മുത്വലാഖ് ബില്‍

Posted on: August 1, 2019 10:23 am | Last updated: August 1, 2019 at 10:23 am

മുത്വലാഖ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണ) ബില്‍ രാജ്യസഭയും കടന്നിരിക്കുകയാണ്. രാഷ്ട്രപതിയുടെ ഒപ്പ് കൂടി ലഭിക്കുന്നതോടെ ബില്‍ നിയമമാകും. പ്രതിപക്ഷത്തിന് മേല്‍ക്കൈയുള്ള രാജ്യസഭയിലും ബില്‍ പാസ്സാക്കിയെടുക്കാനായി എന്നത് ബി ജെ പിയുടെ രാഷ്ട്രീയ വിജയം തന്നെയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് നടത്തിയ ഫ്‌ളോര്‍ മാനേജ്‌മെന്റ് കുതന്ത്രങ്ങളുടെ വിജയമാണിത്. 99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. നേരത്തെ ബില്ലിനെ എതിര്‍ത്തിരുന്ന ജെ ഡി യു വോട്ടെടുപ്പിനിടെ സഭ ബഹിഷ്‌കരിച്ചു. എ ഐ എ ഡി എം കെയും ഇതേ വഴി സ്വീകരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളായ തെലങ്കാന രാഷ്ട്ര സമിതി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ബി എസ് പി എന്നിവയുടെ അംഗങ്ങള്‍ സഭയില്‍ ഹാജരാകാതെയിരുന്നും സര്‍ക്കാറിന് വിജയവഴിയൊരുക്കി കൊടുത്തു. അങ്ങനെ സഭയില്‍ ഹാജരായവരുടെ എണ്ണം കുറച്ച് കൊണ്ടുവന്നാണ് സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. പ്രതിപക്ഷ നിരയിലെ അനൈക്യവും നയമില്ലായ്മയും തന്നെയാണ് മുത്വലാഖ് ബില്ലിന്റെ കാര്യത്തിലും സംഭവിച്ചത്. വിവരാവകാശ നിയമത്തെ ജീവച്ഛവമാക്കുന്ന ഭേദഗതി രാജ്യസഭയില്‍ പാസ്സാക്കിയെടുക്കാന്‍ സര്‍ക്കാറിന് സാധിച്ചതും ഈ വിഭജിക്കല്‍ തന്ത്രത്തിലൂടെയായിരുന്നു.

മുത്വലാഖ് ബില്‍ പാസ്സാക്കിയത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. പുരാതന, മധ്യകാല സമ്പ്രദായത്തെ ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ഈ വിഷയത്തില്‍ ബി ജെ പി, സംഘ്പരിവാര്‍ നേതാക്കള്‍ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളിലെല്ലാം മധ്യകാലം കടന്നുവരുന്നത് കാണാം. അതില്‍ നിന്നു തന്നെ ഈ നിയമ നിര്‍മാണത്തിന്റെ ലക്ഷ്യം വ്യക്തമാണ്. വിവാഹം സംബന്ധിച്ച് ഇസ്‌ലാമിക ശരീഅത്തിന്റെ കാഴ്ചപ്പാട് കാലഹരണപ്പെട്ടതും സ്ത്രീവിരുദ്ധവുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമമാണ് നടന്നത്. വിവാഹ ജീവിതം ഇരു വിഭാഗത്തിനും അസഹ്യമോ പ്രായോഗികമായി മുന്നോട്ട് പോകുക അസാധ്യമോ ആകുമ്പോള്‍ എടുത്തു പ്രയോഗിക്കാവുന്ന സേഫ്റ്റി വാല്‍വ് മാത്രമാണ് ത്വലാഖ്. അതില്‍ തന്നെ മുത്വലാഖ് അടിയന്തര ഘട്ടത്തില്‍ മാത്രം മതം അനുവദിക്കുന്ന കാര്യവുമാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തല്‍ ദൈവത്തിന് ഏറ്റവും അനിഷ്ടകരമായ കാര്യമാണെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് ത്വലാഖിനുള്ള സാധ്യത മതം പഠിപ്പിക്കുന്നത്. ഇതൊന്നും അറിയാത്തവരല്ല നീതിപീഠങ്ങളിലും നിയമനിര്‍മാണ സഭകളിലും ഇരിക്കുന്നവര്‍.

വിചിത്രമാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍. ഒരുമിച്ചു മൂന്ന് തവണ ത്വലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നയാള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്‍കാമെന്നാണ് വ്യവസ്ഥ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഭാര്യയുടെ വാദം കേട്ട ശേഷം മജിസ്‌ട്രേറ്റിന് യുക്തമെന്ന് തോന്നുന്നെങ്കില്‍ ജാമ്യം നല്‍കാം. പരസ്പര സമ്മതത്തോടെ കേസ് പിന്‍വലിക്കാനും അവസരമുണ്ട്. ഭാര്യയോ രക്തബന്ധമുള്ളവരോ പരാതി നല്‍കിയാല്‍ മാത്രമേ ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ കഴിയൂ എന്ന നിര്‍ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭയില്‍ രണ്ടാമത് വന്നപ്പേഴാണ് ഈ ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയത്. മുത്വലാഖ് ചൊല്ലി തടവ് ശിക്ഷ അനുഭവിക്കുന്നയാള്‍ ഭാര്യക്കു ജീവനാംശവും നല്‍കണം. തൊഴില്‍ ചെയ്തു പണമുണ്ടാക്കാന്‍ അവസരമില്ലാതെ ജയിലില്‍ കഴിയുന്നയാള്‍ എങ്ങനെയാണ് ജീവനാംശം നല്‍കുക? വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിവില്‍ നിയമത്തിനു കീഴിലാണ് വരുന്നത്. അതിന് ക്രിമിനല്‍ ശിക്ഷ നല്‍കുന്നത് ശരിയായ നടപടിയല്ല. വിവാഹ മോചനം മറ്റു സമുദായങ്ങളിലെല്ലാം സിവില്‍ കുറ്റമാണ്. എന്തുകൊണ്ടാണ് മുസ്‌ലിം സമുദായത്തില്‍ മാത്രം അതു ക്രിമിനല്‍ കുറ്റമായി മാറുന്നത്? മുത്വലാഖ് നിരോധിക്കണമെന്ന സുപ്രീം കോടതി വിധിയാണല്ലോ സര്‍ക്കാര്‍ ഈ നിയമനിര്‍മാണത്തിന് ആധാരമായി പറയുന്നത്. എന്നാല്‍ ആ വിധിന്യായത്തില്‍ മുത്വലാഖ് ക്രിമിനല്‍ കുറ്റമാണെന്ന് പറയുന്നില്ല. ഹിന്ദു പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുമ്പോള്‍ 2015ലാണ് മുത്വലാഖ് വ്യവഹാരത്തിലേക്ക് കടന്നു വന്നത്. പരിഗണനയിലില്ലാത്ത ഒരു വിഷയം കടത്തി വിടുകയായിരുന്നു. പരാതിയുണ്ടെങ്കില്‍ മുസ്‌ലിം സ്ത്രീകള്‍ വരട്ടെയെന്ന് കോടതി പറഞ്ഞതോടെ നേരത്തെ നിശ്ചയിച്ചു വെച്ചവര്‍ ഹരജിയുമായി ചാടി വീഴുകയായിരുന്നു.

ഇതുകൊണ്ടെല്ലാമാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സര്‍ക്കാറിന് ഗൂഢോദ്ദേശ്യമില്ലെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതില്‍ എന്തായിരുന്നു തടസ്സം?

നാല് കാര്യങ്ങളാണ് ഈ ബില്ലുമായി ബന്ധപ്പെട്ട് ആശങ്കയോടെ കാണേണ്ടത്. ഒന്ന് സര്‍ക്കാറിന്റെ ഫാസിസ്റ്റ് അജന്‍ഡകള്‍ക്ക് മുമ്പില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ പ്രാപ്തിയുള്ള പ്രതിപക്ഷം രാജ്യത്തില്ല എന്നത് തന്നെയാണ്. വിയോജിപ്പുകള്‍ ഉയരുന്നില്ലെങ്കില്‍ പുലരുക ജനാധിപത്യമല്ല, ഏകാധിപത്യമായിരിക്കും. മുസ്‌ലിം പുരുഷന്‍മാര്‍ക്ക് മേല്‍ പ്രയോഗിക്കാനുള്ള ഒരു കരിനിയമം കൂടി പിറന്നിരിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. ഏത് ത്വലാഖിനെയും ഇനി കോടതി വ്യവഹാരത്തിലേക്ക് വലിച്ചിഴക്കാനാകും. ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച പ്രത്യേക വ്യക്തി നിയമങ്ങള്‍ക്ക് മേല്‍ ഭരണകൂടം കൈ വെച്ചിരിക്കുന്നുവെന്നതാണ് മൂന്നാമത്തെതും ഏറ്റവും പ്രാധാന്യമേറിയതുമായ വസ്തുത. ഏക സിവില്‍ കോഡിലേക്കുള്ള ചവിട്ടുപടിയായി മാത്രമേ ഈ നിയമനിര്‍മാണത്തെ കാണാനാകൂ.

ഒരോ മതവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസത്തിനനുസരിച്ചുള്ള വ്യക്തി നിയമങ്ങള്‍ അനുവദിക്കുകയെന്നത് രാജ്യത്തിന്റെ മതേതര മൂല്യവുമായി ബന്ധപ്പെട്ട കാര്യമാണ്. പാര്‍ലിമെന്റിന് മുന്നില്‍ വരുന്ന ബില്ലുകളില്‍ മതിയായ പരിശോധനകള്‍ നടത്താതെ തിടുക്കത്തില്‍ പാസ്സാക്കുകയെന്നത് ജനാധിപത്യത്തിന്റെ വഴിയിലൂടെ ഫാസിസം വരുന്നതിന്റെ ലക്ഷണമാണ്. ഇതാണ് നാലാമത്തെ ആശങ്ക. കുടുസ്സായ അജന്‍ഡകള്‍ക്ക് പുറത്ത് ചുട്ടെടുക്കേണ്ടതാണോ നിയമങ്ങള്‍?