അമ്പൂരിയിലെ കൊലപാതകം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍

Posted on: July 25, 2019 11:06 am | Last updated: July 25, 2019 at 1:47 pm

തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍. പൂവാര്‍ പുത്തന്‍കടയില്‍ രാജന്റെ മകള്‍ രാഖി മോളുടെ (25) മൃതദേഹമാണ് അമ്പൂരിക്കു സമീപം തട്ടാമുക്കില്‍ പുതുതായി പണിയുന്ന വീടിനു പിന്നിലെ പുരയിടത്തില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്.

നഗ്നമായ നിലയിലുള്ള മൃതദേഹത്തിനു ചുറ്റും കല്ലുപ്പ് വിതറിയിരുന്നു. പുരയിടം പൂര്‍ണമായി കിളച്ചിടുകയും കമുക് തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുരയിടത്തിനു സമീപം പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ മൃതദേഹം കുഴിച്ചിടാനായി കുഴിയെടുത്തത്ത നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ആദര്‍ശിനെ സ്ഥലത്തെത്തിച്ചപ്പോഴാണ് വിവരം നാട്ടുകാര്‍ അറിഞ്ഞത്.

ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്‍മുക്ക് അഖില്‍ എസ് നായരാണ് കൊലപതാകത്തിനു പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അഖിലുമായ രാഖി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് അഖിലിന്റെ വിവാഹം നിശ്ചയിച്ചതോടെ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് നിഗമനം.