Connect with us

Kerala

സഭാ സാമാജികർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: പൗരന്മാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട സഭാ സാമാജികർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ജനാധിപത്യത്തെ ദുർബലമാക്കുന്ന നിയമങ്ങൾ പാർലിമെന്റിലൂടെ പാസ്സാക്കപ്പെടുമ്പോൾ അതിനെ തിരുത്തുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്.

മുത്വലാഖുമായി ബന്ധപ്പെട്ട ബിൽ രാജ്യസഭയിൽ പാസ്സാക്കപ്പെട്ടത് പ്രതിപക്ഷത്തിന്റെ സഹകരണത്തോടെയാണ്. സുപ്രധാന ചർച്ചകൾ നടക്കുന്ന ഘട്ടങ്ങളിൽ പാർലിമെന്റിൽ ഹാജരാകാതിരിക്കുകയും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു ഭരണഘടനയുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ ബില്ലുകൾ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്.
ക്രിയാത്മക പ്രതിപക്ഷമാണ് ഏതൊരു രാജ്യത്തെയും ഭരണകൂടങ്ങൾക്ക് ശരിയായ ദിശാബോധം നൽകുന്നത്. രാജ്യസഭയിൽ മേൽക്കോയ്മ ഉണ്ടായിട്ടും ബില്ല് പാസ്സാക്കുന്ന സന്ദർഭത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും സഭയിൽ എത്താതിരിക്കുകയും ചെയ്ത് അനായാസം ഈ നിയമത്തിന്റെ പ്രാബല്യം ലഭിക്കാൻ കൂട്ടുനിന്ന പ്രതിപക്ഷ കക്ഷികൾ ചെയ്തത് വഞ്ചനയാണ്.

ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ പാർലിമെന്ററി സ്ഥാനങ്ങൾ ഉറപ്പാക്കിയ ശേഷം അവരെ വഞ്ചിക്കുന്നത് നീതികേടാണ്. വളരെ അപൂർവമായി സംഭവിക്കുന്ന മുത്വലാഖ് അല്ല ഇന്ത്യ നേരിടുന്ന പ്രശ്‌നം. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ കൂടുതൽ തുറന്നു നൽകുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ മൂർച്ഛിക്കുന്ന വിദ്വേഷങ്ങൾ ഇല്ലാതാക്കുന്നതിലുമാകണം ഭരണകൂടത്തിന്റെ പ്രാഥമിക ശ്രദ്ധയെന്നും കാന്തപുരം പറഞ്ഞു.

---- facebook comment plugin here -----

Latest