എന്‍ജിനീയറിംഗ് മേഖലയിലെ നിലവാരത്തകര്‍ച്ച

Posted on: July 26, 2019 12:42 pm | Last updated: July 26, 2019 at 12:42 pm


സാങ്കേതിക വിദ്യാഭ്യാസ നിലവാര മികവ് ലക്ഷ്യമാക്കി സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്നിട്ടും എന്‍ജിനീയറിംഗ് പഠന നിലവാരം താഴോട്ടു തന്നെ. 2014ല്‍ എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല രൂപവത്കരിച്ച ശേഷമുള്ള ആദ്യ ബി ടെക് ഫലം പുറത്തുവന്നപ്പോള്‍ വിജയ ശതമാനം 36.41 ശതമാനം മാത്രം. 35,104 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 12,803 പേരാണ് വിജയിച്ചത്. സര്‍വകലാശാലക്ക് കീഴിലുള്ള 144 കോളജുകളില്‍ 112ലും വിജയ ശതമാനം 40 ശതമാനത്തില്‍ താഴെ. 11 കോളജുകളില്‍ 10 ശതമാനത്തില്‍ താഴെ നില്‍ക്കുന്നു. ഒരു വിദ്യാര്‍ഥി പോലും വിജയിക്കാത്ത രണ്ട് എന്‍ജിനീയറിംഗ് കോളജുകളുമുണ്ട് സംസ്ഥാനത്ത്.

കൂണുപോലെ മുളച്ചു പൊന്തിയ സ്വാശ്രയ കോളജുകളും യോഗ്യതയുള്ള അധ്യാപകരുടെ അഭാവവുമൊക്കെയാണ് നിലവാരത്തകര്‍ച്ചയുടെ കാരണമായി സര്‍വകലാശാല അധികൃതര്‍ വിലയിരുത്തുന്നത്. ഏതാനും സര്‍ക്കാര്‍ കോളജുകളിലും മൂന്ന് എയ്ഡഡ് കോളജുകളിലുമായി ഒതുങ്ങിയതായിരുന്നു നേരത്തെ കേരളത്തിലെ എന്‍ജിനീയറിംഗ് പഠനം. അന്നത്തെ പഠന നിലവാരം പക്ഷേ മെച്ചമായിരുന്നു. തിരുവനന്തപുരത്തെയും തൃശൂരിലെയും സര്‍ക്കാര്‍ കോളജുകള്‍ ഐ ഐ ടികള്‍ക്ക് തൊട്ടുതാഴെയുള്ള സ്ഥാനം വരെ നേടിയെടുത്തു. പിന്നീട് സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ ധാരാളമായി നിലവില്‍ വരികയും കണക്കു പരീക്ഷക്ക് ജയിക്കാത്തവരും പ്രവേശനം നേടുകയും ചെയ്തതോടെയാണ് നിലവാരം താഴാന്‍ തുടങ്ങിയത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കേരളം അന്താരാഷ്ട്ര തലത്തില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കാനാണ് സ്വാശ്രയ മേഖലക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും വിപരീത ഫലമാണ് ഈ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചത്.

ഈ നിലവാരത്തകര്‍ച്ച സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ജോലിയിലും പ്രകടമാണ്. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളിലെയും പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളെ കമ്പനികള്‍ നേരിട്ട് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ഉയര്‍ന്ന തസ്തികകളില്‍ ജോലിക്കെടുക്കുമ്പോള്‍ സ്വാശ്രയ മേഖലയിലെ എന്‍ജിനീയറിംഗ് കോളജുകള്‍ തൊഴില്‍രഹിതരെ സൃഷ്ടിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുന്നു. ഗേറ്റ്, ക്യാറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ എഴുതി ഉപരി പഠനത്തിന് അര്‍ഹത നേടുകയും, വിവിധ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ലഭിക്കുകയും ചെയ്ത വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ പഠിച്ചു വിജയിച്ചവരാണ്. സ്വാശ്രയ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ബി ടെക് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ 90 ശതമാനവും തൊഴില്‍രഹിതരോ വൈദഗ്ധ്യം ആവശ്യമില്ലാത്ത ചുരുങ്ങിയ ശമ്പളമുള്ള തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരോ ആണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ലക്ഷങ്ങള്‍ വായ്പയെടുത്തും കടം വാങ്ങിയും പഠിച്ച് ബി ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയവരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് മുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ വരെയായി ജോലി ചെയ്യുന്നവരുണ്ട്.

ഈ ദുരവസ്ഥ മൂലം സംസ്ഥാനത്തെ സ്വാശ്രയ എന്‍ജി. കോളജുകളില്‍ പ്രവേശനം നേടാനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുന്നു. നിലവില്‍ സ്വാശ്രയ കോളജുകളില്‍ പകുതി സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിന് പരിഹാരമായി എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ മിനിമം മാര്‍ക്കില്ലാത്തവര്‍ക്കും മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറയുന്നത്. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കുള്ള, ഇതര സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടാന്‍ പ്രവേശന പരീക്ഷകള്‍ ഉദാരമാക്കുമ്പോള്‍ അത് നിലവാരം പിന്നെയും താഴെ പോകുമോ എന്ന ആശങ്കയുമുണ്ട്.

മാനേജ്‌മെന്റിന്റെ കാര്യക്ഷമതയില്ലായ്മ, അധ്യാപകരുടെ കഴിവില്ലായ്മ, വിദ്യാഭ്യാസ ഘടനയിലെ പോരായ്മ, ശരിയായ പ്രാഥമിക വിദ്യാഭ്യാസമില്ലാതെ കുട്ടികള്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേരുന്ന സ്ഥിതിവിശേഷം തുടങ്ങിയവയാണ് എന്‍ജിനീയറിംഗ് ബിരുദം നേടിയവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയില്ലാത്തതിന്റെ കാരണമായി ചുണ്ടിക്കാണിക്കപ്പെടുന്നത്. വ്യവസായ മേഖലകളിലേക്ക് കാലത്തിനനുസരിച്ച് മാറ്റം കടന്നുവരുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം ഉണ്ടാകുന്നില്ല. സ്ഥാപനങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും അതിലുപരി അധികൃതരും ഇക്കാര്യത്തില്‍ ഒരുപോലെ ഉത്തരവാദികളാണ്. ഏത് തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതിനു മുമ്പും വിദ്യാര്‍ഥികള്‍ക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം. സ്വയം താത്പര്യമില്ലാതെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്‍ജിനീയറിംഗ് പോലെയൊരു മേഖല വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കരുത്. നിലവില്‍ പ്ലസ് ടു പൂര്‍ത്തിയാക്കുന്നവരില്‍ പത്ത് ശതമാനം പോലും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരല്ലെന്നാണ് ഒരു പ്രമുഖ എന്‍ജിനീയറിംഗ് കോളജ് മേധാവി അഭിപ്രായപ്പെട്ടത്. എട്ടാം ക്ലാസ് വരെ നിര്‍ബന്ധ വിദ്യാഭ്യാസം നല്‍കുകയും അതിനു ശേഷം കഴിവും അര്‍ഹതയും ഉള്ളവരെ മാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പരീക്ഷയില്‍ പിന്നാക്കം പോകുന്ന വിദ്യാര്‍ഥികളുടെ ഫലം മെച്ചപ്പെടുത്തുന്നതിന് റെമഡിയല്‍ ക്ലാസുകള്‍, അധ്യാപകരുടെ നിലവാരവും സേവന വേതന വ്യവസ്ഥകളും മെച്ചപ്പെടുത്തല്‍, സര്‍വകലാശാലകളുടെ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യല്‍ തുടങ്ങി എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ അടിമുടി മാറ്റം വരുത്തുമെന്ന് കഴിഞ്ഞ ദിവസം സാങ്കേതിക സര്‍വകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യ ദിന ക്ലാസുകള്‍ ആരംഭിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് വകുപ്പ് മന്ത്രി അറിയിക്കുകയുണ്ടായി. ഇത്‌ സ്വാഗതാര്‍ഹമാണ്.