കുഞ്ഞുപട്ടങ്ങളുടെ വലിയ ആകാശം

Posted on: July 28, 2019 10:39 am | Last updated: September 20, 2019 at 10:30 pm
പ്രഥമ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് മർകസ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങുന്നു.

പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ വിശ്രമിക്കുന്ന ഗ്രാമം. ഗ്രാമീണർക്ക് പക്ഷേ വിശ്രമമില്ല. മൺതരി പൊൻതരിയാക്കുന്ന കർഷകരുടെ നാട്. പ്രതികൂല അവസ്ഥകളോട് പടവെട്ടിയാണ് അവിടെയുള്ള വിദ്യാലയവും വളർന്നുവന്നത്. ഇന്നത് സംസ്ഥാനത്തെ മികച്ച വിദ്യാലയമായി പേരെടുത്തിരിക്കുന്നു. കുട്ടികൾ മാത്രമല്ല, ജോലിക്ക് പോകുന്നവരും ഇവിടെ “വിദ്യാർഥികളാണ്’. ജീവിതമുടനീളം വിദ്യാർഥിത്വത്തിന്റെതാണെന്ന മൊഴി സാർഥകമാകുന്നയിടം. കുട, ഫിനോയിൽ, സോപ്പ് തുടങ്ങിയവയൊക്കെയുണ്ടാക്കാൻ നാട്ടുകാരും ഈ സ്‌കൂളിൽ നിന്ന് പഠിച്ചുകഴിഞ്ഞു. എന്തിനധികം, വൈകുന്നേരം സ്‌കൂൾ വരാന്തയിൽ വന്നിരിക്കുകയേ വേണ്ടൂ, കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കാൻ വിദ്യാർഥികൾ അവരുടെ മുമ്പിലെത്തും. വൈദ്യുതി ബില്ലും നികുതിയുമൊക്കെയടക്കാനും പലരും ഈ സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. പറഞ്ഞുവരുന്നത്, കോഴിക്കോട് നഗരത്തിൽ നിന്ന് 50 കി. മീ. അകലെയുള്ള കിഴക്കൻ മലയോര ഗ്രാമമായ കൂമ്പാറയെയും അവിടുത്തെ മർകസ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിനെയും കുറിച്ചാണ്; അഞ്ച് ലക്ഷവും പ്രശസ്തി പത്രവുമടങ്ങുന്ന സംസ്ഥാന സർക്കാറിന്റെ പ്രഥമ ലിറ്റിൽ കൈറ്റ്‌സ് പുരസ്‌കാരം ഈ മലയോര സ്‌കൂളങ്കണത്തിൽ എത്തിയതിനെ കുറിച്ചാണ്.

ഉയരെ പട്ടങ്ങൾ

വേറിട്ട ഭാവനയോടൊപ്പം അടുക്കും ചിട്ടയുമാർന്ന ഒരു കൂട്ടം അധ്യാപകരുടെ ഇടപെടലാണ് സ്‌കൂൾ ജനകീയമായതിനും വിവിധ നേട്ടങ്ങൾ കൈവരിച്ചതിനും പിന്നിൽ. സ്‌കൂളിലേക്ക് കയറിച്ചെല്ലുന്ന ആർക്കും മനസ്സിലാകും മികവിന്റെ അടയാളങ്ങൾ. വിദ്യാർഥികൾക്കുള്ള വാഷ്‌ബേസിന്റെ മുമ്പിലൊരു ചുമരുണ്ടിവിടെ. അതിന്മേൽ കേടായ ടയറുകൾ മനോഹരമായി പെയിന്റ് ചെയ്ത് വിദ്യാർഥികൾക്കാവശ്യമായ സൂത്രവാക്യങ്ങളും മറ്റും കുറിച്ചു വെച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് ചോദിച്ചാൽ പ്രധാനാധ്യാപകൻ നിയാസ് ചോല പ്രതികരിക്കുന്നതിങ്ങനെ: വിദ്യാർഥികൾ സകല സമയത്തും ഇടപഴകുന്ന സ്ഥലമാണിത്. ഇത്തരത്തിൽ സൂത്രവാക്യങ്ങളും മറ്റും പ്രദർശിപ്പിച്ചാൽ അവരുടെ മനസ്സിലത് പതിയാതിരിക്കില്ല. പത്താം ക്ലാസ് വിദ്യാർഥികളുടെ വീട് സന്ദർശിക്കുകയെന്നത് നിയാസ് മാഷിന്റെയും എജുകെയർ കൺവീനർ ടി ടി നാസർ മാഷിന്റെയും സഹപ്രവർത്തകരുടെയും പതിവാണ്. ഇങ്ങനെ ഒരു വിദ്യാർഥിയെ തേടിപ്പോയപ്പോഴാണറിയുന്നത്, അവന് വീടില്ലെന്ന്. പിന്നെ അധ്യാപകർ മുൻകൈയെടുത്ത് നാട്ടുകാരുടെ കൂടി സഹകരണത്തോടെ ചുരുങ്ങിയ മാസം കൊണ്ടാണ് ആ കുടുംബത്തിന് വീടൊരുക്കിയത്. സ്‌കൂൾ വിട്ട ശേഷവും അവധി ദിനങ്ങളിലും സേവന സന്നദ്ധരായ അധ്യാപകരും വിദ്യാർഥികളും ചേർന്ന് കല്ല് ചുമന്നും സിമന്റ് കുഴച്ചുമൊക്കെയാണ് ആ ജോലിയിൽ പങ്കാളികളായത്.

വിദ്യാർഥികളിൽ വിവര സാങ്കേതിക അഭിരുചി വളർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ) ലിറ്റിൽ കൈറ്റ്‌സ് എന്ന പദ്ധതിയെ കൂമ്പാറ ഫാത്തിമാബി സ്‌കൂൾ ഏറ്റെടുത്ത രീതിയാണ് പ്രശംസക്കും അവാർഡിനും അർഹമാക്കിയത്. 78 വിദ്യാർഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്‌സ് ക്ലബ് രൂപവത്കരിച്ച് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വേർ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർ സുരക്ഷ, ഇലക്‌ട്രോണിക്‌സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ധ പരിശീലനവും യൂനിറ്റ്, ഉപജില്ല, ജില്ല, സംസ്ഥാന ക്യാമ്പുകളും നടത്തി. സ്‌കൂളിലെ അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ സബ്ജക്ട് അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം, ലിറ്റിൽ കൈറ്റ്‌സ് കോർണർ, ഐ ടി മേള, ലിറ്റിൽ കൈറ്റ്‌സ് ലൈബ്രറി, സി ഡി ലൈബ്രറി, സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിശീലനം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, ഡിജിറ്റൽ മാഗസിൻ, ക്യാമറ പരിശീലനം, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, ഗോത്രഗൃഹ, വ്യവസായ സ്ഥാപനങ്ങളുടെ സന്ദർശനം, ഐ ടി എക്‌സ്‌പേർട്ട് ക്ലാസുകൾ എന്നിങ്ങനെ നാനാതരം പരിപാടികളാണ് ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയുടെ ചുവടുപിടിച്ച് ഫാത്തിമാബി സ്‌കൂളിൽ നടപ്പാക്കിയത്.

ആദിവാസികളുടെയും
ഭിന്നശേഷിക്കാരുടെയും
കൈ പിടിച്ച്

കൂമ്പാറയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മലമുകളിലെ മാങ്കുന്ന് ആദിവാസി കോളനിയിലേക്കാണ് ലിറ്റിൽ കൈറ്റ്‌സിന്റെ സേവനങ്ങളുമായി അധ്യാപകരും വിദ്യാർഥികളും കടന്നു ചെന്നത്. ആദിവാസി ഊരുകളിൽ ഐ ടി മേഖല പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രദേശത്തെ അങ്കൺവാടി കേന്ദ്രീകരിച്ച് വൈകുന്നേരം നാല് മുതൽ അഞ്ച് വരെയാണ് ക്ലാസുകൾ. ലാപ്‌ടോപിനൊപ്പം ചെറിയൊരു സമ്മാനപ്പൊതിയുമായാണ് ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ ഭിന്നശേഷിക്കാരായ കൂട്ടുകാരെ തേടിയിറങ്ങുന്നത്. ശാരീരികമായോ മാനസികമായോ പ്രയാസമനുഭവിക്കുന്നവരും സ്‌കൂളിൽ വന്ന് വിദ്യാഭ്യാസം നേടാൻ കഴിയാത്തതുമായ ഭിന്നശേഷി കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ആഴ്ചയിൽ ഒരു മണിക്കൂർ ഭിന്നശേഷിക്കാർക്കൊപ്പം എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു ഈ കാൽവെപ്പ്.

വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമെ രക്ഷിതാക്കൾക്ക് കൂടി പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനും ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലാണ്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് വിദ്യാർഥികൾ പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്‌കൃതം, അറബി വിഭാഗങ്ങളിലായി ആയിരത്തിയഞ്ഞൂറോളം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്.

സ്‌കൂളുകളുടെ ചരിത്രത്തിൽ തന്നെ വേറിട്ടതാണ് ഡിജിറ്റൽ മാഗസിൻ. “ഇളംതെന്നലിന് പറയാനുള്ളത്’ എന്ന മാഗസിൻ ലിബർ ഓഫീസ് റൈറ്റർ, ജിമ്പ്, ഇങ്ക്‌സ്‌കേപ് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്. സി ഡിയിലും വാട്‌സാപ്പിലുമാണ് മാഗസിൻ വിതരണം. ലിറ്റിൽ കൈറ്റ്‌സ് കുട്ടികളും അധ്യാപകരും ചേർന്ന് വീട്ടമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തുന്നുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, ഇന്റർനെറ്റ് തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്. അധ്യാപകരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ അനുസരിച്ച് അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് തയ്യാറാക്കിയത്.

തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കുള്ള സൗകര്യവുമുണ്ട്. സ്വതന്ത്ര ഓപറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടുവിൽ ആണ് പഠനം. വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് ക്ലാസുകൾ. 2018-19 വർഷത്തെ സ്‌കൂൾ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും മികവുകളും കൃത്യമായി സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തതിന് ജില്ലയിലെ മികച്ച സ്‌കൂൾ വിക്കി അവാർഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പ്ലസ് ടു പരീക്ഷക്ക് മുക്കം ഉപജില്ലയിൽ ഒന്നാം സ്ഥാനമാണ് ഈ മലയോര സ്‌കൂൾ കരസ്ഥമാക്കിയത്. വിജയ ശതമാനത്തിൽ 100 ശതമാനം നേടിയ ഹയർ സെക്കൻഡറി വിഭാഗം പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലാണ്. ഭാഷ, ആശയ വിനിമയം, ഐ ടി രംഗങ്ങളിൽ വിദ്യാർഥികളെ പ്രാപ്തരാക്കാൻ ആവിഷ്‌കരിച്ച അസാപ്, അഭിരുചിക്കൊത്ത് ഉയർന്ന ദിശയിലേക്ക് വിദ്യാർഥികളെ നയിക്കുന്ന കെ ഡാറ്റ്, ഐ എ എസ് അടക്കമുള്ള മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുന്ന സി സി പി തുടങ്ങി വിവിധ പദ്ധതികളാണ് പ്രിൻസിപ്പൽ കെ എ നാസർ ചെറുവാടിയുടെ കീഴിൽ ഹയർ സെക്കൻഡറി വിഭാഗം ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

പത്തിനൊപ്പം
പത്ത് തൊഴിൽ,
പഠനം പാൽപ്പായസം

പ്രധാനാധ്യാപകൻ നിയാസ് ചോലയുടെ ചില സ്വപ്‌ന പദ്ധതികളാണ് “പത്തിനൊപ്പം പത്ത് തൊഴിൽ’, “പഠനം പാൽപ്പായസം’ എന്നിവ. പഠനത്തോടൊപ്പം സമ്പാദ്യശീലം വളർത്താനും സ്വയം തൊഴിൽ കണ്ടെത്താനും വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ചോക്ക്, സോപ്പ്, കുട, മെഴുകുതിരി, ഫിനോയിൽ, ചന്ദനത്തിരി, പേപ്പർബേഗ് തുടങ്ങിയ പത്ത് തരം വസ്തുക്കളുടെ നിർമാണം വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. രക്ഷിതാക്കളെയും പരിശീലിപ്പിക്കുന്നുണ്ട്. ഇവിടെ നിന്ന് പരിശീലനം ലഭിച്ച പല പ്രദേശവാസികളും ഇവയുടെ നിർമാണം ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഫാത്തിമാബി സ്‌കൂളിന്റെ ഓരത്ത് കൂടെ നടന്നു പോകുന്നവർക്കറിയാം നിയാസ് മാഷ് പഠനത്തെ പാൽപ്പായസമാക്കുന്ന രീതി. ഓരോ ക്ലാസിലെയും പ്രയാസമുള്ള പാഠഭാഗങ്ങൾ പാട്ടിന്റെ താളത്തിൽ ചിട്ടപ്പെടുത്തി സ്വയം പാടിയും വിദ്യാർഥികളെ കൊണ്ട് പാടിപ്പിച്ചുമാണ് മാഷിന്റെ ഈ പ്രത്യേക പദ്ധതി. കൂടാതെ ഒഴിവ് ദിനങ്ങളിൽ പഠനമേളകളും സംഘടിപ്പിക്കാറുണ്ട്. 2013ൽ സംസ്ഥാന സർക്കാറിന്റെ മികച്ച അധ്യാപകനുള്ള അവാർഡും 2014ൽ ദേശീയ അധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട് നിയാസ് ചോലക്ക്.

കൂട്ടായ്മയുടെ
വിജയം

മരണമടഞ്ഞ പ്രിയ പത്നിയോടുള്ള അടങ്ങാത്ത സ്‌നേഹവായ്പ് കൂടി സ്‌കൂളിന് പറയാനുണ്ട്. പ്രദേശത്തുകാരനായ വയലിൽ മൊയ്തീൻകോയ ഹാജിയുടെ നേതൃത്വത്തിലായിരുന്നു സ്‌കൂളിന്റെ തുടക്കം. അദ്ദേഹത്തിന്റെ ഭാര്യയുടെ ഓർമക്കായാണ് ഫാത്തിമാബി മെമ്മോറിയൽ സ്‌കൂൾ എന്ന് പേരിട്ടത്. 55 വിദ്യാർഥികളും നാല് അധ്യാപകരുമായി 1974ൽ പ്രവർത്തനമാരംഭിച്ച ഈ സ്‌കൂളിപ്പോൾ ഹയർ സെക്കൻഡറിയാണ്. പിന്നാക്ക പ്രദേശങ്ങളിലെ സ്‌കൂളുകൾ ഏറ്റെടുക്കുകയും ഗ്രാമീണ ജനതക്ക് മികച്ച വിദ്യാഭ്യാസമേർപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 1994ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മർകസുസ്സഖാഫത്തിസ്സുന്നിയ്യ ഈ സ്‌കൂൾ ഏറ്റെടുത്തു.

തുടർന്നങ്ങോട്ട് മികവിന്റെ പടവുകളിലേക്ക് കുതിച്ചുകയറിയ ഈ സ്‌കൂളിപ്പോൾ നിലവാരത്തിൽ സംസ്ഥാനത്തിന്റെ നെറുകയിലുമെത്തി. സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനായി മർകസ് ആവിഷ്‌ക്കരിച്ച അക്കാദമി ഡയറക്ടറേറ്റിന്റെ മികവ് കൂടിയാണിത് കാണിക്കുന്നത്. മർകസ് ഫാത്തിമാബി ഹയർ സെക്കൻഡറി സ്‌കൂളിനെ വിജയത്തിലേക്ക് നയിക്കുന്ന ഘടകം കൂട്ടായ്മ തന്നെയാണ്. മർകസ് മാനേജ്‌മെന്റിന്റെ പൂർണ സഹകരണത്തിനൊപ്പം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ എ നാസർ ചെറുവാടി, പ്രധാനാധ്യാപകൻ നിയാസ് ചോല, ലിറ്റിൽ കൈറ്റ്‌സ് ക്ലബിനെ നയിക്കുന്ന നവാസ് മാസ്റ്റർ, പരപ്പൻപൊയിൽ സ്വദേശിനി ശരീഫ ടീച്ചർ, റിജുല, ശാക്കിറ തുടങ്ങി മുപ്പതോളം അധ്യാപകരും മറ്റ് ജീവനക്കാരുമാണ് സ്‌കൂളിന്റെ പുരോഗതിക്ക് ഊടുംപാവും നെയ്യുന്നത്.

ഉമർ മായനാട് • [email protected]