ലാൽകുവാൻ ഗല്ലിയിലെ വെള്ളരിപ്രാവുകൾ

ചർച്ചകൾക്ക് ശേഷം നഗരത്തിലെത്തിയ ഹിന്ദു ജാഥക്ക് അമൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. പ്ലക്കാർഡുകളേന്തി ഇരു വിഭാഗവും തോളിൽ കൈയിട്ട് സെൽഫിയെടുത്തു. ഇവിടെ ഞങ്ങളൊന്നാണെന്ന് വിളംബരം ചെയ്തു. അവർ പരസ്പരം തൊപ്പിയും കുറിയും കൈമാറി. പിറ്റേന്ന് നഗരം ഒന്നും സംഭവിക്കാത്തതുപോലെ ഉണർന്നു. ലോഡുകളുമായി ഉന്തുവണ്ടികൾ പുരാനദില്ലി റെയിൽവേ സ്‌റ്റേഷനിലേക്ക് നീങ്ങി.
Posted on: July 22, 2019 5:40 pm | Last updated: July 22, 2019 at 5:42 pm
ജമാലുദ്ദീൻ സിദ്ദീഖിയും താരാ ചന്ദ് സക്‌സേനയും

പുരാനാദില്ലിയിലെ ലാൽകുവാൻ ഗല്ലിയിൽ ജൂൺ 30ന് അർധ രാത്രി ഇരുവിഭാഗങ്ങൾ തമ്മിൽ ഒരു സംഘർഷം ഉടലെടുത്തിരുന്നു. വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ട വ്യാജ സന്ദേശങ്ങളുടെ അനന്തരഫലമായിരുന്നു ഒറ്റരാത്രി കൊണ്ടുതന്നെ ഒരു മഹാനഗരത്തെ കത്തിക്കാൻ പോന്ന ആ സംഘർഷം രൂപപ്പെട്ടത്. വ്യാജ സന്ദേശങ്ങൾ കിട്ടിയവർ സ്വന്തം വകയിൽ ചിലത് കൂട്ടിച്ചേർത്ത് എരിതീയിൽ എണ്ണയൊഴിച്ച് മറ്റുള്ളവർക്ക് കൈമാറിക്കൊണ്ടിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ ലാൽകുവാൻ തെരുവ് സംഘർഷഭൂമിയായി. ഇരു ഭാഗത്തും പോർവിളികളും പ്രതിഷേധ മാർച്ചുകളുമായി. നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. പോലീസും സി ആർ പി എഫും പ്രദേശം വളഞ്ഞു. ചാന്ദിനി ചൗക്ക് നഗരം മുഴുവൻ രണ്ട് ദിവസം നിശ്ചലമായി. ഈ നിർണായക സന്ധിയിൽ, മാനവികത ചോർന്നുപോകാത്ത ചിലർ പ്രശ്‌നം പരിഹരിക്കാനായി ഒത്തുചേർന്നു. ഉത്തരേന്ത്യ അത്ര കണ്ടുപരിചയിച്ചിട്ടില്ലാത്ത ഒരു മാതൃകയായിരുന്നുവത്. ഇരു വിഭാഗത്തു നിന്നുമായി കുറെ പേർ ചേർന്ന് പ്രശ്‌നം ചർച്ച ചെയ്ത് തീർക്കാൻ തീരുമാനിച്ചു. പോലീസും നാട്ടുകാരും രാഷ്ട്രീയ പാർട്ടി നേതാക്കളും ചേർന്ന് പ്രശ്ങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിച്ചു.

വൈകാരികത മാത്രം കൈമതലുണ്ടായിരുന്നൊരു ജനതക്ക് വിവേകം വെക്കുന്നുവെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആ സംഭവം. അമൻ (സമാധാനം) എന്നുപേരുള്ള പ്രദേശത്തെ ഒരു മതേതര കൂട്ടായ്മയുടെ പരിശ്രമ ഫലമായിരുന്നു ഇത്.

രണ്ട് വ്യക്തികളുടെ തർക്കം വഴിമാറിയ വിധം

ഡൽഹി ജുമാ മസ്ജിദിൽ നിന്ന് രണ്ട് കിലോമീറ്റർ വടക്ക്് മാറിയാണ് ലാൽകുവാൻ തെരുവ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ പ്രധാന മാർക്കറ്റുകളിലൊന്നായ ചാന്ദ്നി ചൗക്കിന്റെ ഭാഗമാണിത്. ഈ തെരുവുകളിലെല്ലായിടത്തും ചെറുതും വലുതുമായി ധാരാളം മുസ്‌ലിം പള്ളികളും ഹിന്ദു ക്ഷേത്രങ്ങളുമുണ്ട്. ഇവയിലൊന്നായ ദുർഗാ മന്ദിറിന് നേരെ അക്രമം നടന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ടതായിരുന്നു കലാപശ്രമത്തിലേക്ക് നയിച്ച പ്രധാന വാട്‌സ്ആപ്പ് സന്ദേശം. ദുർഗാ മന്ദിറിന് നേരെ മുസ്‌ലിംകൾ കല്ലെറിയുന്നുവെന്ന ഒരു വീഡിയോ സന്ദേശമായിരുന്നുവത്. ഒരു കലാപത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്ത് അതേ വീഡിയോ നഗരത്തിലെ ഓരോരുത്തരുടെയും മൊബൈൽ ഫോണുകളിലെത്തി. വ്യാജ സന്ദേശം ഒന്നായിരുന്നില്ല. പല വിധത്തിലായിരുന്നു. ഹിന്ദു യുവാവിനെ മുസ്‌ലിം ചെറുപ്പക്കാരൻ തല്ലിയെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഹിന്ദു പെൺകുട്ടിയെ മുസ്‌ലിം യുവാവ് അക്രമിച്ചെന്നായി ചിലത്. മുസ്‌ലിം യുവാക്കൾക്കിടയിലും വ്യാപകമായ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. ഹിന്ദു കുടുംബം അക്രമിച്ചതിനെ തുടർന്ന് ഒരു മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതിലൊന്ന്. കുറെ കലാപങ്ങൾ കണ്ട ഡൽഹിക്ക്, നിയമം ആൾക്കൂട്ടത്തിന്റെ കൈയിലെത്താൻ ധാരാളമായിരുന്നു ആ വീഡിയോകൾ. പ്രദേശത്ത് ആൾക്കൂട്ടം തടിച്ചുകൂടി. വാഗ്വാദങ്ങളായി, ചേരികളായി തിരിഞ്ഞ് പോർവിളികളായി.
യഥാർഥത്തിൽ ഒരു ചെറിയ കടയുടെ മുന്നിൽ ഒരാൾ ബൈക്ക് നിർത്തിയതിനെ തുടർന്ന് നടന്ന കശപിശയാണ് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലേക്കും കലാപ ശ്രമത്തിലേക്കും നയിച്ചത്. ലാൽകുവാൻ ഗല്ലിയിലെ ഹിന്ദു വ്യക്തിയുടെ ചെറിയ കടയുടെ മുന്നിൽ മുസ്‌ലിം യുവാവ് ബൈക്ക് നിർത്തി. ഇതേ തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടായി. അടിപിടി നടന്നു. ഇതിന് ശേഷം പ്രദേശത്ത് തുടർച്ചയായി ചെറിയ ചെറിയ അടിപിടികൾ രൂപപ്പെട്ടു. ഇതോടൊപ്പം വാട്‌സ്ആപ്പിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവയെല്ലാം ചേർന്ന് ഒറ്റ രാത്രികൊണ്ട് വലിയൊരു കലാപത്തിനുള്ള വഴിയൊരുങ്ങുകയായിരുന്നു. ദുർഗാ മന്ദിർ ആക്രമിക്കപ്പെട്ടുവെന്ന് പ്രചരിപ്പിക്കപ്പെട്ടതോടെ പ്രദേശത്ത് കലാപത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നു കഴിഞ്ഞിരുന്നു. ശോഭായാത്രയടക്കം നടത്തി ഹിന്ദു മനസ്സുകളെ വൈകാരികമാക്കാനുള്ള ശ്രമങ്ങളും നടന്നു. ഇതിനിടെയണ് വിവേകശാലികളായ ഒരു കൂട്ടം പേർ അമൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപെടുന്നത്.

അമൻ സമിതി
ഇടപെടുന്നു

കാൽ നൂറ്റാണ്ട് മുമ്പൊരു കലാപ കാലത്താണ് ഇതേ തെരുവിൽ അമൻ കമ്മിറ്റി രൂപപ്പെടുന്നത്. പ്രദേശത്തെ വ്യാപാര സമൂഹത്തിന്റെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് അമൻ കമ്മിറ്റി രൂപവത്കരിച്ചത്. പ്രധാനമായും ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ഉൾപ്പെടുന്നതാണ് അമൻ കമ്മിറ്റി. തെരുവിലെ പ്രധാനികൾ എന്നറിയപ്പെടുന്ന പത്തിരുപത് പേരാണ് കമ്മിറ്റിയംഗങ്ങൾ. ഇക്കുറി കലാപം ഉടലെടുത്തതോടെ പോലീസ് സഹായത്തോടെ അമൻ കമ്മിറ്റി പ്രശ്‌നത്തിൽ നേരിട്ടിടപെടുകയായിരുന്നു. അമൻ കമ്മിറ്റിയംഗം ജമാലുദ്ദീൻ സിദ്ദീഖിയും അമൻ കമ്മിറ്റി അംഗവും ദുർഗ മന്ദിർ കമ്മിറ്റിയംഗവുമായ താരാ ചന്ദ് സക്‌സേനയും മുൻകൈയെടുത്താണ് ചർച്ചകൾ പുരോഗമിച്ചത്. അമൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാൽകുവയിൽ എല്ലാവരേയും പങ്കെടുപ്പിച്ച് ഒരു സദസ്സ് സംഘടിപ്പിച്ചു. എല്ലാവരും ഈ തെരുവിൽ പഴയതുപോലെ ജീവിക്കുമെന്ന് പ്രഖ്യാപിച്ചു. ക്ഷേത്രത്തിനെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രദേശത്തെ മുസ്‌ലിംകൾ ആ കേടു തീർത്തുതരുമെന്ന് വാഗ്ദാനം ചെയ്തു. ഹിന്ദു സമൂഹം അത് സ്‌നേഹത്തോടെ നിരസിച്ചു.

ഈ പ്രദേശത്ത് നിന്നുള്ളവരല്ല മറിച്ച് പുറത്തു നിന്നുള്ളവരാണ് കലാപത്തിന് ശ്രമിച്ചതെന്ന് അമൻ കമ്മിറ്റി അംഗം ജമാലുദ്ദീൻ സിദ്ദീഖി പറയുന്നു. പ്രദേശത്ത് സംഘർഷം രൂപപ്പെട്ടതിനെ തുടർന്ന് ഇരുകക്ഷികളും ഇരുന്ന് ചർച്ച ചെയ്യുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. പ്രദേശത്ത് സംഘർഷം ഒഴിവാക്കി സമാധാനം സ്ഥാപിക്കുകയെന്നതായിരുന്നു ചർച്ചയിലൂടെ തങ്ങൾ ലക്ഷ്യമിട്ടത്. അതേ രീതിയിൽ തന്നെ ചർച്ച നടക്കുകയും ചെയ്തു. എല്ലാവരും ശാന്തിയാണ് ആഗ്രഹിക്കുന്നതെന്നും സംഘർഷങ്ങൾ കൊണ്ട് എന്ത് നേടാനാണെന്നും അദ്ദേഹം ചോദിക്കുന്നു. ചർച്ചക്ക് നേതൃത്വം നൽകിയ താരാജന്ദ് സക്‌സേനയും ഇതേ രീതിയിലാണ് സംസാരിക്കുന്നത്. സംഘർഷത്തിന്റെ പേരിൽ ചാന്ദ്നി ചൗക്ക് മുഴുവനായി രണ്ട് ദിവസം അടഞ്ഞുകിടന്നു. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഈയൊരു പ്രശ്‌നത്തിന്റെ പേരിൽ മാത്രമായി നഷ്ടപ്പെട്ടത്. ഇതുകൊണ്ടാണ് അമൻ കമ്മിറ്റി ഇടപെട്ടതെന്നും പ്രദേശത്ത് കാലങ്ങളായി എല്ലാവരും ഒരുമിച്ച് ജീവിക്കുന്നുണ്ടെന്നും താരാ ചന്ദ് പറയുന്നു. പ്രദേശത്തെ ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇതിന് പിന്നിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നാണ് അവർ ആഗ്രഹിക്കുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും ചൂണ്ടിക്കാട്ടുന്നു.

ചർച്ചകൾക്ക് ശേഷം നഗരത്തിലെത്തിയ ഹിന്ദു ജാഥക്ക് അമൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. പ്ലക്കാർഡുകളേന്തി ഇരു വിഭാഗവും തോളിൽ കൈയിട്ട് സെൽഫിയെടുത്തു. ഇവിടെ ഞങ്ങളൊന്നാണെന്ന് വിളംബരം ചെയ്തു. അവർ പരസ്പരം തൊപ്പിയും കുറിയും കൈമാറി. പിറ്റേന്ന് നഗരം ഒന്നും സംഭവിക്കാത്തതുപോലെ ഉണർന്നു. മഹാനഗരത്തിലെ ഹോൾസെയിൽ മാർക്കറ്റുകളിൽ സന്ദർശകരെത്തി. ലോഡുകളുമായി ഉന്തുവണ്ടികൾ പുരാനദില്ലി റെയിൽവേ സ്‌റ്റേഷനിലേക്ക് നീങ്ങി. ജാഗ്രതയെന്നോണം സി ആർ പി എഫും പോലീസും ഇടവിട്ട് ആ തെരുവിൽ സുരക്ഷാ ഉപകരണങ്ങളുമായി കൂട്ടമായി നിൽക്കുന്നുണ്ടായിരുന്നു.

ശാഫി കരുമ്പില്‍
[email protected]