Connect with us

Ongoing News

ജ്വലിക്കുന്ന മനസ്സ്

Published

|

Last Updated

“എന്റെ കുട്ടിക്കാലത്ത് എല്ലാവരെയും പോലെ ഞങ്ങളുടെ ഉമ്മ തന്നെയാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. വളരെ കഠിനമായി ജോലി ചെയ്തിരുന്ന ഒരു ദിവസം അത്താഴത്തിന് ഉമ്മ ഞങ്ങൾക്ക് വേണ്ടി റൊട്ടി തയ്യാറാക്കി. മുന്നിലേക്ക് വെച്ച റൊട്ടി മുഴുവനും കരിഞ്ഞിട്ടുണ്ടായിരുന്നു. ഉപ്പ അത് ശ്രദ്ധിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ കഴിക്കുകയും എന്നോട് സ്‌കൂളിലെ വിവരങ്ങൾ തിരക്കുകയും മാത്രം ചെയ്തു. കുറച്ചു കഴിഞ്ഞ് റൊട്ടി കരിഞ്ഞുപോയതിൽ ഉപ്പയോട് ഉമ്മ ക്ഷമ ചോദിക്കുന്നത് ഞാൻ കേട്ടു. “അതിനെനിക്ക് കരിഞ്ഞ റൊട്ടി ഒരുപാട് ഇഷ്ടമാണല്ലോ…” എന്ന ഉപ്പയുടെ മറുപടി ഇന്നും എനിക്ക് മറക്കാൻ കഴിയുന്നില്ല.

രാത്രി വൈകിട്ട് വല്ലാത്ത സ്‌നേഹത്തോടെ ചുംബിക്കാൻ വേണ്ടി ഞാൻ ഉപ്പയുടെ അടുത്തേക്ക് ചെന്നു. കരിഞ്ഞ റൊട്ടി ശരിക്കും ഇഷ്ടമായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഉപ്പ പറഞ്ഞു: “നിന്റെ ഉമ്മ ഇന്ന് പകൽ മുഴുവൻ ജോലി ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ അവൾ വളരെ ക്ഷീണിതയാണ്. ഒരു കരിഞ്ഞ റൊട്ടി ഒരാളെയും അധികം വിഷമിപ്പിക്കില്ല. എന്നാൽ കടുത്ത വാക്ക് മറ്റുള്ളവരെ വിഷമിപ്പിക്കും.”

ജീവിതമെന്നത് അപൂർണരായ ആളുകളും അപൂർണമായ കാര്യങ്ങളും നിറഞ്ഞതാണ്. വളരെ മികച്ചു നിൽക്കുന്നവനോ എല്ലാ കാര്യങ്ങളും അറിയുന്നവനോ അല്ല ഞാനും. എല്ലാവരെയും അവരുടെ തെറ്റുകൾ അറിഞ്ഞുകൊണ്ടുതന്നെ ഉൾക്കൊള്ളാനും ബന്ധങ്ങൾ ആഘോഷിക്കാനുമാണ് ശ്രമിക്കേണ്ടത്. നിന്നെ പരിഗണിക്കുന്നവരോട് നീ നന്നായി മാത്രം പെരുമാറുക. പ്രിയപ്പെട്ടവരോട് എപ്പോഴും ദയാലുവായിരിക്കുക.”

***

എ പി ജെ അബ്ദുൽ കലാം എഴുതിയ ഹൃദയസ്പർശിയായ വരികളാണിത്. ഇന്ത്യക്കാർക്ക് കലാം മുൻ രാഷ്ട്രപതി മാത്രമായിരുന്നില്ല. ഇന്ത്യൻ ജനതയുടെ വിശേഷിച്ച്, വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഊർജപ്രവാഹമായിരുന്നു. ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ നിന്ന് സമ്പന്നമായ സ്വപ്‌നങ്ങളുടെ വർണക്കുട ചൂടി രാജ്യത്തിന്റെ വിഹായസ്സിലേക്ക് കുതിച്ച വിനയാന്വിതനും രാജ്യസ്‌നേഹിയുമായ ശാസ്ത്രപ്രതിഭ. ആണവ നിലയങ്ങളുടെയും മിസൈൽ ശക്തിയുടെയും പിൻബലത്തിൽ തൻപോരിമ നടിച്ച പടിഞ്ഞാറിന് മുന്നിൽ ഒരു രാഷ്ട്രത്തെ നട്ടെല്ല് നിവർത്തി പുരോഗമനത്തിന്റെ പരകോടിയിലെത്തിച്ച അദ്ദേഹം നിസ്തുല സാന്നിധ്യം കൊണ്ട് രാജ്യത്തെ ആകമാനം പുതുക്കിപ്പണിയുകയായിരുന്നു. ഒരു രാജ്യത്തെ ഉന്നതമായ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച കലാം രാഷ്ട്രനിർമാണത്തിനുതകുന്ന നയനിർദേശങ്ങളും വികസനോന്മുഖ പദ്ധതികളും മൂല്യബോധവും സന്നിവേശിപ്പിച്ച് യുവജനതയിൽ പ്രതീക്ഷകളുടെ തിരി കൊളുത്തിവെച്ചു.

മുൾപ്പടർപ്പുകൾ
വലിച്ചെറിഞ്ഞ് മുന്നോട്ട്

മുഖ്യധാരയിൽ നിന്ന് കടലോളം അകലെയാണ് ജനിച്ചതെങ്കിലും സ്വപ്‌നം കാണാനുള്ള കഴിവും സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയവും കലാമിലെ പ്രതിഭയെ കടലുകൾക്കപ്പുറം എത്തിച്ചു. അറിവ് കരുത്താക്കി പല കാലങ്ങളിലായി കലാം പറഞ്ഞതും പ്രവർത്തിച്ചതും അതിനാണ്. തമിഴ്‌നാട്ടിലെ രാമേശ്വരം എന്ന കൊച്ചു ദ്വീപിന്റെ ഇത്തിരിവട്ടത്തിൽ 1931 ഒക്ടോബർ 15ന് ജനിച്ച കലാം ദാരിദ്ര്യത്തിന്റെ മുലപ്പാൽ കുടിച്ചാണ് വളർന്നത്. സാധാരണക്കാരനായ കടലോര മത്സ്യത്തൊഴിലാളി സൈനുൽ ആബിദീനിന്റെയും പത്‌നി ആഇശുമ്മയുടെയും ഇളയ സന്തതിയായിരുന്നു. വീട്ടിലെ പ്രാരാബ്ധങ്ങളോ പങ്കപ്പാടുകളോ ആ ഇളം മനസ്സിൽ ഒരു തരം ചാഞ്ചാട്ടവുമുണ്ടാക്കിയില്ല. സഹചാരികളായ കൗമാരങ്ങളെല്ലാം പഠനമുപേക്ഷിച്ച് കുടുംബത്തിന്റെ ക്ഷുത്തടക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ ഒരു തോളിൽ പത്രക്കെട്ടുകളും മറുതോളിൽ പുസ്തകസഞ്ചിയും ചുമന്ന് കലാം വിദ്യാനികേതനിലേക്ക് അറിവ് നുണയാനെത്തി. അരവയർ ദേഷ്യപ്പെട്ട് അമറുമ്പോഴും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ പുസ്തകങ്ങൾ കൊണ്ട് ആത്മാവിന്റെ ദാഹം ശമിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചു. “സഫലമാക്കാൻ തക്കവണ്ണമുള്ളൊരു സ്വപ്‌നമുണ്ടെങ്കിൽ അത് നേടിയെടുക്കാൻ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ കൂടെനിൽക്കും” എന്ന അനുഗ്രഹീത എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ വാക്കുകളേക്കാൾ തീക്ഷ്ണമായിരുന്നു കലാമിന്റെ ജീവിതവും വിജയങ്ങളും.

സ്വപ്‌നച്ചിറകിലേറി
അനന്തതയിലേക്ക്…

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സെന്റ്്. ജോസഫ് കോളജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ കലാം പിന്നീട് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്കാണ് പോയത്. ആകാശത്ത് ചിറകടിച്ചു പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ കാണുമ്പോഴെല്ലാം കലാമിന്റെ കുഞ്ഞുമനസ്സിൽ നാമ്പെടുത്ത സ്വപ്‌നമായിരുന്നു അതുപോലെ തനിക്കും പറക്കണമെന്ന്. കാലം പിന്നിടുന്തോറും തിടം വെച്ചു വളർന്ന ആ സ്വപ്‌നസാക്ഷാത്കാരത്തിനായി അദ്ദേഹം എയ്‌റോസ്‌പേസ് എൻജിനീയറിംഗ് തിരഞ്ഞെടുത്തു. അധ്യാപകർ കലാമിലെ പ്രതിഭയുടെ മാറ്റ് തിരിച്ചറിയുകയും ലക്ഷ്യത്തിന് വേണ്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പഠനം പൂർത്തിയാക്കിയ കലാമിന് ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റായി ആകാശത്തേക്ക് കുതിക്കാനായിരുന്നു ഏറെ ആഗ്രഹം. വൈമാനികനാകാൻ കൊതിച്ച് വ്യോമസേനയുടെ പരീക്ഷക്ക് ദില്ലി വഴി ഡെറാഡൂണിലെത്തിയ കലാമിന് പക്ഷേ കരിഞ്ഞൊട്ടിയ ചിറകുകളുമായി തിരിച്ചു പോകേണ്ടി വന്നു. അഭിമുഖത്തിൽ ഒമ്പതാം റാങ്ക് ലഭിച്ചു. എന്നാൽ, എട്ട് ഒഴിവുകളേ ഉണ്ടായിരുന്നുള്ളൂ. ഒരുവേള പരാജയത്തിന്റെ പടുകുഴിയിലേക്കാണ്ടുപോയതായി തോന്നിയെങ്കിലും നിരാശയുടെ വാൽമീകം കുടഞ്ഞെറിഞ്ഞെഴുന്നേറ്റു. പിൽക്കാലത്ത് പരസഹസ്രങ്ങൾക്ക് തീവ്രമായ ആ അനുഭവത്തിന്റെ വെളിച്ചത്തിൽ കലാം ഇങ്ങനെ പ്രചോദിപ്പിച്ചു: “ജീവിതത്തിൽ എന്തെങ്കിലും നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ നിരാശരാകാതിരിക്കുക, കാരണം ഏതൊരു മരത്തിലെയും ശിഖരത്തിൽ നിന്നും കൊഴിഞ്ഞ ഇലകളുടെ സ്ഥാനത്ത് താമസിയാതെ മറ്റൊന്ന് കിളിർക്കുമെന്നറിയുക.”

ചിറകുകൾക്ക് തീപിടിക്കുന്നു

തന്റെ സ്വപ്‌നങ്ങൾക്ക് വളവും വെള്ളവും നൽകി പുഷ്ടിപ്പെടുത്തി സർവവിധ ഊർജവും സംഭരിച്ച് കലാം നല്ല വളക്കൂറുള്ള ഇടംതേടി പ്രതിരോധ ഗവേഷണ രംഗത്തേക്ക് കടന്നുചെന്നു. വിക്രം സാരാഭായി എന്ന ഇന്ത്യ കണ്ട മഹാനായ ശാസ്ത്രജ്ഞന്റെ ശിക്ഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ തുടർന്നുള്ള ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളുമെല്ലാം. മുക്കുവ കേന്ദ്രമായ തുമ്പയിൽ റോക്കറ്റ് ഗവേഷണ കേന്ദ്രം സ്ഥാപിച്ചപ്പോൾ അതിന്റെ മേൽനോട്ടക്കാരനായി മാറിയ കലാം, ബഹിരാകാശ ഗവേഷണ പദ്ധതികൾക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചു. 1968ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ മിഷൻ കാണിക്കാനായി സൈക്കിളിന് പിറകിൽ റോക്കറ്റുമായി കുതിക്കുന്ന കലാമിന്റെ ചിത്രം അവിശ്രമ പരിശ്രമശാലിയായ സാങ്കേതിക വിദഗ്ധന്റെ ആത്മാർഥത തെളിഞ്ഞുകത്തിക്കുന്നതായിരുന്നു.

അസാമാന്യ നേതൃപാടവമായിരുന്നു കലാമിനെ ഉയരങ്ങളിലെത്തിച്ചത്. ഗവേഷണ സംബന്ധിയായ പരീക്ഷണനിരീക്ഷണങ്ങളിൽ കർമോത്സുകരായ ശാസ്ത്രജ്ഞ- സാങ്കേതിക വൃന്ദത്തെ സൃഷ്ടിച്ചത് പദ്ധതിയുടെ വിജയത്തിന് ഊടും പാവും നൽകി. വിജയങ്ങൾ എല്ലാവർക്കും പകുത്തു നൽകാനും പരാജയങ്ങളെ തന്റെത് മാത്രമായി എഴുതിച്ചേർക്കാനും കലാം കാണിച്ച ആർജവം എല്ലാ നേതാക്കൾക്കും നിസ്തുല പാഠങ്ങൾ പകർന്നു നൽകുന്നു. വിദേശ രാജ്യത്ത് നിന്ന് കൊണ്ടുവന്ന സൗണ്ട് വാഹനങ്ങൾ പറത്തുന്നതിൽ നിന്ന് ഇന്ത്യ സ്വന്തം ബഹിരാകാശ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്വയംപര്യാപ്തതയിലേക്കെത്താൻ കലാമിന്റെ ആദ്യത്തെ ഗവേഷണ ബഹിരാകാശ വാഹനമായ എസ് എൽ വി-3 കൊണ്ടുതന്നെ സാധിച്ചു.

ഇരുപത് വർഷത്തെ ഐ എസ് ആർ ഒയിലെ സേവനത്തിന് ശേഷം വീണ്ടും ഡി ആർ ഡി ഒയിലെത്തിയ കലാം അവിടെയും നൂതന ആശയങ്ങളിലൂടെയും നവീന വഴികളിലൂടെയും ഒട്ടുമിക്ക മിസൈൽ പദ്ധതികളെയും വിജയവാനത്തിലെത്തിച്ചു. പി എസ് എൽ വിയുടെയും രോഹിണിയുടെയും വിജയത്തെ തുടർന്നുണ്ടായ പൃഥ്വി, അഗ്‌നി, തൃശൂൽ തുടങ്ങിയ മിസൈലുകളുടെ മുന്നേറ്റം കലാമിന്റെ അസാമാന്യ പ്രതിഭയെ ലോകത്തിന് മുന്നിൽ എത്തിക്കുകയായിരുന്നു. 1998ൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ അദ്ദേഹം നേതൃത്വം നൽകിയ ശാസ്ത്രജ്ഞസംഘം നടത്തിയ രണ്ടാം ആണവപരീക്ഷണം ശാസ്ത്ര അറിവുകളെ ഉപരോധത്തിന്റെയും പ്രതിരോധത്തിന്റെയും മറവിലൊളിപ്പിച്ച വൻ ശക്തികൾക്ക് മറുപടി നൽകിയതോടൊപ്പം സമാധാനപരമായി ആണവായുധ ശക്തി ഉപയോഗിക്കണമെന്ന നെഹ്‌റുവിന്റെ നിർദേശം അക്ഷരാർഥത്തിൽ പാലിക്കുന്നതുമായിരുന്നു.

ജനങ്ങളുടെ രാഷ്ട്രപതി

രാജ്യത്തെ പ്രഥമ പൗരനായി അവരോധിതനായപ്പോഴും കലാം ജീവിതത്തിലുടനീളം ലാളിത്യം പുലർത്തിപ്പോന്നു. പണത്തിന്റെയും പത്രാസിന്റെയും പട്ടുമെത്തയിൽ പകിട കളിക്കാൻ താത്പര്യപ്പെടാത്ത കലാം പട്ടിണിപ്പാവങ്ങളുടെ പരിവട്ടവും പരവേശവും തീർക്കാൻ യത്‌നിച്ചു. അതിഥിയായെത്തുന്ന പരിപാടികളിൽ തനിക്ക് മാറ്റിവെച്ച കനക പീഠത്തിലിരിക്കാൻ വിസമ്മതിച്ച അദ്ദേഹം അധികാരക്കസേരയിൽ വിനയത്തിന്റെ പുതിയ ഏടുകൾ തുന്നിച്ചേർക്കുകയായിരുന്നു. ഞാൻ പൂർണമായും ഒരു മുസൽമാനാണ്, അതോടൊപ്പം ഇന്ത്യക്കാരനുമാണെന്ന സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം ശബ്ദങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അഴിമതിയും കൈക്കൂലിയും ആത്മാർഥതയില്ലാത്ത നേതാക്കളുമാണ് രാഷ്ട്ര ചേതനയെ പിടികൂടിയ പരാജയത്തിന് കാരണമെന്ന് അദ്ദേഹം അടിക്കടി ഓർമപ്പെടുത്തി. സത്യസന്ധരും കർമോത്സുകരുമായ യുവസമൂഹത്തിന് മാത്രമേ ദാരിദ്ര്യത്തിന്റെ നീർച്ചുഴിയിൽ നിന്ന് രാഷ്ട്രത്തെ കരകയറ്റാനും അഴിമതിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് മോചിപ്പിക്കാനും കഴിയൂയെന്ന് വിശ്വസിച്ച കലാം, ഔേദ്യാഗിക ജീവിതത്തിലും ശേഷവും ഇന്ത്യയൊട്ടുക്കുമുള്ള യുവാക്കളെ അതിനുവേണ്ടി പ്രചോദിപ്പിക്കുകയും 2020ൽ വികസിതമായ ഇന്ത്യ പുലരാൻ അഭിലഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മുൻനിർത്തി വരുംതലമുറയെ പ്രചോദിപ്പിക്കാനും പ്രകാശിപ്പിക്കാനും ഉതകുന്ന കനപ്പെട്ട രചനകൾ അദ്ദേഹം തന്റെ തിരക്ക് പിടിച്ച ജീവിത കാലയളവിൽ നിർവഹിച്ചു. Wings of fire, Ignited minds, Spirit of India, Forge your future, Governance for growth in India, You are born to blossom തുടങ്ങിയവ അതിൽ പ്രാധാന്യമർഹിക്കുന്നു. നടപ്പിലും കുതിപ്പും കിതപ്പിലുമെല്ലാം കൂടെയുള്ളവർക്ക് പ്രചോദനമാകുന്ന കലാമിന് അസാമാന്യ പ്രതിഭാത്വമുണ്ടാക്കുന്നതിലും മനുഷ്യസ്‌നേഹിയാക്കുന്നതിലും തുടക്കത്തിൽ പരാമർശിച്ച കുട്ടിക്കാലാനുഭവം ചെറുതായൊന്നുമല്ല സ്വാധീനിച്ചതെന്ന് കലാം തന്നെ ഒരുപാട് വേദികളിൽ പറഞ്ഞിട്ടുണ്ട്.
മതിയായ സ്വാതന്ത്ര്യവും ശരിയായ ശിക്ഷണവുമുണ്ടെങ്കിൽ ഇന്ത്യയിലെ യുവാക്കൾക്ക് രാജ്യത്തെ ഉന്നതങ്ങളിൽ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു; അതിനുവേണ്ടി ഉന്നത സ്വപ്‌നങ്ങൾ കാണണമെന്നും. വികസിത ഇന്ത്യക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നേറിയാൽ മാത്രമേ കുറഞ്ഞവിലക്ക് തൊഴിൽശേഷിയും അസംസ്‌കൃതവസ്തുക്കളും വിറ്റ് മറ്റ് രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപുലമായ കമ്പോളമായി തുടരാൻ നമ്മെ നിർബന്ധിതരാക്കുന്ന ശക്തികളിൽ നിന്ന് മോചനം നേടാൻ കഴിയൂവെന്ന് കലാം ഉത്‌ബോധിപ്പിച്ചു കൊണ്ടിരുന്നു.
വിദ്യാഭ്യാസത്തിന് വലിയ വില കൽപ്പിച്ച അദ്ദേഹം 2015 ജൂലൈ 17ന് ഷില്ലോംഗ് ഐ ഐ എമ്മിലെ വിദ്യാർഥികളുമായി “ആവാസ യോഗ്യമായ ഒരു ഭൂമിയെ സൃഷ്ടിക്കാം” എന്ന വിഷയത്തിൽ സംവദിക്കവേ കാലയവനികയിലേക്ക് മറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ വെച്ച RIPയുടെ വിശദീകരണം Rest In Peaceന് പകരം “Return If Possible” എന്നായിരുന്നു. ജൂലൈ 27 വരുമ്പോഴെല്ലാം ഒരോ ശരാശരി ഇന്ത്യക്കാരനും ഒരു പിടച്ചിലോടെ അതാഗ്രഹിക്കുന്നു. വിശേഷിച്ചും 2020ലേക്ക് നടന്നടുക്കുന്ന ഇന്ത്യക്ക് ബാക്കി വെച്ച സ്വപ്‌നങ്ങൾക്ക് വേണ്ടി കലാം വന്നെങ്കിൽ…

ആശിഖ് എൻ കെ കൂരാച്ചുണ്ട്
• ashikmuhammed180@gmail.com

Latest