സ്വാധി പ്രാചിയുടെ കടുത്ത മുസ്ലിം വിദ്വേഷ പ്രസംഗത്തില്‍ അന്വേഷണം

Posted on: July 26, 2019 12:29 pm | Last updated: July 26, 2019 at 2:31 pm

ബാഗ്പാട്ട്: കടുത്ത മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശിലെ ബാഗ്പാട്ട് ജി്ല്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. കാവടിയുണ്ടാക്കുന്ന ജോലിയില്‍ നിന്ന് മുസ്ലീങ്ങളെയെല്ലാം പുറത്താക്കണമെന്നും മദറസകളില്‍ വളര്‍ന്ന് വരുന്നവരാണ് വലിയ തീവ്രവാദ ആസൂത്രകരമായി മാറുന്നതെന്നുമുള്ള പ്രസംഗങ്ങളിലാണ് അന്വേഷണം. അസിസ്റ്റന്റ് സുപ്രണ്ട് ഓഫ് പോലീസ് അനില്‍ സിംഗ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് എസ് പി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബാഗ്പാട്ടില്‍ നടത്തിയ പ്രസംഗത്തിലാണ് സ്വാധി വിദ്വേഷം ചൊരിഞ്ഞത്. ഹരിദ്വാറിലെ ശിവപ്രതിഷ്ഠക്ക് വേണ്ടി കാവടി നിര്‍മിക്കുന്ന ജോലി ചെയ്യുന്നതില്‍ 99 ശതമാനവും മുസ്ലിങ്ങളാണെന്നും ഇവരെ പറഞ്ഞക്കമണമെന്നുമാണ് സാധ്വി പ്രസംഗിച്ചത്. രാജ്യത്തെ ഹിന്ദുക്കള്‍ക്ക് ജോലി കിട്ടാന്‍ ഇതാണ് വഴിയെന്നും അവര്‍ പറഞ്ഞു. കൂടാതെ മദ്‌റസകളില്‍ ജനിക്കുന്നവരാണ് വളര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്നും സാധ്വി പറഞ്ഞു. നാഥുറാം ഗോഡ്‌സയെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ളവര്‍ മദ്‌റസകളില്‍ ജനിക്കാറില്ലെന്നും സ്വാധി പ്രസംഗിച്ചിരുന്നു.