National
കശ്മീര്‍ വിഷയം: ആവശ്യമെങ്കില്‍ പാകിസ്ഥാനുമായി മാത്രം ചര്‍ച്ച; അമേരിക്കന്‍ സഹായം ആവര്‍ത്തിച്ച് തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ സഹായം ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ .അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച അമേരിക്കയുടെ മധ്യസ്ഥതാ വാഗ്ദാനം ചര്‍ച്ചയായെന്ന് ജയശങ്കര്‍ അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ആവശ്യമില്ല. കശ്മീരിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമായി അത് നടത്തുമെന്നും ജയശങ്കര്‍ പോംപിയോട് തുറന്നടിച്ചു.
ജമ്മുകശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച ട്രംപ് ,സഹായം സ്വീകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും പറഞ്ഞിരുന്നു. അമേരിക്ക ഏത് വിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണ്. മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ജയശങ്കര്‍ നടത്തിയത്.