Connect with us

Kerala

കൈ ഒടിഞ്ഞെന്ന് പറഞ്ഞിട്ടില്ല;'മര്‍ദനമേറ്റതിന്റെ ആഴവും അളവും എടുക്കുന്നത് ശരിയല്ല: എല്‍ദോ എബ്രഹാം എംഎല്‍എ

Published

|

Last Updated

കൊച്ചി: പോലീസ് ലാത്തിച്ചാര്‍ജ്ജിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ സംഭവത്തില്‍ പുതിയ വിശദീകരണവുമായി എല്‍ദോ എബ്രഹാം എംഎല്‍എ. സമരത്തിനിടെ പറ്റിയ പരിക്കിന്റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ലെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. കൈക്ക് പൊട്ടലില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെന്ന് ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകരോട് , ഒരു വിധ പ്രകോപനമില്ലാതെയാണ് പോലീസ് മര്‍ദ്ദിച്ചതെന്നായിരുന്നു എല്‍ദോ എബ്രഹാമിന്റെ മറുപടി.

ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ തെറിച്ച് വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയിലെത്തി. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കൈ മുട്ടില്‍ നേരിയ പൊട്ടല്‍ കണ്ടെത്തിയിരുന്നു. അത് ഗുരുതരമായ ഒരു പൊട്ടലാണെന്ന് എവിടെയും പറഞ്ഞില്ലിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. പരിക്കിനെ കുറിച്ച് കൂടുതല്‍ തര്‍ക്കത്തിനില്ലെന്നും എല്‍ദോ എബ്രഹാം വിശദീകരിച്ചു.

മര്‍ദ്ദനമേറ്റതിന് ശേഷം മര്‍ദ്ദിച്ചതിന്റെ ആഴവും അളവും എടുക്കുന്നത് ശരിയായ നടപടിയല്ല.പോലീസ് ശ്രമിക്കുന്നത് സ്വയം രക്ഷപ്പെടാനാണ് . ് എറണാകുളം ജില്ലാ കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് ഉചിതമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. പരിക്ക് സാരമുള്ളതാണോ ഇല്ലാത്തതാണോ എന്ന ചര്‍ച്ച തന്നെ തെറ്റാണ്. ലാത്തിയടിയേറ്റ് ശരീരത്തില്‍ ഉണ്ടായ പരിക്കുപോലും വരും ദിവസങ്ങളില്‍ നിഷേധിക്കപ്പെട്ടേക്കാം.വിഷയത്തില്‍ കാനം രാജേന്ദ്രന്റെത് അടക്കമുള്ള പ്രസ്താവനകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.