“ഇസ്‌റോ’യുടെ കുതിപ്പ്; ഇന്ത്യയുടെയും

Posted on: July 24, 2019 1:02 pm | Last updated: July 24, 2019 at 1:02 pm

രാജ്യത്തെ വാനോളമുയര്‍ത്തിയ, ഇന്ത്യയുടെ അഭിമാന നിമിഷമായിരുന്നു 2019 ജൂലൈ 22 തിങ്കളാഴ്ച ഉച്ച 2:43. അന്നേരമാണ് ബംഗളൂരു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 3,84,000 കി.മീറ്റര്‍ ദൂരമുള്ള ചന്ദ്രനിലേക്ക് ഇന്ത്യയുടെ പുതിയ ബഹിരാകാശ പേടകമായ ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്. ഈ വിക്ഷേപണത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ചന്ദ്രപര്യവേക്ഷണ വാഹനമാണിത്. ആകെ 978 കോടിയാണ് ചെലവ്. ഐ എസ് ആര്‍ ഒയുടെ വിവിധ യൂനിറ്റുകള്‍ക്കൊപ്പം വ്യവസായ സ്ഥാപനങ്ങളും സര്‍വകലാശാലകളും ദൗത്യത്തില്‍ പങ്കാളികളായതു കൊണ്ടാണ് ചെലവ് കുറക്കാനായത്.
പത്ത് വര്‍ഷം മുമ്പ് ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍- ഒന്നിന് ചെലവിട്ടത് 386 കോടിയായിരുന്നു. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം പേടകത്തെ ചന്ദ്രനില്‍ ഇടിച്ചിറക്കാതെ പതിയെ ഇറക്കുന്ന ദൗത്യമെന്ന സവിശേഷതയുമുണ്ട് ചന്ദ്രയാന്‍-2ന്. ഇറങ്ങുമ്പോഴുള്ള ചന്ദ്രയാന്റെ വേഗം മിനിറ്റില്‍ രണ്ട് മീറ്റര്‍ മാത്രമാണ്. ആദ്യ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-ഒന്നില്‍ നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തുടങ്ങിയവര്‍ സഹകരിച്ചിരുന്നുവെങ്കില്‍ ചന്ദ്രയാന്‍-2 പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയിലാണെന്നതാണ് മറ്റൊരു സവിശേഷത. ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയതിന്റെ അമ്പതാം വാര്‍ഷികം ലോകം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യയുടെ ഈ വിജയകരമായ ദൗത്യമെന്നതും ശ്രദ്ധേയമാണ്. ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ഉപരിതല പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ എന്നീ മൂന്ന് ഉപകരണങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. ചന്ദ്രന്റെ രാസഘടനയെക്കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. ടൈറ്റാനിയം, മഗ്നീഷ്യം, ജലം എന്നിവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷം ജനുവരിയിലാണ് ആദ്യം വിക്ഷേപണത്തിന് തീരുമാനിച്ചിരുന്നത്. പരീക്ഷണങ്ങളില്‍ കൃത്യത ഉറപ്പ് വരുത്താനായി പിന്നീട് ഏപ്രിലിലേക്ക് മാറ്റി. അന്നേരം ലാന്‍ഡറില്‍ ചെറിയ തകരാറുകള്‍ കണ്ടെത്തി. ഇസ്‌റാഈലിന്റെ വിക്ഷേപണം കൂടി പരാജയപ്പെട്ടതോടെ കൂടുതല്‍ കൃത്യത ഉറപ്പ് വരുത്താനായി വിക്ഷേപണ സമയം പിന്നെയും നീട്ടി ജൂലൈ 14ന് ഞായറാഴ്ചയിലേക്ക് മാറ്റി. വിക്ഷേപണ വാഹനമായ ജി എസ് എല്‍ വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് അന്നും വിക്ഷേപണം മാറ്റിവെച്ചു. പറന്നുയരാന്‍ എട്ട് ദിവസം വൈകിയെങ്കിലും ദൗത്യം പൂര്‍ണ വിജയകരമാണ്. പേടകം മുന്‍നിശ്ചയിച്ചതനുസരിച്ച് സെപ്തംബര്‍ ഏഴിന് തന്നെ ചന്ദ്രനില്‍ ഇറങ്ങും.

ചന്ദ്രയാന്‍-2നു പിന്നാലെ വിവിധ ബഹിരാകാശ പദ്ധതികള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഐ എസ് ആര്‍ ഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍ യാന്‍ വിക്ഷേപണവും സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും പരിഗണനയിലാണെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവനും കേന്ദ്ര ബഹിരാകാശ, ആണവ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗും ഡല്‍ഹിയില്‍ വെളിപ്പെടുത്തി. ഭ്രമണപഥത്തില്‍ 400 കി.മീറ്റര്‍ അകലെയാണ് ബഹിരാകാശ നിലയം സ്ഥാപിക്കുക. 15 മുതല്‍ 20 ദിവസം വരെ ഗവേഷകര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് 20 ടണ്‍ ഭാരമുള്ള ഈ നിലയത്തിന്റെ രൂപകല്‍പന. അമേരിക്ക, റഷ്യ, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂനിയനിലെ ബഹിരാകാശ സംഘടനകളുടെയും നിയന്ത്രണത്തിലുള്ള ഏക ബഹിരാകാശ നിലയമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതില്‍ ഇന്ത്യക്ക് പങ്കാളിത്തമില്ല. ചൈനയും സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ഇന്ത്യയുടെ പുതിയ ചൊവ്വാ ദൗത്യം 2023ല്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ. മൂന്ന് ബഹിരാകാശ യാത്രക്കാരുമായി ഗഗന്‍ യാന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടെ ചന്ദ്രനിലെത്തിക്കാനുള്ള പ്രവര്‍ത്തനവും ഇസ്‌റോയില്‍ പുരോഗമിക്കുന്നു. ഇതിലേക്കുള്ള യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കും. മൂന്നില്‍ ഒരാള്‍ സ്ത്രീയായിരിക്കുമെന്നാണ് സൂചന. ഈ പദ്ധതിക്ക് കേന്ദ്രം 10,000 കോടി രൂപ അനുവദിച്ചു. മനുഷ്യനെയും വഹിച്ചുള്ള ചൈനയുടെ ആദ്യത്തെ ബഹിരാകാശ വാഹനം 2023ല്‍ വിക്ഷേപിക്കാനാണ് അവര്‍ പദ്ധതിയിട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാനുള്ള പുതിയ ദൗത്യം അടുത്ത വര്‍ഷമുണ്ടാകും. ആദിത്യ എല്‍-1 എന്ന പേരിലാണ് ഈ പുതിയ പര്യവേക്ഷണ പേടകം വിക്ഷേപിക്കുന്നത്. സൂര്യ ഗവേഷണത്തിനുള്ള ആദിത്യ മിഷന്‍, ശുക്രനെക്കുറിച്ച് പഠിക്കാനുള്ള വീനസ് മിഷന്‍ എന്നിവയും ഐ എസ് ആര്‍ ഒയുടെ പരിഗണനയിലുണ്ട്.
1957 ഒക്‌ടോബര്‍ നാലിനാണ് ലോകത്തെ ആദ്യ ബഹിരാകാശ പേടകമായ സ്പുട്‌നിക്-1 സോവിയറ്റ് യൂനിയന്‍ വിക്ഷേപിച്ചത്. അതുകഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1961ലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് പഠിക്കാന്‍ ആണവോര്‍ജ വകുപ്പിനെ ചുമതലപ്പെടുത്തുക വഴി ഈ രംഗത്തേക്ക് കടന്നു വരുന്നത്. 1969 ആഗസ്ത് 17ന് ഐ എസ് ആര്‍ ഒ നിലവില്‍ വരുകയും ചെയ്തു. ഇന്നിപ്പോള്‍ “ഇസ്‌റോ’ ഈ രംഗത്ത് വികസിത രാജ്യങ്ങളോട് മത്സരിക്കാവുന്ന തരത്തില്‍ വന്‍ മുന്നേറ്റം നടത്തുകയും റെക്കോര്‍ഡ് വിജയങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്. ആദ്യ ചെയര്‍മാനായ ഡോ. വിക്രം സാരാഭായി മുതല്‍ നിലവിലെ ചെയര്‍മാന്‍ ഡോ. കെ ശിവനില്‍ വരെ എത്തിനില്‍ക്കുന്ന “ഇസ്‌റോ’യില്‍ സേവനം ചെയ്ത പ്രഗത്ഭമതികളായ ബഹിരാകാശ ഗവേഷകരുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഈ നേട്ടം. രാജ്യം അവരോടും രാജ്യം ഭരിച്ച സര്‍ക്കാറുകളോടും കടപ്പെട്ടിരിക്കുന്നു.