ലോകത്തിലെ ആദ്യ ഒറ്റയക്ക ഡൊമൈന്‍ വിലാസവുമായി യുഎഇ

Posted on: July 22, 2019 7:51 pm | Last updated: July 22, 2019 at 7:53 pm

ദുബൈ: ലോകത്തിലെ ആദ്യത്തെ ഒറ്റയക്ക ഡൊമൈന്‍ നെയിം യുഎഇക്ക് സ്വന്തം. യുഎഇ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനാണ് ഒറ്റയക്ക ഡൊമൈന്‍ നല്‍കിയിരിക്കുന്നത്. u.ae എന്നതാണ് ഡൊമൈന്‍ വിലാസം. യുഎഇയുടെ ആദ്യ അക്ഷരമായ യു എന്നതിന് ശേഷം യുഎഇയുടെ ഔദ്യോഗിക വെബ് വിലാസമായ .എഇ എന്നത് കൂടി ചേര്‍ത്താണ് വിലാസം തയ്യാറാക്കിയിരിക്കുന്നത്.

യുഎഇ ഗവണ്‍മെന്റിന്റെ ഔദ്യോഗികമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതാണ് പുതിയ വെബ്‌സൈറ്റ്. വിദ്യാഭ്യാസം, സാമ്പത്തികം, വാണിജ്യം, അടിസ്ഥാന സൗകര്യം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ലളിതവും ഓര്‍ത്തുവെക്കാന്‍ എളുപ്പവുമുള്ളതാണ് പുതിയ ഡൊമൈനെന്ന് യുഎഇ ടെലി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു. രാജ്യത്തെ ജനങ്ങളെയാണ് ഈ ഡൊമൈന്‍ വിലാസം പ്രതിനിധാനം ചെയ്യുന്നതെന്നും ജനങ്ങളാണ് ല്ലാം എന്നും അത് കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.