Connect with us

National

യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭയും കടന്നു; ചര്‍ച്ചകളില്‍ എതിര്‍ത്ത കോണ്‍ഗ്രസ് അനുകൂലിച്ച് വോട്ട് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: യുഎപിഎ നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസാക്കിയത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തപ്പോള്‍ 42 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതു ശ്രദ്ധേയമായി.ബില്ലിനെ എതിര്‍ത്ത് ചര്‍ച്ചകളില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ബില്ലിലെ രണ്ട് വ്യവസ്ഥകളോട് മാത്രമായിരുന്നു എതിര്‍പ്പുണ്ടായിരുന്നെന്നാണ് കോണ്‍ഗ്രസ് ഇതിനെ ന്യായീകരിക്കുന്നത്.

കോണ്‍ഗ്രസ് നിലപാട് ദുരൂഹമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. മുസ്‌ലിം ലീഗ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ രാജ്യത്തെ നിയമമാകും. ഇതോടെ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍ഐഎക്ക് അധികാരം ലഭിക്കും. ഇതുവരെ സംഘടനകളെ മാത്രമേ പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും എന്‍ഐഎക്ക് അന്വേഷിക്കാനാവും. ഭീകരവാദത്തിന് മതമില്ലെന്ന് വോട്ടെടുപ്പിനു മുമ്പ് നടന്ന ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരര്‍ മനുഷ്യവര്‍ഗത്തിന് എതിരാണ്. അതിനാല്‍ അതിനെതിരായുള്ള കര്‍ശന നിയമത്തെ എല്ലാവരും അനുകൂലിക്കണമെന്ന് അമിത് ഷാ അഭ്യര്‍ഥിച്ചു. കഴിഞ്ഞ മാസം 24 ന് ലോക്‌സഭയില്‍ ബില്‍ പാസായിരുന്നു. 16ാം ലോക്‌സഭയിലും ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പാസാകാത്തതിനാല്‍ നിയമമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നിറക്കിയ ഓര്‍ഡിനന്‍സിനു പകരമാണു ബില്‍. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ജൂലൈ എട്ടിന് അമിത് ഷായാണ് അവതരിപ്പിച്ചത്.

---- facebook comment plugin here -----

Latest