കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ച രണ്ട് പേരെയും സി പി ഐ പുറത്താക്കി

Posted on: July 27, 2019 7:25 pm | Last updated: July 27, 2019 at 10:27 pm

ആലപ്പുഴ: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ രണ്ട് പേരെയും സി പി ഐ പുറത്താക്കി. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. ഇരുവരെയും എ ഐ വൈ എഫ്, സി പി ഐ എന്നിവയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത് പാര്‍ട്ടിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി.

ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെ ഇന്ന് ഉച്ചയോടെയാണ് പോലീസ് പിടികൂടിയത്. പോസ്റ്റര്‍ പതിക്കാന്‍ എത്തിയ വാഹനം ഓടിച്ച കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

മൂന്നുപേരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് പോസ്റ്ററിന് പിന്നിലെന്നുമാണ് ആലപ്പുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പറയുന്നത്. മൂന്നുപേര്‍ക്കുമെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി എന്ന കുറ്റമായിരിക്കും ഇവര്‍ക്കെതിരെ പോലീസ് ചുമത്തുക.

അമ്പലപ്പുഴ സ്വദേശിയായ അനന്തു മഹേശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കാര്‍ പോലീസ്‌കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് അനന്തുവല്ല വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സി പി ഐ പാര്‍ട്ടി ഓഫീസിന്റെ ചുമരിലും ആലപ്പുഴ നഗരത്തിലെ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നിലുമായിരുന്നു കാനത്തിനെതിരായ പോസ്റ്റര്‍ കണ്ടെത്തിയത്. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിനുമുന്നില്‍ തിരുത്തല്‍വാദികള്‍ സി പി ഐ അമ്പലപ്പുഴ എന്നപേരിലായിരുന്നു പോസ്റ്റര്‍. പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എം എല്‍ എയ്ക്കും സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും അഭിവാദ്യവുമുണ്ടായിരുന്നു. തനിക്കെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചത് മറ്റ് പാര്‍ട്ടിക്കാരാകാമെന്നായിരുന്നു കാനം പ്രതികരിച്ചിരുന്നത്.