Connect with us

International

ഉസാമയുടെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറാകാതെ ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മകനും ഗ്രൂപ്പിന്റെ അനന്തരാവകാശിയുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു എസ് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഉസാമയുടെ സഊദി അറേബ്യക്കാരിയായ ഭാര്യ ഖൈറ സബറിന്റെ മകനാണ് ഹംസ.

ഹംസ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മൂന്ന് യു എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി എന്‍ ബി സി ന്യൂസ് വ്യക്തമാക്കി. എന്നാല്‍ എന്ന്, എവിടെ വച്ച്, എങ്ങിനെ തുടങ്ങിയ വിശദാംശങ്ങളൊന്നും വാര്‍ത്തയിലില്ല.
രണ്ടു വര്‍ഷം മുമ്പ് അമേരിക്ക ഉള്‍പ്പെട്ട ഓപ്പറേഷനിടെ ഹംസ കൊല്ലപ്പെട്ടെന്ന് രണ്ട് യു എസ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയാറായില്ല.

2019 ഫെബ്രുവരിയില്‍ ഹംസയുടെ തലക്ക് യു എസ് സര്‍ക്കാര്‍ 10 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചതിനു മുമ്പു തന്നെ ഹംസ കൊല്ലപ്പെട്ടിരിക്കാമെന്ന് രണ്ടു റിപ്പോര്‍ട്ടുകളിലും പറയുന്നു. 2018ലാണ് ഹംസയുടെ പ്രസ്താവന അവസാനമായി അല്‍ഖാഇദ മാധ്യമ വിഭാഗം പുറത്തുവിട്ടത്. സഊദി അറേബ്യയെ ഭീഷണിപ്പെടുത്തുന്നതും വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നു പ്രസ്താവന.

Latest