Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ സൗകര്യങ്ങള്‍ കാണാന്‍ ജനപ്രവാഹം

Published

|

Last Updated

ദുബൈ: ദുബൈ 2020 വേള്‍ഡ് എക്‌സ്‌പോ നിര്‍മാണം കാണാന്‍ സന്ദര്‍ശക പ്രവാഹം. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏഴ് എമിറേറ്റുകളില്‍ നിന്നും സൗജന്യ ബസ് സര്‍വീസുണ്ട്. ആഗസ്റ്റ് 31 വരെയാണ് അവസരം.
മൊബിലിറ്റി പവിലിയന്‍, സസ്റ്റെയിനബിലിറ്റി പവിലിയന്‍, ഓപ്പര്‍ച്യൂണിറ്റി പവിലിയന്‍ എന്നിങ്ങനെ മൂന്ന് സൗധങ്ങള്‍ എക്‌സ്‌പോ വേദിയില്‍ നിര്‍മിക്കുന്നുണ്ട്. ഇവയ്ക്കുള്ളിലാകും വിവിധ രാജ്യങ്ങളുടെ പവിലിയനുകള്‍.

ഓപ്പര്‍ച്യൂണിറ്റി പവിലിയന്‍ ഒഴികയുള്ള നിര്‍മിതകള്‍ നിലനിര്‍ത്തും. പുനരുപയോഗിക്കാവുന്ന തടി ഉപയോഗിച്ചാണ് നിര്‍മാണം. മൊബിലിറ്റി പവിലിയനു ചുറ്റും ഹൈസ്പീഡ് ട്രാക്ക് ഒരുങ്ങുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ എലവേറ്റര്‍ ഇതിനുള്ളില്‍ സ്ഥാപിക്കും. 200 പേര്‍ക്ക് ഒരേ സമയം പോകാം. സസ്റ്റെയിനബിലിറ്റി പവിലിയന്‍ വൈദ്യുതിയുടെയും ജലത്തിന്റെയും കാര്യത്തില്‍ സ്വയംപര്യാപ്തമായിരിക്കും. സോളര്‍ വൈദ്യുതി ഉള്‍പ്പടെയുള്ളവയാണ് ഇതിനായി ഉപയോഗിക്കുക. എക്‌സ്‌പോയ്ക്കു ശേഷം ഇത് ഏറ്റവും വലിയ സയന്‍സ് സെന്ററായി ഉപയോഗിക്കും.

യു എ ഇയിലെ വലിയ മെട്രോ സ്റ്റേഷനാണ് എക്‌സ്‌പോ വേദിക്ക് സമീപം ഒരുങ്ങുന്നത്. മണിക്കൂറില്‍ 46,000 പേര്‍ ഇവിടെ വന്നുപോകും. ജുമൈറ മെട്രോ സ്റ്റേഷനില്‍ നിന്ന് ഇവിടേക്ക് എത്താന്‍ പതിനഞ്ചു മിനിറ്റ് മതിയാകും.
എക്‌സ്‌പോയിലെ ഹരിത സാന്നിധ്യമാണ് ജൂബിലി പാര്‍ക്ക്. നിറയെ മരങ്ങളും പുല്‍ത്തകിടികളും ഇവിടെയുണ്ടാകും. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സംഗീതം കേള്‍ക്കാനും അവസരമുണ്ടാകും. തുറന്ന സ്ഥലങ്ങളിലിരുന്ന് ആളുകള്‍ക്ക് ഇത് ആസ്വദിക്കാം. ചുറ്റും കൃത്രിമ അരുവിയും നിര്‍മിക്കുന്നു. 200 ഭക്ഷണ ഔട് ലെറ്റുകള്‍ ഇതിനുള്ളിലൊരുക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ സൈക്കിളിങ് പാതയും ഒരുങ്ങുന്നുണ്ട്. 22,450 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് വമ്പന്‍ പാര്‍ക്കുകളും ഒരുങ്ങുന്നു. 15 എന്റര്‍ടെയ്ന്‍മെന്റ് സോണുകളുണ്ട്. ഇവിടെ കലാപരിപാടികള്‍ അരങ്ങേറും. ഒരു ദിവസം കുറഞ്ഞ് 60 പരിപാടികളെങ്കിലും നടക്കും. 55 മീറ്റര്‍ ഉയരത്തില്‍ ഇവിടെ നിരീക്ഷണ ടവര്‍ സ്ഥാപിക്കും. 360 ഡിഗ്രിയില്‍ കാഴ്ചകള്‍ കാണാന്‍ സൗകര്യത്തിനാണ് ഇത് നിര്‍മിക്കുക.

4.38 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ (ഏതാണ്ട് 600 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പം) ഒരുങ്ങുന്ന പ്രദര്‍ശന സ്ഥലത്താണ് എക്‌സ്‌പോ നടക്കുക. 192 രാജ്യങ്ങളില്‍ നിന്നുള്ള പവിലിയനുകള്‍ ഉണ്ടാകും.
എക്‌സ്‌പോ പട്ടണത്തോടനുബന്ധിച്ച് 20000 അപാട്‌മെന്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇവ എക്‌സ്‌പോക്കു ശേഷം താമസത്തിനായി നല്‍കും.