International
അമേരിക്കയില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പ്; 29 പേര്‍ കൊല്ലപ്പെട്ടു, 38 പേര്‍ക്ക് പരുക്ക്

എല്‍പാസോ (യു എസ്): അമേരിക്കയില്‍ രണ്ടിടങ്ങളിലായുണ്ടായ വെടിവെപ്പില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറിലും ഓഹിയോയിലെ ഡെയ്റ്റണിലുള്ള ബാറിലുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വെടിവെപ്പുണ്ടായത്. വാള്‍മാര്‍ട്ട് സ്റ്റോറില്‍ യുവാവ് നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് 21കാരനായ യുവാവ് സ്റ്റോറിലേക്കു കയറി വെടിയുതിര്‍ത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ടെക്സാസിലെ അലന്‍ പ്രദേശത്തുകാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റോറില്‍ തിരക്കേറിയ സമയത്തായിരുന്നു അക്രമം. സ്‌കൂളിലേക്കുള്ള പഠന സാമഗ്രികള്‍ വാങ്ങാനെത്തിയവരാണ് ഭൂരിഭാഗവും വെടിവെപ്പിനിരയായത്. അപ്രതീക്ഷിതമായ വെടിവെപ്പിനെ തുടര്‍ന്ന് പലരും പുറത്തേക്കോട് രക്ഷപ്പെടുകയായിരുന്നു. ചെറിയ കുട്ടി മുതല്‍ വയോധികന്‍ വരെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ഡെയ്റ്റണിലെ ബാറില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് വെടിവെപ്പുണ്ടായത്. ഒമ്പതു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. വടക്കന്‍ കാലിഫോര്‍ണിയയില്‍ ഒരു ഭക്ഷ്യ മേളക്കിടെ കൗമാരക്കാരന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം നടന്ന് ആറു ദിവസങ്ങള്‍ക്കകമാണ് വീണ്ടും അക്രമം.