പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍; ഇന്ത്യന്‍ ടീമില്‍ ഭിന്നതകളില്ലെന്ന് കോലിയും ശാസ്ത്രിയും

Posted on: July 29, 2019 8:38 pm | Last updated: July 30, 2019 at 9:57 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളി പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും രംഗത്ത്. ടീം അംഗങ്ങള്‍ക്കിടയില്‍ യാതൊരുവിധ ചേരിതിരിവുകളുമില്ലെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ടീമിലെ ഒരു താരവും ടീമിനു മുകളിലല്ലെന്ന് ശാസ്ത്രി പറഞ്ഞു. ഭിന്നതകളുണ്ടെങ്കില്‍ ഇന്ത്യന്‍ ടീമിന് ഇത്ര മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ എങ്ങനെ കഴിയുമെന്ന് കോലിയും പ്രതികരിച്ചു.

ടീമിനുള്ളില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ഞാനും കേള്‍ക്കുകയുണ്ടായി. അത് ശരിയാണെങ്കില്‍ ഇത്രയധികം സ്ഥിരതയോടെ കളിക്കാന്‍ കഴിയില്ല. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അത് തന്റെ മുഖത്ത് തന്നെ കാണാനാകുമെന്നും കോലി പറഞ്ഞു. നേട്ടങ്ങളെ കാണാതെ പോയി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും കോലി പറഞ്ഞു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഇന്ന് രാത്രി പുറപ്പെടാനിരിക്കെയാണ് ശാസ്ത്രിയും കോലിയും മാധ്യമങ്ങളെ കണ്ടത്. രോഹിത് ശര്‍മയും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കവെയാണ് കോലിയുടെ വാര്‍ത്താ സമ്മേളനം.