Connect with us

Kerala

പിരിവെടുത്ത് കാർ വാങ്ങേണ്ടെന്ന് രമ്യാ ഹരിദാസ്

Published

|

Last Updated

തിരുവനന്തപുരം: പിരിവെടുത്ത് തനിക്ക് കാർ വാങ്ങേണ്ടെന്ന് യൂത്ത്‌ കോൺഗ്രസിനോട് ആലത്തൂർ എം പി രമ്യാ ഹരിദാസ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് യൂത്ത്‌ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് രമ്യ ഇക്കാര്യം അറിയിച്ചത്. കെ പി സി സി പ്രസിഡന്റ്ഒരു വാക്ക് പറഞ്ഞാൽ അത് അനുസരണയോടെ സ്വീകരിക്കുമെന്നും എന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നത് ശപഥമാണെന്നും രമ്യ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

എം പിക്ക് പിരിവെടുത്ത് കാർ വാങ്ങുന്നതിനെതിരേ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ രംഗത്തുവന്നിരുന്നു. മഹീന്ദ്രയുടെ മരാസോ കാർ ആണ് എം പിക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നത്. ആഗസ്റ്റ് ഒന്പതിന് രമേശ് ചെന്നിത്തല നേരിട്ടെത്തി രമ്യാ ഹരിദാസിന് കാറിന്റെ താക്കോൽ കൈമാറാനും തീരുമാനിച്ചിരുന്നു. വിവാദം ചർച്ച ചെയ്യാൻ യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. രമ്യ തന്നെ കാർ വേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തിൽ നീക്കം ഉപേക്ഷിക്കും.

ആലത്തൂർ പാർലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ കീഴിലാണ് രമ്യാ ഹരിദാസിന് കാർ വാങ്ങുന്നതിന് 1000 രൂപ രശീതിൽ അച്ചടിച്ച് പിരിവ് തുടങ്ങിയത്. ഓരോ മണ്ഡലം കമ്മിറ്റിക്കും രണ്ട് ലക്ഷം രൂപ വീതമായിരുന്നു ക്വാട്ട. യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം പ്രസിഡന്റ്പാളയം പ്രദീപിന്റെ ഒപ്പോടെയായിരുന്നു രസീത്. പണിപ്പിരിവ് ആരംഭിച്ചതിന് പിന്നാലെ തന്നെ വിവാദമായി. സമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം ഉയർന്നു. എം പി യെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷം രൂപ ശമ്പളവും അലവൻസും ഉള്ളതിനോടൊപ്പം സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവൻസ് എന്നിവ വേറെയുണ്ടെന്നിരിക്കെ എന്തിനാണ് പിരിവെന്നായിരുന്നു ചോദ്യം. എം പി അപേക്ഷിച്ചാലുടൻ ഈടില്ലാതെ ദേശസാത്കൃത ബേങ്കുകൾ വാഹന വായ്പ നൽകണമെന്ന നിർദേശമുണ്ടായിട്ടും പണപ്പിരിവ് നടത്തുന്നതിനെതിരെ പാർട്ടിക്കുള്ളിലും വിമർശം ഉയർന്നു.

Latest