ആള്‍കൂട്ട ആക്രമണം നിയന്ത്രിക്കൂ; പ്രധാനമന്ത്രിയോട് രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍

Posted on: July 24, 2019 2:19 pm | Last updated: July 24, 2019 at 7:46 pm

ന്യൂഡല്‍ഹി: മുസ്ലിംങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ട് രാജ്യത്തെ 49 പ്രമുഖ വ്യക്തിത്വങ്ങള്‍ ഒപ്പിട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. എഴുത്തുകാരും ചരിത്രകാരന്‍മാരും സിനിമാ, സാമൂഹിക പ്രവര്‍ത്തകരും അടങ്ങിയ സംഘമാണ് കത്തയച്ചത്.

പൊതുസ്ഥലങ്ങളിലും മറ്റും ന്യൂനപക്ഷങ്ങളെയും മറ്റും തടഞ്ഞ് നിര്‍ത്തിയ ജയ് ശ്രീരാം വിളിപ്പിക്കലും കൂട്ടം ചേര്‍ന്ന് മര്‍ദിക്കലും വിവിധ സംസ്ഥാനങ്ങളില്‍ വര്‍ധിക്കുകയാണ്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ സംബ്ധിച്ച് ദേശീയ ക്രൈം ബ്യൂറോ റെക്കോര്‍ഡ് പ്രകാരമുള്ള കണക്ക് ഞെട്ടിക്കുന്നതാണ്.

ആള്‍കൂട്ട ആക്രമണങ്ങള്‍ക്ക് താങ്കള്‍ നേരത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ പാര്‍ലിമെന്റില്‍ അപലപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പര്യാപ്തമല്ല. അക്രമണങ്ങള്‍ ഇപ്പോഴും യഥേഷ്ടം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടി അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സിനിമാ താരം അപര്‍ണ സെന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ജൂണില്‍ 24കാരെനെ ജാര്‍ഖണ്ഡില്‍ ആള്‍കൂട്ടം കൊലപ്പെടുത്തിയപ്പോള്‍ താങ്കള്‍ പാര്‍ലിമെന്റില്‍ അപലപിക്കുകയും രാജ്യത്ത് എവിടെയാണെങ്കിലും ഇത്തരം അക്രമങ്ങള്‍ക്കെതിരെയാണ് നിലപാടെന്നും പറഞ്ഞിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയപ്പെട്ട് ഇത് ഇപ്പോഴും ശക്തിയായി തുടരുകയാണ്. ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രകോപനകരമായ യുദ്ധവിളിയായി ‘ജയ് ശ്രീറാം’ മാറിയിരിക്കുന്നു. മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ ഭൂരിഭക്ഷ സമുദായത്തിലെ വലിയ വിഭാഗത്തിനും രാമന്റെ പേര് പവിത്രമാണ്. രാമന്റെ പേര് മലിനമാക്കുന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന അക്രമണങ്ങളെ നിയന്ത്രിക്കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ താങ്കള്‍ക്ക് കഴിയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍, അതിദി ബസു, ആമിര്‍ ചൗദരി, അനുരാഗ് കശ്യാപ്, അപര്‍ണ സെന്‍, ആശിഷ് നന്ദി, ബിനായക് സെന്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.