പ്രളയ ദുരിത പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പും സഹായങ്ങളുമായി ദൗത്യ സംഘം

ക്യാമ്പിൽ ആയിരത്തിൽപരം രോഗികളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം നടത്തി
Posted on: July 27, 2019 10:42 am | Last updated: July 27, 2019 at 1:59 pm
അസാമിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ കേരള മുസ്‌ലിം ജമാഅത്ത് മെഡിക്കൽ സംഘം രോഗികളെ പരിശോധിക്കുന്നു

ഗുവാഹത്തി: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ അസാമിലെ പ്രളയ ദുരിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അഭയാർഥി ക്യാമ്പുകളിലുള്ളവർക്ക് സാംക്രമിക രോഗബാധയുള്ളതിനാൽ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

ദരംഗ് ജില്ലയിലെ ഘറാപുരി നിസ്പയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ആയിരത്തിൽപരം രോഗികളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം നടത്തി.
ഐ പി എഫ് നേതാക്കളായ ഡോ. മുജീബുർറഹ്‌മാൻ അത്തോളി, ഡോ. നൂറുദ്ദീൻ റാസി, ഡോ. അജ്മൽ നാദാപുരം മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ ക്യാമ്പ് നിയന്ത്രിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ കോഡൂർ, വിദ്യാഭ്യാസ ബോർഡ് അസിസ്റ്റന്റ് മാനേജർ അബ്ദുൽ കരീം കാരാതോട്, അസം ഓർഗനൈസർ ജൈനുൽ ആബിദീൻ മൻസരി, നൂറുൽ ഇസ്‌ലാം മണ്ഡൽ, ശഫീഖുൽ ഇസ്‌ലാം, റംസാൻ അലി, മുഈനുൽഹിഖ്, സബിനൂർ ഇസ്‌ലാം, ബാദ്ഷ അലി തുടങ്ങിയവർ സംബന്ധിച്ചു. ദുരിത ബാധിത പ്രദേശങ്ങളിൽ ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും അവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നുണ്ട്.