Book Review
വെളിച്ചം പ്രവഹിക്കുന്ന തുരുത്ത്

കണ്ടുമുട്ടിയതും അനുഭവിച്ചതുമായ നന്മ നിറഞ്ഞ മനുഷ്യരെ കുറിച്ചുള്ള മധുരമൂറുന്ന ഓർമകൾ സമ്മാനിക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ് റഈസ് ഹിദായയുടെ “കുഞ്ഞുവെളിച്ചങ്ങളുടെ ദ്വീപ്”. ഓരോ ജീവിതത്തിനും വ്യക്തമായ ലക്ഷ്യവും അർഥവുമുണ്ടെന്ന് പ്രിയ എഴുത്തുകാരൻ തന്റെ അനുഭവത്തിലൂടെ വരച്ചു ചേർക്കുന്നു. ദൈനംദിന ജീവിതത്തിൽ അദ്ദേഹം കടന്നു പോകുന്ന പാതയിൽ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത പല മുഖങ്ങളും കണ്ടുമുട്ടുന്നു. ചിലത് സന്ദേശങ്ങളായോ ഫോൺ കോളുകളായോ ഒതുങ്ങുമ്പോഴും ഒരു മനുഷ്യന് എത്രത്തോളം മറ്റൊരാളെ സ്‌നേഹിക്കാൻ കഴിയുമെന്ന് വരികൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. കുഞ്ഞുവെളിച്ചങ്ങളുടെ ഒരു വലിയ ദ്വീപ് തന്നെയാണ് എഴുത്തുകാരൻ.
എട്ട് വയസ്സുകാരൻ സുഹൃത്തുമായുള്ള ഒരു അനുഭവം അദ്ദേഹം പങ്കുവെക്കുന്നു. ഈ കൂട്ടുകാരനെ കണ്ടുമുട്ടുകയും ലോഹ്യത്തിലാകുകയും ചെയ്യുന്നു. ശേഷം തന്റെ കൂടെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നു. ആദ്യം അത് നിരസിക്കപ്പെടുന്നു. എന്നാൽ, പിന്നീട് അവിടെയെത്തുന്ന കൂട്ടുകാരൻ തന്നേക്കാളും കൂടുതൽ മറ്റുള്ളവരോട് സംസാരിക്കാനും സഹായിക്കാനും സമയം ചെലവിടുന്നത് നോക്കിക്കാണുന്നു. പരിപാടി കഴിഞ്ഞ് ഒരു ദിവസം പതിവ് പോലെ വീട്ടിൽ വന്ന കൂട്ടുകാരന്റെ രൂപം കണ്ടപ്പോൾ അദ്ദേഹം കുറെ കളിയാക്കി ചിരിക്കുകയും കൂവുകയും ചെയ്യുന്നു. ഒടുവിൽ യാത്ര പറഞ്ഞു പോകാൻ നേരം പത്ത് രൂപ നോട്ടെടുത്ത് അദ്ദേഹത്തിന് നേരെ നീട്ടുകയും “നിങ്ങൾ ബുദ്ധിമുട്ടുന്ന ആർക്കേലും ഇത് കൊടുക്കണം” എന്ന് പറയുകയും ചെയ്യുമ്പോൾ, “നിന്റെ പത്ത് രൂപ കൊണ്ട് എന്താവാൻ” എന്ന മറുചോദ്യത്തിന് “മുടി വെട്ടാൻ തന്നതിൽ ബാക്കി 10 രൂപയേയുള്ളൂ, സ്‌റ്റൈൽ ആയി വെട്ടിയാൽ 40 ആകും, അതുകൊണ്ടാണ് ചെറുതാക്കി വെട്ടിയത്, ഞാൻ വലുതാകുമ്പോൾ കൂടുതൽ പൈസ കിട്ടും, അപ്പൊ ഇതിനേക്കാൾ കൂടുതൽ തരാം” എന്ന മറുപടിയിൽ അറിയാതെ വായനക്കാരുടെ മനസ്സ് പോലും പതറിപ്പോകുന്നു.
“പത്ത് രൂപയുടെ വില” എന്ന ശീർഷകത്തിലെ ഈ അനുഭവം വായിച്ചു തീർന്നപ്പോൾ സ്വയം എത്ര ദുഷ്ടനാണെന്നോർത്തു.
അക്ഷര വർണനകളോ ആകർഷക വാക്യങ്ങളോയില്ലാതെ പ്രിയ എഴുത്തുകാരൻ വരച്ചു ചേർത്ത ഓരോ ചിത്രവും കണ്ണ് നിറക്കുന്ന അനുഭവങ്ങളുടെ കൂട്ടിവായിക്കലുകളായിരുന്നു. ധനികനായ ഒരു സുഹൃത്ത് തന്നെ കാണാൻ വരികയും സംസാരത്തിനിടയിൽ “ഒരുപാട് സമ്പാദ്യങ്ങൾ ഉള്ള നിങ്ങൾക്ക് ഇനിയെന്ത് ആഗ്രഹമാണ് ഭൂമിയിൽ” എന്ന ചോദ്യത്തിന് “എനിക്കൊന്നു മൂത്രമൊഴിക്കണം” എന്ന് ചിരിച്ചു കൊണ്ട് അയാൾ മറുപടി നൽകുമ്പോൾ എല്ലാ സുഖ സൗഭാഗ്യങ്ങളുമുണ്ടായിട്ടും നിസ്സഹായനായ മനുഷ്യന്റെ പ്രതിബിംബം കണ്ണാടിച്ചില്ലിൽ കരയുന്നു.
കണ്ണുകൾ വല്ലാതെ നനഞ്ഞ ഒരു ഭാഗം ഇങ്ങനെയാണ്: കോളജ് വിദ്യാഭാസ സമയത്ത് പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ പോകുന്ന ഒരു ചെറുപ്പക്കാരനെ എഴുത്തുകാരന്റെ സഹായത്തോടെ പഠന പൂർത്തീകരണത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും പഠന ശേഷം ആ ചെറുപ്പക്കാരൻ ഒരു സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ എഴുത്തുകാരനുമായി വല്ലാതെ അടുപ്പത്തിലാകുന്നു. അയാൾ സ്ഥാപനത്തിലെ പ്രധാനപ്പെട്ട ഒരാളായി മാറുന്നു. ആ ചെറുപ്പക്കാരൻ തന്റെ ആദ്യ ശമ്പളവുമായി എഴുത്തുകാരനെ സമീപിക്കുമ്പോൾ മുമ്പേ പറഞ്ഞുറപ്പിച്ച പോലെ ആദ്യ ശമ്പളത്തിന്റെ സന്തോഷത്തിൽ ആ ചെറുപ്പക്കാരനുമൊത്തു ഒരു ചായ കുടിക്കാൻ പോകുന്നതും തിരിച്ചു വരുമ്പോൾ വിയർപ്പിന്റെ മണം വിട്ടുമാറാത്ത നോട്ടുകെട്ടുകൾ എഴുത്തുകാരന് കൈമാറിക്കൊണ്ട് ആ ചെറുപ്പക്കാരൻ പറയുന്ന വാക്കുകൾ “എന്നെ പോലെ ഒരുപാട് പേര് കാണും, പണത്തിന്റെ പേരിൽ പഠിക്കാൻ സാധിക്കാതെ പോകുന്നവർ. നിങ്ങൾ ഇത് അവർക്ക് എത്തിക്കണം” എന്നായിരുന്നു.
ധൂർത്തടിച്ച് തീർക്കുന്ന വെള്ളത്തെ കുറിച്ച് ചിന്തിപ്പിക്കുന്നതാണ് “ദാഹം” എന്ന ശീർഷകത്തിൽ ചേർത്ത അനുഭവക്കുറിപ്പ്. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ ആത്മാർഥയോടെ മുന്നിൽ നിൽക്കുന്ന പലരുടെയും വീട്ടിൽ പട്ടിണിയും ദാരിദ്ര്യവും ആണെന്നുള്ള സത്യവും അത്രമേൽ ആത്മബന്ധത്തിലുള്ളവരുടെ വിയോഗം നൽകുന്ന ഞെട്ടലും ശൂന്യതയുമെല്ലാം പ്രിയ എഴുത്തുകാരന്റെ വരികളായി വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ മുറിപ്പാടുകൾ തീർക്കുന്നു.
അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ എഴുത്തുകാരന് കിട്ടിയ സുന്ദരമായ ആ ബാല്യകാലം എഴുതാൻ മറന്നിട്ടില്ല. യന്ത്രം പോൽ കറങ്ങുന്ന കാല ചക്രത്തിനിടയിലൂടെ സമയ സൂചി ഭേദിച്ച് ഓടുന്ന മനുഷ്യർക്ക് ഒരു അടയാളപ്പെടുത്തലാണ് “കുഞ്ഞു വെളിച്ചങ്ങളുടെ ദീപ്”. തളരാത്ത മനസ്സുമായി പ്രിയ എഴുത്തുകാരൻ ഒരു ചൂട്ടുവെളിച്ചമാകുകയായിരുന്നു. ഒരു പുസ്തകം വായിക്കുകയായിരുന്നില്ല, ഒരുപാട് ജീവിതങ്ങളിലൂടെ യാത്ര പോകുകയായിരുന്നു എന്ന് മനസ്സിലാക്കിയത് അവസാന താളും മറിച്ചപ്പോഴായിരുന്നു. വായന അവസാനിക്കുമ്പോൾ ഒരിക്കലെങ്കിലും എഴുത്തുകാരനെ നേരിട്ട് കാണണമെന്നും ഒന്നിച്ച് കുറെ സമയം പങ്കുവെക്കണമെന്നുമുള്ള വലിയൊരു മോഹം കൂടെ കൂടും. പെൻഡുലം ബുക്‌സ് ആണ് പ്രസാധകർ. വില: നൂറ് രൂപ.
രചയിതാവിനെ കുറിച്ച്: 14 വർഷമായി കഴുത്തിന് കീഴെ തളർന്നു കിടക്കുന്നയാളാണ് മലപ്പുറം ജില്ലയിലെ വെളിമുക്ക് സ്വദേശിയായ റഈസ് ഹിദായ. മധുരപ്പതിനേഴിൽ സംഭവിച്ച ഒരപകടത്തെ തുടർന്ന് ജീവിതം വിധിക്ക് മുന്നിൽ അടിയറവെക്കാൻ തയ്യാറല്ലാതിരുന്ന ചെറുപ്പക്കാരൻ. കട്ടിലും നാലു ചുമരുകളുമാണ് അതിരുകളെന്ന് ചുറ്റിലുമുള്ളവർ സങ്കടത്തോടെ പരിതപിച്ചെങ്കിലും, റഈസ് പലർക്കും ഇന്നൊരു അത്ഭുതമാണ്, അതിലേറെ അതിശയവും. അനുഭവിച്ചടുത്തറിഞ്ഞ ജീവിതങ്ങളെ കടലാസിലേക്ക് പകർത്തി ജീവിതത്തിൽ പുതിയൊരു അധ്യായം കൂടി തുന്നിച്ചേർത്തിരിക്കുകയാണ് എഴുത്തുകാരൻ.
വായനക്കാരൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി തന്നാൽ സംഭാവനയർപ്പിക്കാൻ സാധിക്കുന്ന എല്ലാ മേഖലകളിലും ഈ യുവാവിന്റെ കൈയൊപ്പുണ്ട്. ഗ്രീൻ പാലിയേറ്റീവ് എന്ന സംഘടനയുടെ സജീവപ്രവർത്തകൻ കൂടിയാണ്. അതിന് ധനശേഖരണം കണ്ടെത്താനും മറ്റുള്ള ആവശ്യങ്ങൾക്കും റഈസ് തന്നെയാണ് മുന്നിട്ടിറങ്ങുന്നത്. സോഷ്യൽ മീഡിയക്ക് ഏറെ സുപരിചിതനായ ബ്ലോഗർ കൂടിയാണ് റഈസ് ഹിദായ. “കാക്കപ്പൊന്ന്” എന്നു പേരിട്ട ബ്ലോഗിലാണ് റഈസിന്റെ രചനകളുള്ളത്. വിധിയെ പഴിപറഞ്ഞ് കാലം കഴിച്ചുകൂട്ടുന്ന പലർക്കും പ്രചോദനം കൂടിയാണ് ഈ ജീവിതം.
ഇർശാദ് എ പി • irshadap82@gmail