തിരുവനന്തപുരത്ത് യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം: നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരുക്ക്

Posted on: July 22, 2019 1:12 pm | Last updated: July 22, 2019 at 5:40 pm

തിരുവനന്തപുരം/ കോഴിക്കോട്: തിരുവനന്തപുരത്തും കോഴിക്കോടും യൂത്ത്‌കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വന്‍
സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് നിരാഹാര സമരം നടത്തുന്ന കെ എസ് യുക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും പി എസ് സി പരീക്ഷാ ക്രമക്കേട് ആരോപിച്ചും സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധം നടന്നത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കാണ് പ്രതിഷേധം നടന്നത്. സെക്രട്ടേറിയറ്റ് പരിസരത്ത് എത്തിയ ഉടന്‍ മാര്‍ച്ചിന്റെ മുന്‍നിരയിലുള്ളവര്‍ പോലീസ് ബാരിക്കേഡിന് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. ബാരിക്കേഡിന് മുമ്പില്‍ ഇവര്‍ കൊടി നാട്ടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഒരു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എം പി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇതിനിടെ പ്രവര്‍ത്തകര്‍ ചിലര്‍ പോലീസിന് നേരെ തിരിഞ്ഞതോടെ പോലീസ് ഇവരെ വിരട്ടിയോടിച്ചു. എം ജി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും പോലീസ് തടഞ്ഞിരിക്കുകയാണ്.  ഇതിനിടെ പോലീസിന് നേരെ കുപ്പിയും വടിയും കല്ലും പോലീസ് വലിച്ചെറിഞ്ഞു. ഇതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനകരമായ മുദ്രാവാക്യങ്ങളും വ്യാപക കല്ലേറും തുടരുന്നതിനാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷത്തില്‍ ഏതാനും പ്രവര്‍ത്കര്‍ക്കും പോലീസിനും പരുക്കേറ്റിട്ടഉണ്ട്.

അക്രമം നടത്തിയ പ്രവര്‍ത്തകര്‍ സമരപന്തലിന് സമീപം കേന്ദ്രീകരിച്ചതോടെ പോലീസും ഇവിടേക്ക് നീങ്ങി. അനിശ്ചിതകാല നിരാഹര സമരം നടത്തുന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കോഴിക്കോട്ടെ സംഘര്‍ഷത്തില്‍ നാല് കെ എസ് യു, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കര്‍ക്ക് പരുക്കേറ്റു. കലക്ടറേറ്റ് പരിസരത്തെ പി എസ് സി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. നൂറ്കണക്കിന് പ്രവര്‍ത്തകരുമായി കലക്ടറേറ്റ് പരിസരത്ത് എത്തിയ മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതിലാണ് ഏതാനും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോഴിക്കോട്- വയനാട് പാത ഉപരോധിച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപതായില്‍ ഗതാഗതം മുടങ്ങി.