ഒടുവില്‍ കര്‍ണാടക വിശ്വാസ വോട്ടെടുപ്പിലേക്ക്; വിമത എം എല്‍ എമാര്‍ക്കു വേണ്ടി മാപ്പു ചോദിക്കുന്നതായി കുമാരസ്വാമി

Posted on: July 23, 2019 6:16 pm | Last updated: July 23, 2019 at 9:30 pm

ബെംഗളൂരു: ഒടുവില്‍ കര്‍ണാടക വിശ്വാസ വോട്ടെടുപ്പിലേക്ക്. നിലവിലെ സംഭവ വികാസങ്ങളില്‍ തനിക്ക് മനം മടുത്തിരിക്കുന്നുവെന്ന് നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എം എല്‍ എമാര്‍ക്കു വേണ്ടി താന്‍ മാപ്പു ചോദിക്കുന്നതായും മുഖ്യമന്ത്രി പദം ഒഴിയാന്‍ തയാറാണെന്നും കുമാരസ്വാമി പറഞ്ഞു.വിശ്വാസ വോട്ടെടുപ്പ് നടക്കട്ടെയെന്നും ഒളിച്ചോടാനില്ലെന്നും കുമാരസ്വാമി പറഞ്ഞു.അതേ മസമയം താനും രാജിക്ക് സന്നദ്ധനാണെന്ന് സ്പീക്കറും വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ബെംഗളുരുവില്‍ അടുത്ത രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. റേസ് കോഴ്‌സ് റോഡില്‍ സ്വതന്ത്രരുടെ ഫ്ളാറ്റിനടുത്ത് ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റ്മുട്ടിയതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എംഎല്‍എമാരെ തടവില്‍ വെച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഇരു വിഭാഗവും ഏറ്റ് മുട്ടിയത്.

വിമതര്‍ക്ക് ഇനി രാഷ്ട്രീയ സമാധ മാത്രമാകുമെന്നും ആരെയും വെറുതെ വിടില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സഭയില്‍ പറഞ്ഞു.

വിടവാങ്ങുന്നതായി പ്രതീതിയുളവാക്കുന്ന പ്രസംഗമാണ് കുമാരസ്വാമി സഭയില്‍ നടത്തിയത്. വിശ്വാസ വോട്ടെടുപ്പിനു നില്‍ക്കാതെ മുഖ്യമന്ത്രി ഒഴിയുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. അതിനിടെ, വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാലും കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യം തുടരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.