Eranakulam
ഒറ്റ ക്ലിക്കിൽ ജയിൽ വിഭവങ്ങൾ ഇനി വീട്ടിലെത്തും

കൊച്ചി: ജയിൽ വിഭവങ്ങൾ ലഭിക്കാൻ ഇനി കൗണ്ടറുകളിൽ ക്യൂ നിൽക്കേണ്ട. കൊച്ചി കാക്കനാട് ജില്ലാ ജയിലിൽ ഒരുക്കുന്ന ഭക്ഷണങ്ങൾ എവിടെയും ഇനി ഓൺലൈനിലൂടെ ലഭിക്കും. ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിലുണ്ടാക്കുന്ന വിഭവങ്ങളിൽ നിന്ന് ഒരു പാക്കറ്റ് ബിരിയാണി (സാലഡ്, അച്ചാർ എന്നിവ ഉൾപ്പടെ), അഞ്ച് ചപ്പാത്തി, ഒരു ചിക്കൻ കറി(രണ്ട് പീസ്), ഒരു ലിറ്റർ വെള്ളം എന്നിവ അടങ്ങുന്ന കോംബോ പാക്കാണ് ആവശ്യക്കാർക്ക് മുന്പിലെത്തുന്നത്.
ഇത്രയുമേറെ വിഭവങ്ങൾ വാങ്ങാൻ വലിയ പണ ചെലവുണ്ടാകുമെന്ന് കരുതേണ്ട. ആകെ 125 രൂപ മാത്രമേ ഇതിന് ഈടാക്കുകയുള്ളൂ. ഇതു കൂടാതെ ചപ്പാത്തി, ചില്ലി ചിക്കൻ, നെയ്‌ചോറ് തുടങ്ങിയ വിഭവങ്ങൾ വെവ്വേറെയായും കിട്ടും.
ജയിൽ വിഭവങ്ങളുടെ പൊതുവേയുള്ള വിലക്കുറവ് തന്നെയാണ് ഓൺലൈൻ വിൽപനയിലും ബാധകമാക്കിയിരിക്കുന്നത്. ബിരിയാണിയും ചപ്പാത്തിയും കറിയുമെല്ലാം ചെറിയ പൊതികളിലാക്കി എല്ലാം കൂടി ഒരു തുണിസഞ്ചിയിൽ പൊതിഞ്ഞാണ് വിതരണക്കാരെ ഏൽപ്പിക്കുന്നത്. ഇതിനായി യൂബർ ഈറ്റ്‌സുമായാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ ഓൺലൈനിലൂടെ ഓർഡർ ചെയ്യാം. ജയിലിന്റെ ആറ് കിലോമീറ്റർ ചുറ്റളവിലുളളവർക്കാണ് തുടക്കത്തിൽ സേവനം ലഭ്യമാകുക.
ജില്ലാ ജയിൽ വിൽപ്പന കൗണ്ടറിന് മുന്പിൽ ഓൺലൈൻ ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് നിർവഹിച്ചു. എറണാകുളത്ത് കാക്കനാട് നിന്ന് മാത്രം നിലവിൽ ഒരുദിവസം 70,000 മുതൽ 80,000 രൂപ വരെയുള്ള ഭക്ഷണം വിറ്റഴിക്കുന്നുണ്ട്. ചെലവ് 25,000 മുതൽ 30,000 രൂപ വരെയാവും. ഓരോ ദിവസത്തെയും വരുമാനം അന്ന് തന്നെ ജില്ലാ ട്രഷറിയിൽ അടക്കും.