില്‍; പരിചരിക്കുന്നത് സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍

Posted on: August 4, 2019 10:29 am | Last updated: August 4, 2019 at 3:30 pm

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകടം വരുത്തിയ സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സ്വകാര്യാശുപത്രിയിലെ എ സി ഡീലക്‌സ് മുറിയില്‍. സുഹൃത്തുക്കളായ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീറാം സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത് ജയില്‍ വാസം ഒഴിവാക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റിമാന്‍ഡിലുള്ള ശ്രീറാം അപകടത്തിലേറ്റ നിസാര പരുക്കുകള്‍ പറഞ്ഞാണ് ആശുപത്രിയില്‍ തന്നെ കഴിയുന്നത്.

കൈകാലുകള്‍ക്കേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശ്രീറാമിനെതിരായ ആക്ഷേപം ശക്തമാകുന്നത്. ഇന്ന് ഡോക്ടര്‍മാരുടെ പരിശോധനക്കു ശേഷം ശ്രീറാമിനെ ആശുപത്രിയില്‍ നിര്‍ത്തണോ ജയിലിലേക്ക് കൊണ്ടുപോകണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

14 ദിവസത്തേക്കാണ് ശ്രീറാമിനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്. കോടതി റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ സര്‍വീസ് ചട്ടമനുസരിച്ച് പ്രതിക്കെതിരെ 24 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥനെതിരെ തുടക്കത്തില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് വന്‍ വിവാദമായിരുന്നു. മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നിയമപരമായ നടപടികളെടുക്കാന്‍ പോലീസ് തയാറായത്.