Connect with us

Editorial

ചര്‍ച്ചയാണ് കശ്മീരിനാവശ്യം

Published

|

Last Updated

പതിനായിരം അര്‍ധ സൈനികരെ കൂടി വിന്യസിച്ചതോടെ കടുത്ത ഭീതിയിലാണ് കശ്മീര്‍ ജനത. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ എടുത്തു മാറ്റുന്നതിന്റെ മുന്നോടിയാണിതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അടുത്തിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീര്‍ സന്ദര്‍ശിക്കുകയും ഉന്നത സൈനികരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സൈനിക വിന്യാസമെന്നത് ശ്രദ്ധേയമാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞാല്‍ സംസ്ഥാനത്ത് ഒരുക്കേണ്ട സുരക്ഷാ സന്നാഹങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ഈ യോഗമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അധികാരത്തിലെത്തിയ ഉടന്‍ തന്നെ ആഭ്യന്തര മന്ത്രി അമിത് ഷായും കശ്മീര്‍ സന്ദര്‍ശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി ജെ പി മുന്നോട്ടു വെച്ച വര്‍ഗീയ അജന്‍ഡകളിലൊന്നാണ് ഭരണഘടനയുടെ 35എ വകുപ്പും 370ാം വകുപ്പും അനുസരിച്ച് കശ്മീരിന് അനുവദിക്കപ്പെട്ട ഭരണഘടനാ പരമായുള്ള പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുമെന്നത്. സംഘ്പരിവാര്‍ സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യവുമാണിത്. സംസ്ഥാനത്ത് സ്ഥിര താമസക്കാര്‍ ആരാണെന്ന് തീരുമാനിക്കാന്‍ ജമ്മുകശ്മീര്‍ നിയമസഭക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് 35 എ വകുപ്പ്. കശ്മീരിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ടുള്ളതാണ് 370ാം വകുപ്പ്. 35 എ എടുത്തു കളയുന്നത് വഴി, കുടിയേറ്റത്തിലൂടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിനെ ഹിന്ദുത്വ ഭൂരിപക്ഷ പ്രദേശമാക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂതരെ കുടിയേറ്റി പാര്‍പ്പിച്ച് ജൂതാധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ ചെയ്തികളാണ് ഇക്കാര്യത്തില്‍ സംഘ്പരിവാറിന് മാതൃക.
ജമ്മു കശ്മീരിലെ പ്രത്യേക അവകാശങ്ങള്‍ക്കെതിരെ കലിതുള്ളുന്നവര്‍, അത് വകവെച്ചു കൊടുക്കാനുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമാകുന്ന കാലത്ത് നാട്ടുരാജ്യമായിരുന്ന കശ്മീര്‍ ഭരിച്ചിരുന്നത് ഹരിസിംഗ് രാജാവായിരുന്നു. അന്ന് കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കാന്‍ രാജാവ് ചില ഉപാധികള്‍ വെച്ചു; പ്രതിരോധം, വിദേശനയം, വാര്‍ത്താവിനിമയം എന്നീ കാര്യങ്ങളില്‍ മാത്രമേ ഇന്ത്യക്ക് അധികാരമുണ്ടാകാവൂ. മറ്റെല്ലാം കശ്മീരിനു തന്നെയായിരിക്കണം. ഇതംഗീകരിച്ചു കൊണ്ടാണ് 1947ല്‍ ഹരിസിംഗ് രാജാവും മൗണ്ട് ബാറ്റന്‍ പ്രഭുവും തമ്മില്‍ “ഇന്‍സ്ട്രുമെന്റ് ഓഫ് അക്സഷനി”ല്‍ ഒപ്പിട്ടത്. പിന്നീട് 1949ല്‍ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി മാറുന്ന ഘട്ടത്തിലും ഈ മൂന്ന് വ്യവസ്ഥകളും നിലനിര്‍ത്തണമെന്നും സംസ്ഥാനത്ത് പുതുതായി എന്തു നിയമം ബാധകമാക്കണമെങ്കിലും ജമ്മു കശ്മീര്‍ സര്‍ക്കാറിന്റെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്നും കശ്മീര്‍ ഭരണകൂടം ഉപാധി ആവര്‍ത്തിച്ചു.

അങ്ങനെയാണ് ജമ്മു കശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള 370ാം അനുച്ഛേദം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. മറ്റേതെങ്കിലും വിഷയത്തില്‍ പാര്‍ലിമെന്റ് നിയമം സംസ്ഥാനത്ത് ബാധകമാക്കണമെങ്കില്‍ സംസ്ഥാന നിയമസഭയുടെ അനുമതിയോടെ പ്രസിഡന്റിന്റെ പ്രത്യേക ഉത്തരവായി ഇറക്കണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ പിന്നീട് വിവിധ ഘട്ടങ്ങളിലായി കശ്മീരിന് അനുവദിച്ച പ്രത്യേക അവകാശങ്ങളില്‍ പലതും ഇന്ത്യന്‍ ഭരണകൂടം തട്ടിയെടുത്തു. കശ്മീരില്‍ മുഖ്യമന്ത്രിയാകുന്നയാള്‍ 25 വര്‍ഷമെങ്കിലും അവിടെ സ്ഥിരതാമസക്കാരനായിരിക്കണമെന്ന നിബന്ധന 1965ല്‍ ഭരണഘടനയിലൂടെ നീക്കം ചെയ്തു. 1984ല്‍ ഭരണഘടനയുടെ 248ാം വകുപ്പ് ഭേദഗതി ചെയ്ത്, കശ്മീരില്‍ ക്രമസമാധാന പരിപാലന നിയമങ്ങള്‍ നടപ്പാക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ കൈക്കലാക്കി. നിലവിലുണ്ടായിരുന്ന കലാപ ബാധിത പ്രദേശ നിയമത്തെ പോരാട്ട പ്രേരണാ നിയന്ത്രണ നിയമമായി ഭേദഗതി ചെയ്ത് 1991 ജൂലൈ ഒമ്പതിന് കശ്മീരില്‍ ഭരണകൂട ഭീകരത ഏര്‍പ്പെടുത്തി. ഭീകരവാദികളെ നേരിടാനെന്ന മറവില്‍ കശ്മീര്‍ ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് കീഴിലാണ്.

കശ്മീരികളുടെ സുരക്ഷക്കും പ്രദേശത്തെ സമാധാന സ്ഥാപനത്തിനുമാണ് ഇപ്പോള്‍ കൂടുതല്‍ അര്‍ധ സൈനികരെ വിന്യസിച്ചതെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ വിന്യസിച്ച സൈന്യത്തെയാണ് തീവ്രവാദികളേക്കാള്‍ കശ്മീരികള്‍ ഇന്ന് ഭയപ്പെടുന്നത്. പോലീസിന്റെയും സൈന്യത്തിന്റെയും വിവേകരഹിതവും തത്വദീക്ഷയില്ലാത്തതുമായ നടപടികളാണ് സംസ്ഥാനത്ത് പലപ്പോഴും സമാധാനാന്തരീക്ഷം തകര്‍ക്കുന്നത.് വ്യാജ ഏറ്റുമുട്ടല്‍, ബലാത്സംഗം തുടങ്ങി പ്രത്യേകാധികാരത്തിന്റെ മറവില്‍ സംസ്ഥാനത്ത് സൈനികര്‍ നിരന്തരം നടത്തുന്ന കൊടിയ മനുഷ്യാവകാശങ്ങളുടെയും അതിക്രമത്തിന്റെയും കഥകള്‍ നിരവധി പുറത്തു വന്നിട്ടുണ്ട്.

സ്ഥാനക്കയറ്റമടക്കമുള്ള നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സൈനികര്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നതായി കരസേന നിയോഗിച്ച കോര്‍ട്ട് ഓഫ് എന്‍ക്വയറി തന്നെ കണ്ടെത്തിയതാണ്.
കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് വിശദമായി പഠിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബി ജെ പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സമിതി ചൂണ്ടിക്കാട്ടിയതു പോലെ, കശ്മീര്‍ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള ചര്‍ച്ചകളിലൂടെയും ഭരണ നടപടികളിലൂടെയും മാത്രമേ അത് പരിഹൃതമാകുകയുള്ളൂ. സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള തീരുമാനം ജനങ്ങളില്‍ കൂടുതല്‍ ഭീതി പടര്‍ത്താനും തീവ്രവാദം ശക്തിപ്പെടാനുമേ ഇടയാക്കൂ.

Latest