കര്‍ണാടക: മൂന്ന് വിമത എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

Posted on: July 25, 2019 9:30 pm | Last updated: July 26, 2019 at 11:25 am

ബംഗളൂരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് വിമത നീക്കങ്ങള്‍ക്ക് തുടക്കമിട്ട മൂന്ന് എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. കോണ്‍ഗ്രസ് എം എല്‍ എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എം എല്‍ എ ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഫ്രബ്രുവരില്‍ ആരംഭിച്ച വിമതനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരാണ് ഈ മൂന്ന് എം എല്‍ എമാരും. നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023വരെ അയോഗ്യരായ മൂന്ന് പേര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു.മറ്റ് വിമത എം എല്‍ എമാര്‍ക്കെതിരായ നടപടിയും ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന കോണ്‍ഗ്രസും ജെ ഡി എസും ശിപാര്‍ശ ചെയ്തിരുന്നു. ഈ ആവശ്യംകൂടി പരിഗണിച്ചാണ് സ്പീക്കര്‍ നടപടി എടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന് കത്ത് നല്‍കിയ ശേഷമായിരുന്നു സ്വതന്ത്ര എം എള്‍ എ ശങ്കര്‍ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചത്.