Connect with us

Articles

പൗരന്‌ കാവലിരിക്കാന്‍ പ്രതിപക്ഷം വേണം

Published

|

Last Updated

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ പാര്‍ലിമെന്റ് സമ്മേളനമാണിത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇടക്കാല ബജറ്റവതരണവും സര്‍ക്കാര്‍ വിജയാരവവും കഴിഞ്ഞ് സമ്മേളനം പിരിഞ്ഞുപോകുമെന്നാണ് കരുതിയത്. എന്നാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് മറ്റൊന്നാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തമാകാത്ത പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ പാര്‍ലിമെന്റിനകത്ത് കളിക്കുന്നത്. പാര്‍ലിമെന്റിനകത്തും പുറത്തും എന്ത് തരത്തിലുള്ള സ്ട്രാറ്റജി സ്വീകരിക്കണമെന്നു പോലും ആലോചിക്കാതെയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആദ്യ സമ്മേളനത്തിനെത്തിയത്. എന്നാല്‍, സര്‍ക്കാര്‍ പക്ഷം കൃത്യമായ പദ്ധതികളോടെയായിരുന്നു വരവ്. ബില്ലുകള്‍ ഏതെല്ലാം, ഏത് സന്ദര്‍ഭത്തില്‍, എങ്ങനെ അവതരിപ്പിക്കണമെന്ന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു സര്‍ക്കാര്‍ പക്ഷത്തിന്. പ്രതിപക്ഷം നിഷ്‌ക്രിയമാണെന്നു കണ്ട സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍, സത്യപ്രതിജ്ഞക്കായി ചേര്‍ന്ന പാര്‍ലിമെന്റ് സമ്മേളനം ബില്‍ പാസ്സാക്കിയെടുക്കാനായി അടുത്ത മാസം ഏഴ് വരെ നീട്ടിയിരിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ നീക്കം വൈകി തിരിച്ചറിഞ്ഞ പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ ഒന്നിച്ചെതിര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. രാജ്യസഭയില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് അധ്യക്ഷന്‍ വെങ്കയ്യാ നായിഡുവിന് കത്ത് നല്‍കി. സര്‍ക്കാര്‍ ഇങ്ങനെ പോകാനാണ് തീരുമാനമെങ്കില്‍ സഭ ബഹിഷ്‌കരിക്കാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

പാര്‍ലിമെന്റിനകത്ത് അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇന്നേ വരെയുള്ള സര്‍ക്കാറുകള്‍ സ്വീകരിച്ച എല്ലാ മര്യാദകളും ലംഘിച്ചു കൊണ്ടാണ് നീക്കങ്ങള്‍ നടക്കുന്നത്. സാധാരണ ഗതിയില്‍ ബില്ലുകള്‍ സംബന്ധിച്ച് കാതലായ ഒരു പ്രശ്നം പ്രതിപക്ഷമുന്നയിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലിമെന്റിന്റെ സ്ഥിരം സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കോ സെലക്ട് കമ്മിറ്റിക്കോ വിടാന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണ് പതിവ്. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഇത്തരമൊരു നടപടി ക്രമത്തിലേക്കും കടക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് സര്‍ക്കാര്‍. ബില്ലുകള്‍ വേഗത്തില്‍ ചുട്ടെടുത്ത് നിയമമാക്കുന്നതിലൂടെ സര്‍ക്കാര്‍ അത് തെളിയിക്കുകയും ചെയ്യുന്നു.

പൗരാവകാശങ്ങള്‍
കവര്‍ന്നെടുക്കുന്ന ബില്ലുകള്‍

രാജ്യത്തെ പൗരന്റെ അവകാശങ്ങളിലേക്ക് കടന്നു കയറുന്ന, കൃത്യമായ ആസൂത്രണത്തോടെയുള്ളതാണ് സര്‍ക്കാര്‍ അവതരിപ്പിച്ച ഓരോ ബില്ലും. ഇക്കാര്യം പ്രതിപക്ഷം കൃത്യമായി ഉന്നയിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ പ്രതിരോധത്തിന് കനം വരാതെ പോകുന്നു. ബില്‍ വളരെ ഭീകരമാണെന്ന് സഭയില്‍ സംസാരിക്കുകയും എന്നാല്‍ ബില്‍ പാസാക്കുന്നതിന് സര്‍ക്കാറിനെ സഹായിക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തെയാണ് സഭയില്‍ കാണുന്നത്. എന്‍ ഐ എ ഭേദഗതി ബില്‍, യു എ പി എ ഭേദഗതി ബില്‍, മനുഷ്യാവകാശ നിയമ ഭേദഗതി ബില്‍, വിവരാവകാശ നിയമ ഭേദഗതി ബില്‍ തുടങ്ങി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഓരോന്നും കൃത്യമായ ഹിഡന്‍ അജന്‍ഡകള്‍ മുന്നില്‍ വെച്ചുള്ളതാണ്.

ലോക്സഭക്ക് പുറമെ സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ഇത്തരത്തിലുള്ള മൂന്ന് ബില്ലുകള്‍ പാസാക്കിക്കഴിഞ്ഞു. വിവരാവകാശ കമ്മീഷണര്‍മാരുടെ പദവി വെട്ടിക്കുറക്കുകയും സര്‍ക്കാറിന് അവരുടെ മേല്‍ നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ വിവരാവകാശ നിയമ ഭേദഗതി ബില്ലാണ് ഒന്ന്. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍മാരുടെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുള്ള ബില്ലാണ് മറ്റൊന്ന്. രാജ്യദ്രോഹ കേസുകള്‍ അന്വേഷിക്കുന്ന എന്‍ ഐ എക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണ് മൂന്നാമത്തേത്. ഇവക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്തിന്റെ നിയമമായി മാറും.

ലോക്സഭയിലെ പ്രതിഷേധത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ രാജ്യസഭയില്‍ പ്രതിപക്ഷം ഒന്നിച്ച് ചേര്‍ന്ന് പ്രതിരോധിക്കുന്ന രീതിയുണ്ടായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്. ആ തന്ത്രം പ്രതിപക്ഷം മറന്നു പോയിരിക്കുന്നു.
സര്‍ക്കാറിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യാന്‍ പൗരന് അവകാശം നല്‍കുന്ന വിവരാവകാശത്തിന്റെ മൂര്‍ധാവിനാണ് സര്‍ക്കാര്‍ അടിച്ചിരിക്കുന്നത്. വളരെ തന്ത്രപരമായി മോദി- അമിത് ഷാ പക്ഷം വിവരാവകാശ ഭേദഗതി ബില്‍ വിജയിപ്പിച്ചെടുത്തു. ബില്‍ പ്രകാരം വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേതിന് തുല്യമായ പദവിയും ശമ്പളവും ഇനിയുണ്ടാകില്ല. നിശ്ചിത ശമ്പളത്തിന് പകരം സര്‍ക്കാര്‍ നിയമിക്കുമ്പോള്‍ നിശ്ചയിക്കുന്ന ശമ്പളമാണുണ്ടാകുക. കമ്മീഷണര്‍മാരുടെ കാലാവധിയും സര്‍ക്കാറിന് നിശ്ചയിക്കാം. നിലവില്‍ അഞ്ച് വര്‍ഷമാണ് കാലാവധി. വിവരാവകാശ കമ്മീഷന്റെ നിലവിലുള്ള സ്വയംഭരണാധികാരം ഇല്ലാതാക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍മാരുടെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറക്കുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ആയിരിക്കണം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണാകേണ്ടതെന്ന നിയമം മാറ്റി സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരെയും ഇതിനായി പരിഗണിക്കാമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ വിവരാവകാശ കമ്മീഷണര്‍മാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി മാറും. അവരുടെ എല്ലാ സ്വതന്ത്രാധികാരവും നഷ്ടപ്പെട്ട് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളത്തില്‍ അവര്‍ നിശ്ചയിക്കുന്ന കാലാവധിയില്‍ സാധാരണ സിവില്‍ സര്‍വീസ് ഓഫീസറെ പോലെ പണിയെടുക്കും. മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്‍ ഇതിന്റെ മറ്റൊരു പതിപ്പാണ്. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍മാരുടെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറക്കുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. രാജ്യദ്രോഹ കേസുകള്‍ അന്വേഷിക്കുന്ന എന്‍ ഐ എക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിലാണ് ഏറെ വിചിത്രമായ സംഭവം നടന്നത്. ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം നന്നായി സംസാരിച്ചു. എന്നാല്‍ ബില്ലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ അമിത് ഷാ, ബില്ലിനെ എതിര്‍ത്ത് ഭീകരരെ പിന്തുണക്കുന്നവരെ രാജ്യം കാണട്ടെയെന്നു പ്രഖ്യാപിച്ചു. ഇതോടെ എല്ലാ പ്രതിഷേധങ്ങളും ഉപേക്ഷിച്ച് രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. മുസ്‌ലിം ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നു പറയുന്ന മുസ്‌ലിം ലീഗ് പോലും അമിത് ഷായുടെ ഈ ഒറ്റ ചോദ്യത്തില്‍ തകര്‍ന്നു പോയി. ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നായി ലീഗ്. ഇത് തങ്ങളുടെ വിവേകമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ എം പിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ഉത്തരേന്ത്യന്‍ ആള്‍ക്കൂട്ട ബോധത്തെ പിണക്കാത്ത കോണ്‍ഗ്രസ് തീരുമാനമാണ് തങ്ങളുടെ വിവേകമെന്ന് ലീഗ് തെളിയിച്ചു. എന്നാല്‍ ഇടതു പക്ഷവും അസദുദ്ദീന്‍ ഉവൈസി അടക്കമുള്ളവരും എതിര്‍ത്ത് വോട്ട് ചെയ്ത് അമിത് ഷായോട് യുദ്ധം പ്രഖ്യാപിച്ചു. രാജ്യസഭയില്‍ ഈ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ ഇടതുപക്ഷം ഇറങ്ങിപ്പോയി.

പ്രതിപക്ഷം ഉണരുന്നു

ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ പാസാക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രത്തെ വൈകിയെങ്കിലും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നു. ലോക്സഭയില്‍ പാസാക്കിയ യു എ പി എ, മുത്വലാഖ് ബില്ലുകള്‍ ഇനി രാജ്യസഭ കടക്കാന്‍ സര്‍ക്കാറിന് കഷ്ടപ്പെടേണ്ടി വരുമെന്ന് പ്രഖ്യാപിക്കുന്നതാണ് കഴിഞ്ഞ ദിവസം 17 പാര്‍ട്ടികള്‍ ചേര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപ രാഷ്ട്രപതി വെങ്കയ്യാ നായിഡുവിന് കത്ത് നല്‍കിയതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ചര്‍ച്ചകള്‍ക്കും സൂക്ഷ്മ പരിശോധനകള്‍ക്കും തയ്യാറാകാതെ പാര്‍ലിമെന്റില്‍ ബില്ലുകള്‍ പാസാക്കുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാകില്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ്, തൃണമൂല്‍, എസ് പി, ഡി എം കെ, സി പി എം, എന്‍ സി പി, ആര്‍ ജെ ഡി, ടി ഡി പി, എ എ പി, സി പി ഐ, ജമ്മു കശ്മീര്‍ പി ഡി പി, മുസ്‌ലിം ലീഗ്, ജെ ഡി എസ്, ടി ആര്‍ എസ്, കേരളാ കോണ്‍ഗ്രസ്, എ ഐ എ ഡി എംകെ, ബി എസ് പി കക്ഷി നേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിശോധനകളില്ലാതെ സുപ്രധാനമായ ബില്ലുകള്‍ തിടുക്കത്തില്‍ പാസാക്കിയെടുക്കുന്ന സര്‍ക്കാര്‍ നയത്തില്‍ ആശങ്ക അറിയിക്കുന്നുവെന്നും രാജ്യത്തെ നിലനില്‍ക്കുന്ന സംവിധാനത്തില്‍ നിന്നും നിയമ നിര്‍മാണത്തിലെ ആരോഗ്യകരമായ പാരമ്പര്യത്തില്‍ നിന്നുമുള്ള തിരിച്ചു പോക്കാണിതെന്നും കത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. മുത്വലാഖ്, യു എ പി എ അടക്കമുള്ള ബില്ലുകള്‍ അടുത്ത ദിവസങ്ങളില്‍ രാജ്യസഭയിലെത്താനിരിക്കെയാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത നീക്കം എന്നത് രാജ്യത്തെ പൗരന്‍മാരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. പ്രതിപക്ഷത്തെ പരിഗണിക്കാതെ തോന്നിയ പോലെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ സഭാ ബഹിഷ്‌കരണമുള്‍പ്പെടെയുള്ള, സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളിലേക്ക് പോകാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. സുപ്രധാന ബില്ലുകള്‍ പാര്‍ലിമെന്ററി സെലക്ട് കമ്മിറ്റിക്ക് വിട്ടില്ലെങ്കില്‍ തുടര്‍ന്നുള്ള സഭാ സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

പ്രതീക്ഷകള്‍ക്കുമപ്പുറത്തുള്ള വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍, രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ക്ക് മേല്‍ അധികാരമുറപ്പിക്കുന്ന നിയമങ്ങള്‍ ചുട്ടെടുക്കുമ്പോള്‍ എല്ലാം മറന്നു നോക്കി നില്‍ക്കുന്ന ഒരു പ്രതിപക്ഷം എന്നതില്‍ നിന്ന് പ്രതിരോധങ്ങള്‍ തീര്‍ക്കുന്ന, പൗരബോധങ്ങള്‍ക്ക് കാവലിരിക്കുന്ന ഒരു പ്രതിപക്ഷത്തെ ഇനിയുള്ള ദിവസങ്ങളിലെങ്കിലും കാണാനാകുമെന്ന് പ്രതീക്ഷിക്കാം.

---- facebook comment plugin here -----

Latest