വിവാദങ്ങള്‍ക്കിടെ നിര്‍വാഹക സമതി യോഗത്തില്‍ പങ്കെടുക്കാതെ കാനം കണ്ണൂരിലേക്ക് പോയി

Posted on: July 26, 2019 2:03 pm | Last updated: July 26, 2019 at 3:56 pm

കൊച്ചി: സിപിഐ എറണാകുളം ജില്ലാ നിര്‍വാഹക സമതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കില്ല. യോഗത്തില്‍ കാനം പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേ സമയം യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്ന് കാനം പറഞ്ഞു. ഇതിന് പിന്നാലെ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെട്ടു.

പാര്‍ട്ടി എംഎല്‍എ എല്‍ദോ എബ്രഹാമിനും പ്രവര്‍ത്തകര്‍ക്കും പോലീസ് മര്‍ദനമേറ്റ സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ കാനത്തിന്റെ പ്രതികരണം പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു. പോലീസ് നടപടിയെ ന്യായീകരിക്കും വിധമുള്ള കാനത്തിന്റെ പ്രസ്താവനക്കെതിരെ ജില്ലാ കമ്മറ്റി പ്രതിഷേധമറിയിക്കാനിരിക്കുകയായിരുന്നു. കാനത്തെ പാര്‍ട്ടി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ആലപ്പുഴയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് യോഗത്തില്‍ പങ്കെടുക്കാതെ കാനം മടങ്ങിയത്.