എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യം: ബിനോയിയുടെ ഹരജി ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും

Posted on: July 29, 2019 10:05 am | Last updated: July 29, 2019 at 10:56 am

മുംബൈ: ബീഹാറി സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചതായ പരാതിയില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക. യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹരജിയില്‍ പറയുന്നു.

അതേസമയം, ഇന്ന് ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്ന ബിനോയ് ഡി എന്‍ എ പരിശോധനക്ക് രക്ത സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവതിയുടെ കുടുംബം. രക്ത സാമ്പിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും ആരോപിക്കുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ ഹര്‍ജി ഉള്ളത് ചൂണ്ടിക്കാട്ടി ബിനോയ് ഇന്നും രക്ത സാമ്പിള്‍ നല്‍കില്ലെന്നാണ് സൂചന.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടി്ക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു.