Connect with us

Book Review

അതിരുകൾക്കപ്പുറത്തെ വിളിയാളങ്ങൾ

Published

|

Last Updated

യാത്രകളിലെ ജൈവികതയെ പുണരുന്നവർ നന്നേ കുറവായിരിക്കാം. എന്നാൽ, അതിലും പരിമിതപ്പെട്ടതാണ് സഞ്ചാരത്തിലെ ഓരോ നിമിഷത്തെയും മറ്റുള്ളവർക്കും കൂടി പകരുന്ന അനുഭവങ്ങളായി, ഹഠാദാകർഷിക്കുന്ന ഓർമകളായി പകുത്തുനൽകുക എന്നത്. ലോകം ചുറ്റിക്കാണാനും ഭൂഗോളത്തെ തങ്ങളുടെ കാൽക്കീഴിലാക്കാനും തത്പരരാണ് ജനത. വിശാലമായ അവസരങ്ങൾ കെട്ടിപ്പിണഞ്ഞ് കിടക്കുമ്പോഴും യാത്രകളുടെ അന്തസ്സത്ത കൈമാറുന്ന കാര്യത്തിൽ പലരും മിക്കപ്പോഴും പരാജയം രുചിക്കാറുണ്ട്. “ദിക്കുകളുടെ വിളി കേട്ട്” എന്ന ഒരു കൂട്ടം വിദ്യാർഥികളുടെ യാത്രാകുറിപ്പുകളുടെ സമാഹാരം ഈ പ്രതിസന്ധികളുടെ നൂലാമാലകളെ സ്വതസിദ്ധ ആഖ്യാനത്തിലൂടെയും ഭാഷാവൈഭവത്തിലൂടെയുമാണ് ചെറുക്കുന്നതും അതിജയിക്കുന്നതും.

കേട്ടറിവുകളേക്കാൾ അനുഭവിച്ചറിയുമ്പോഴാണ് സ്പന്ദനമേറുകയെന്നും അതിരുകളെ ആനന്ദകരമായി തരണം ചെയ്യണമെന്നും തെര്യപ്പെടുത്തുന്നുണ്ട് പുസ്തകത്തിലെ ഓരോ താളും. നേപ്പാൾ, മ്യാൻമർ, ഇന്തോനേഷ്യ, ശ്രീലങ്ക, ഒമാൻ, മലേഷ്യ എന്നീ രാഷ്ട്രങ്ങളുടെ പുറംമോടിക്കപ്പുറം അതാതുനാടുകളിലെ മുസ്‌ലിം സമൂഹത്തിന്റെ മിടിപ്പും തുടിപ്പും കനപ്പെട്ട ഉള്ളടക്കത്തിന്റെ പിൻബലത്തിൽ വാങ്മയചിത്രങ്ങളായി വികസിപ്പിച്ചെടുക്കുന്ന ദൗത്യത്തിൽ എഴുത്തുകാർ കൈയടക്കം പുലർത്തുന്നുവെന്നത് പറയാതെ വയ്യ. കേവലം നാടുകാണലുകളിലൊതുക്കാതെ സന്ദർശിച്ച രാഷ്ട്രങ്ങളുടെ നേർചിത്രങ്ങളിലൂടെ കൃത്യമായി സഞ്ചരിക്കുന്നത് വഴി വായനക്കാരിൽ ഉൾവിളികളുയർത്തുകയാണ് ഓരോ യാത്രാകുറിപ്പും. വായനയുടെ ഒരു ഘട്ടമാകുമ്പോഴേക്കും വേദനകളിൽ നൊമ്പരപ്പെട്ടും ദേശങ്ങളുടെ രുചിവൈഭവത്തിൽ കൊതിയൂറിയും പ്രകൃതിയുടെ വർണ ശില്പങ്ങളിൽ അത്ഭുതസ്തംബ്ധരായും വായനക്കാരനും യാത്രാ സംഘത്തിലൊരാളായി പരിണമിക്കുന്നുണ്ട്.

ഓരോ സന്ദർശന കേന്ദ്രവും കാഴ്ചയും വാക്കുകളായി രൂപപ്പെട്ടുവരുമ്പോഴേക്കും ഇഴയടുപ്പത്തോടെ അതുസംബന്ധിച്ച സർവസ്വവും യാതൊരു വിധത്തിലുള്ള ചേരുവകളും മറന്നു പോകാതെ സംയോജിപ്പിക്കുന്നയിടത്താണ് യഥാർഥത്തിൽ “ദിക്കുകളുടെ വിളി കേട്ട്” എന്ന യാത്രാവിവരണം വ്യതിരിക്തമാകുന്നത്. എന്നാൽ, ഈ പ്രക്രിയയാകട്ടെ ഒരു സ്വാഭാവികതയെന്നോണം പുസ്തകത്തിന്റെ ആദ്യാവസാനം ചോർന്നു പോകാത്ത തരത്തിൽ സംവിധാനിക്കപ്പെടുകയും ചെയ്തു. കൃത്യമായ വിവരങ്ങളും അറിവുകളും പകർന്നു നൽകുന്ന പുസ്തകത്തിന്റെ സരളവും സരസവും സുഗമവുമായ ഒഴുക്കിനൊത്ത് നീങ്ങുന്ന അനുവാചകരെ, അവസാന താളെത്തുമ്പോഴേക്കും ഒരു പക്ഷേ എന്തെന്നില്ലാത്ത നഷ്ടബോധം കീഴടക്കിയിട്ടുണ്ടാകും.

ദിക്കുകൾ തേടുന്ന ഈ യാത്രകളുടെ വായന വൃഥാവിലാകില്ലെന്നത് ഉറപ്പ്. അതിനുമപ്പുറം പുസ്തകത്തിന്റെ പിൻകുറിയിലുള്ളതുപോലെ ഉള്ളം നിറയെ പ്രാർഥനകളും മനസ്സ് മുഴുവൻ സ്‌നേഹവുമായി കൈയിലൊരു വെളിച്ചവുമേന്തി അതിരുകൾ ഭേദിക്കാൻ ഈ കൃതി നമ്മെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും എന്നത് വെറുംവാക്കല്ല, മറിച്ചൊരു തീർച്ചപ്പെടുത്തലാണ്. 184 പേജുള്ള പുസ്തകത്തിന് 100 രൂപയാണ് വില. പ്രസാധകർ: ഗ്ലോക്കൽ മീഡിയ, മർകസ് ഗാർഡൻ.
.

Latest