കൗണ്ട്ഡൗൺ പുരോഗമിക്കുന്നു; ചാന്ദ്രയാൻ 2 ഇന്നുയരും

Posted on: July 22, 2019 2:23 am | Last updated: July 22, 2019 at 11:01 am

ചാന്ദ്രയാൻ- രണ്ട് ഇന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായുള്ള ഇരുപത് മണിക്കൂർ കൗണ്ട്ഡൗൺ ഇന്നലെ വൈകീട്ട് 6.43ന് തുടങ്ങി.

വിക്ഷേപണ വാഹനമായ ജി എസ് എൽ വി മാർക്ക്- മൂന്ന് റോക്കറ്റിൽ ഇന്ധനം നിറക്കുന്ന പ്രവൃത്തിയും തുടങ്ങി. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറക്കുക. ജൂലൈ 15ന് സാങ്കേതിക തകരാർ കാരണമാണ് വിക്ഷേപണം മാറ്റിയത്.

ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡർ, ഉപരിതലത്തിൽ പര്യവേക്ഷണം നടത്താനുള്ള റോവർ എന്നിവ ഉൾപ്പെടുന്നതാണ് പേടകം. ലാൻഡർ സുരക്ഷിതമായി ചന്ദ്രനിൽ ഇറക്കിയാൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം മുന്പ് കൈവരിച്ചത്.
സെപ്തംബർ ആറിന് തന്നെ ചന്ദ്രനിലിറങ്ങുന്നതിനായി യാത്രാ പദ്ധതിയിലടക്കം മാറ്റങ്ങൾ വരുത്തി. നേരത്തേ 28 ദിവസം വലംവെച്ച ശേഷം ലാൻഡറിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചിട്ടുണ്ട്.