ബില്ലുകള്‍ ചുട്ടെടുക്കരുത്

Posted on: July 30, 2019 5:29 pm | Last updated: July 30, 2019 at 5:29 pm


രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജി ആ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്ന ചടങ്ങില്‍ ഒത്തുകൂടിയ സാമാജികരെ ചില സുപ്രധാന കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുകയുണ്ടായി. “ഭരണ നിര്‍വഹണം ഏറെ സങ്കീര്‍ണമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ വേണ്ടത്ര പരിശോധനയും ചര്‍ച്ചയും നടത്തി മാത്രമേ നിയമങ്ങള്‍ നിര്‍മിക്കാവൂ. ചര്‍ച്ചയും പരിശോധനകളും ഇല്ലാതെ നിയമം പാസാക്കുമ്പോള്‍ പാര്‍ലിമെന്റിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. നിയമ നിര്‍മാണങ്ങളില്‍ പാര്‍ലിമെന്റിലെ മുഴുവന്‍ അംഗങ്ങളുടെയും അഭിപ്രായം പ്രധാനമാണെ’ന്നും അതിന്റെ പ്രാതിനിധ്യ സ്വഭാവത്തിലെ സവിശേഷതകളിലേക്കു വിരല്‍ചൂണ്ടി പ്രണാബ് മുഖര്‍ജി ഓര്‍മപ്പെടുത്തി. സഭയില്‍ നിയമ നിര്‍മാണത്തിനുള്ള സമയം കുറയുന്നതില്‍ അദ്ദേഹം അസന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തെ 17 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് ഒരു നിവേദനം സമര്‍പ്പിച്ചത.് ചര്‍ച്ചകളും സൂക്ഷ്മ പരിശോധനയും കൂടാതെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ പാര്‍ലിമെന്റില്‍ ബില്ലുകള്‍ പാസാകുന്നതിനെതിരെ ആയിരുന്നു നിവേദനം. പാര്‍ലിമെന്റിന്റെ കീഴ്‌വഴക്കങ്ങള്‍ അട്ടിമറിക്കുകയും ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയും ചെയ്യുന്നതാണ് ഭരണപക്ഷത്തിന്റെ ഈ സമീപനം. അടുത്ത ദിവസങ്ങളിലായി വിവരാവകാശ ഭേദഗതി ഉള്‍പ്പെടെ പല ബില്ലുകളും ചര്‍ച്ച കൂടാതെയും പാര്‍ലിമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം പാടേ നിരാകരിച്ചും സര്‍ക്കാര്‍ പാസാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷം സഭാ അധ്യക്ഷനെ സമീപിച്ചത്.

രാജ്യത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനവും പൊതുസമൂഹത്തെ സാരമായി ബാധിക്കുന്നതുമാണ് പാര്‍ലിമെന്റിന് മുമ്പാകെ വരുന്ന പല ബില്ലുകളും. ഗഹനമായ പഠനങ്ങള്‍ക്കും ഇഴപിരിച്ചുള്ള ചര്‍ച്ചകള്‍ക്കും വിധേയമാക്കി വരുംവരായ്കള്‍ മനസ്സിലാക്കി വേണം അത്തരം ബില്ലുകള്‍ അംഗീകരിക്കാന്‍. എം പിമാരെ ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്നതും കോടിക്കണക്കിനു നികുതിപ്പണം ചെലവഴിച്ച് പാര്‍ലിമെന്റ് സമ്മേളിക്കുന്നതും ഇതിനു വേണ്ടിയാണ്. പാര്‍ലിമെന്ററി സംവിധാനത്തിലെ സുപ്രധാനവും അവിഭാജ്യവുമായ ഘടകമാണ് പ്രതിപക്ഷം.

സഭയില്‍ നടക്കുന്ന പരിപാടികളിലും നിയമ നിര്‍മാണങ്ങളിലും അവര്‍ക്ക് പറയാനുള്ളത് ഭരണപക്ഷം ശ്രദ്ധാപൂര്‍വം കേള്‍ക്കണം. പ്രതിപക്ഷത്തെ അവഗണിച്ചും മതിയായ ചര്‍ച്ചകള്‍ കൂടാതെയും നിയമങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ജനപ്രതിനിധികളുടെ ചുമതലാ ബോധത്തെയും ആദര്‍ശ പ്രതിബദ്ധതയെയും ആശ്രയിച്ചിരിക്കുന്നു ജനാധിപത്യത്തിന്റെ വിജയം. ഭരണ, പ്രതിപക്ഷമന്യേ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടായ്മയില്‍ നിന്നുണ്ടാകുന്ന രാഷ്ട്രീയ സംസ്‌കാരവും നിയമ നിര്‍മാണവുമാണ് കരുത്തുറ്റ ജനാധിപത്യത്തിന്റെ അടിത്തറ.

സാമാജികരുടെ അതീവ ശ്രദ്ധയോടെയും പൂര്‍ണ മനസ്സോടെയുമുള്ള മുഴുവന്‍ സമയ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ നിയമ നിര്‍മാണ വേദികള്‍ ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കുകയും അര്‍ഥപൂര്‍ണമാകുകയും ചെയ്യുകയുള്ളൂ.
ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കാന്‍ ഇടവരുന്നതില്‍ പ്രതിപക്ഷത്തിനുമുണ്ട് പങ്ക്. പലപ്പോഴും നിസ്സാര പ്രശ്‌നങ്ങളില്‍ കടിച്ചു തൂങ്ങിയും, കക്ഷിരാഷ്ട്രീയ വിരോധത്തിന്റെ പേരിലുള്ള തരംതാണ ആരോപണങ്ങള്‍ ഉന്നയിച്ചും പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയും സഭാന്തരീക്ഷം പ്രക്ഷുബ്ധമാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, രൂക്ഷമായ എതിര്‍പ്പിന് സാധ്യതയുള്ള പല സുപ്രധാന ബില്ലുകളും എളുപ്പം പാസാക്കിയെടുക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നു ഭരണപക്ഷം. ഇത്തരം അവസരം ഒത്തുകിട്ടാന്‍ ഭരണപക്ഷം ബോധപൂര്‍വം പ്രതിപക്ഷത്തെ പ്രകോപിതരാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം മെയില്‍ ധനകാര്യ ബില്ലടക്കമുള്ള പല സുപ്രധാന ബില്ലുകളും സര്‍ക്കാര്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു. ഗില്ലറ്റിന്‍ ചെയ്ത ബില്ലുകള്‍ പാസാക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചാണ് അന്ന് സ്പീക്കര്‍ ബില്ലുകള്‍ അംഗീകരിക്കാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ മോദി സര്‍ക്കാറിന്റെ 2018 ജൂണ്‍ വരെയുള്ള ആദ്യ നാല് വര്‍ഷത്തില്‍ ബഹളം മൂലം പാര്‍ലിമെന്റിന് നഷ്ടമായത് സഭയുടെ 931.83 മണിക്കൂറാണ്. 2017 മെയ് മുതല്‍ 2018 ഏപ്രില്‍ വരെ സഭ നിര്‍ത്തിവെച്ചതു മൂലം ലോക്‌സഭക്ക് 172.33 മണിക്കൂറും രാജ്യസഭക്ക് 121 മണിക്കൂറുമായിരുന്നു നഷ്ടമായത്. ഈ കാലയളവില്‍ ചര്‍ച്ചയില്ലാതെ 96 ലക്ഷം കോടി രൂപയുടെ ധനവിനിയോഗ നിര്‍ദേശങ്ങളടക്കമുള്ള ബില്ലുകളും 218 ഭേദഗതികളും ചര്‍ച്ച കൂടാതെ അംഗീകരിക്കുകയുണ്ടായി. ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ധനാഭ്യര്‍ഥനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സ്പീക്കര്‍ “ഗില്ലറ്റിന്‍’ രീതിയായിരുന്നു അവലംബിച്ചത്. സഭകളിലെ ചര്‍ച്ചകള്‍ ദിവസങ്ങളോളം നീളുന്നതു മൂലം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത വിഷയങ്ങളും നിര്‍ദേശങ്ങളും പാസാക്കാനാണ് സാധാരണഗതിയില്‍ “ഗില്ലറ്റിന്‍’ രീതി സ്വീകരിക്കുന്നത്. സുപ്രധാന ബില്ലുകളുടെ കാര്യത്തില്‍ ഈ മാര്‍ഗം അവലംബിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധവും പാര്‍ലിമെന്റിനോടുള്ള അനാദരവുമാണ്.

പ്രതിപക്ഷത്തിനിടയില്‍ ഭിന്നത സൃഷ്ടിച്ചും സഭയിലെ പ്രക്ഷുബ്ധാന്തരീക്ഷം സുവര്‍ണാവസരമാക്കിയും ഭരണഘടനാ വ്യവസ്ഥകള്‍ക്കും ലോക്‌സഭാ ചട്ടങ്ങള്‍ക്കും വിരുദ്ധമായി ബില്ലുകള്‍ ചുട്ടെടുക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഇതിനൊരു പരിഹാരം കാണാന്‍ ലോക്‌സഭാ, രാജ്യസഭാ സ്പീക്കര്‍മാര്‍ സന്നദ്ധമാകേണ്ടതുണ്ട്.