കാശ്മീരില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്നു; 10000 സൈനികരെകൂടി താഴ്‌വരയിലേക്കയക്കും

Posted on: July 27, 2019 9:07 pm | Last updated: July 28, 2019 at 10:20 am

ന്യൂഡല്‍ഹി: ക്രമസമാധാന പാലനത്തിനായി കാശ്മീര്‍ താഴ്‌വരയിലെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി 10000 സൈനികരെ (100 കമ്പനി) കൂടി കേന്ദ്രം താഴ്‌വരയിലേക്കയക്കും. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൈനികരെ അയക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. കാശ്മീരിലെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനെതിരെ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളെല്ലാം എതിര്‍പ്പ് തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നീക്കം.
നിലവില്‍ 65 ബറ്റാലിയന്‍ സി ആര്‍ പി എഫും 20 ബറ്റാലിയന്‍ വരുന്ന മറ്റ് സേനാ വിഭാഗങ്ങളുമാണ് അവിടെയുള്ളത്.

ആയിരം പേരാണ് ഒരു ബറ്റാലിയനില്‍ ഉണ്ടാവുക. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സേനാംഗങ്ങള്‍ സുരക്ഷാ ചുമതല വഹിക്കും.

എന്നാല്‍ സേന ശക്തി വര്‍ധിപ്പിക്കുന്നത് സ്വഭാവിക നടപടി ക്രമത്തിന്റെ ഭാഗമാണെന്നും ഇതില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും കാശ്മീരിലെ സി ആര്‍ പി എഫ് ഐ ജി രവിദ്വീപ് സാഹി പ്രതികരിച്ചു.