Kerala
ലാത്തിച്ചാര്‍ജില്‍ എം എല്‍ എക്ക് പരുക്കേറ്റ സംഭവം: അന്വേഷണം പൂര്‍ത്തിയാകാതെ കൂടുതലൊന്നും പറയാനില്ലെന്ന് കാനം

തിരുവനന്തപുരം: പാര്‍ട്ടി എം എല്‍ എ. എല്‍ദോ എബ്രഹാമിന് പോലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ സംഭവത്തില്‍ സര്‍ക്കാറിനെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവം നടന്ന് രണ്ടു മണിക്കൂറിനകം തന്നെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകാതെ കൂടുതലൊന്നും പറയാനില്ല.
സംഭവത്തില്‍ സി പി ഐയുടെ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സാധാരണ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട പരാതികള്‍ ആര്‍ ഡി ഒ ആണ് അനേഷിക്കാറുള്ളത്. എന്നാല്‍, ഒരു എം എല്‍ എക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ സാഹചര്യത്തില്‍ ജില്ലാ കലക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
വ്യക്തമാക്കുകയും ചെയ്തു. ഇതിലപ്പുറം എന്താണ് വേണ്ടതെന്ന് കാനം ചോദിച്ചു. വിഷയത്തില്‍ താന്‍ മൗനം പാലിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.