ഉന്നാവോ: അപകടത്തിനു മുമ്പ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അധികൃതര്‍ക്കയച്ചത് 36ഓളം പരാതികള്‍

Posted on: August 1, 2019 11:05 am | Last updated: August 1, 2019 at 1:33 pm

ലക്‌നൗ: യു പിയിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ 19കാരിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അധികൃതര്‍ക്ക് നല്‍കിയത് 36ഓളം പരാതികള്‍. തങ്ങളെ സഹായിക്കണമെന്നും പ്രതികളില്‍ നിന്ന് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രാഷ്ട്രീയ നേതാക്കള്‍ക്കും സര്‍ക്കാറിലെ ഉന്നതോദ്യോഗസ്ഥര്‍ക്കും പോലീസ് ഓഫീസര്‍മാര്‍ക്കും മറ്റും കത്തെഴുതിയത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതില്‍ കുറ്റാരോപിതനായ ബി ജെ പി എം എല്‍ എ. കുല്‍ദീപ് സിംഗ് സെനഗറില്‍ നിന്നും കൂട്ടാളികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുള്ളവയാണ് ഇതില്‍ ഭൂരിഭാഗവും.

എന്നാല്‍, കത്തിനോട് അധികൃതരാരും പ്രതികരിക്കാന്‍ തയാറായില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ‘ആരും ഞങ്ങളെ സഹായിച്ചില്ല. തങ്ങളെ ഭീഷണിപ്പെടുത്തുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത എം എല്‍ എയുടെ ശിങ്കിടികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അപേക്ഷ പോലീസ് നിഷ്‌കരുണം തള്ളിക്കളഞ്ഞു.’- പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം പോലീസിനെയും സി ബി ഐയെയും സമീപിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരിട്ടെഴുതാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സെനഗറിന്റെ കൂട്ടാളികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി 2018 ആഗസ്റ്റില്‍ പെണ്‍കുട്ടിയുടെ കുടുംബം സി ബി ഐക്ക് എഴുതിയിരുന്നു. കത്ത് ലഭിച്ച ശേഷം സെനഗറിനെ ഉന്നാവോ ജയിലില്‍ നിന്ന് സിതാപൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

സെനഗറിന്റെ സഹോദരനായ മനോജ് സിംഗ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ജൂലൈ 12ന് പെണ്‍കുട്ടിയുടെ മാതാവ് യു പി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാറിന് പരാതി നല്‍കിയിരുന്നു. ജഡ്ജിയെ തങ്ങള്‍ വരുതിയിലാക്കിയിട്ടുണ്ടെന്നും കുല്‍ദീപ് സിംഗിനെ മോചിതനാക്കാനുള്ള കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞതായും മനോജും കന്നു സിംഗ് എന്നൊരാളും അജ്ഞാതരായ മറ്റു രണ്ടു പേരും തന്റെ വീട്ടിലെത്തി പറഞ്ഞതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ മറ്റൊരു പ്രതി ശശിം സിംഗിന്റെ ഭര്‍ത്താവ് ഹരിപാല്‍ സിംഗില്‍ നിന്നുള്ള ഭീഷണി സൂചിപ്പിച്ച് ജൂലൈ 11ന് ഡി ജി പി. ഒ പി സിംഗിനും മാതാവ് കത്തെഴുതി. നിലവില്‍ ഉന്നാവോ ജില്ലാ ജയിലില്‍ കഴിയുകയാണ് ശശി സിംഗ്. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് നിരവധി കത്തുകള്‍ ലഭിച്ചതായും ഇവയില്‍ ഭൂരിഭാഗവും ഭീഷണി സംബന്ധിച്ചുള്ളതായിരുന്നുവെന്നും ഉന്നാവോ പോലീസ് സൂപ്രണ്ട് മാധവ് പ്രസാദ് വര്‍മ സമ്മതിച്ചിട്ടുണ്ട്.