പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ വിവരാവകാശ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി

Posted on: July 22, 2019 6:29 pm | Last updated: July 22, 2019 at 11:26 pm

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനിടെ വിവരാവകാശ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. കോണ്‍ഗ്രസ്, ത്രിണമൂല്‍, എഐഎംഐഎം കക്ഷികളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്ല് പാസ്സാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ ബില്‍ വോട്ടിനിടുകയായിരുന്നു. രാജ്യസഭയില്‍ കൂടി പാസ്സായാല്‍ ബില്‍ നിയമമാകും. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസ്സാകാനിടയില്ലെന്ന പ്രതീക്ഷയിലാണ് അവര്‍.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെയും സംസ്ഥാന വിവരാകാശ കമ്മീഷന്റെയും കമ്മീഷണര്‍മാരുടെയും കാലാവധി, വേതനം, ആനുകൂല്യങ്ങള്‍, മറ്റ് സേവന വ്യവസ്ഥകള്‍ എന്നിവ തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് വിവരാവകാശ(ഭേദഗതി) ബില്ല് 2019. വിവരാവകാശ കമ്മീഷന്റെ സ്വതന്ത്ര പ്രവര്‍ത്തനം തടയുന്നതാണ് ഭേദഗതികള്‍ എന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്ത് അതിനെ ഇല്ലാതാക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷം പറയുന്നു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കമ്മീഷനുകളുടെ നിയന്ത്രണം കേന്ദ്രത്തിന്റെ കൈയിലാകുന്നതോടെ കേന്ദ്ര സര്‍ക്കാരിനെതിരായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ വിവരാവകാശ കമ്മീഷണര്‍മാര്‍ മടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവിലുള്ള നിയമമനുസരിച്ച് വിവരാവകാശ കമ്മീഷണറുടെ കാലാവധി അഞ്ച് വര്‍ഷമോ 65 വയസ്സോ ആണ്. മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേതിന് തുല്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ശമ്പളം സുപ്രിം കോടതി ജഡ്ജിയുടെ ശമ്പളത്തിന് തുല്യവുമാണ്. ഈ വ്യവസ്ഥകള്‍ മുഴുവന്‍ ഇനി കേന്ദ്രത്തിന് തീരുമാനിക്കാമെന്നാണ് ഭേദഗതി ബില്ലില്‍ പറയുന്നത്.

വിവരാവകാശ കമ്മീഷണര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായി കണക്കാക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ന്യായീകരണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ സ്ഥാപനവും വിവരാവകാശ കമ്മീഷന്‍ ആര്‍ടിഐ നിമയത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതുമാണ്. അതു കൊണ്ട് തന്നെ രണ്ട് കമ്മീഷനുകളുടെയും അധികാര പദവിയും സേവന വ്യവസ്ഥകളും അതിനനുസരിച്ച് നിശ്ചയിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.