Connect with us

Uae

ബലിപെരുന്നാൾ: അബുദാബിയിൽ ആദ്യ ദിനം ബലി അറുക്കുന്നത് എണ്ണായിരത്തിലധികം മൃഗങ്ങൾ

Published

|

Last Updated

അബുദാബി: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ആദ്യ ദിനം അബുദാബിയിൽ ബലി അറുക്കുന്നത് എണ്ണായിരത്തിലധികം മൃഗങ്ങൾ. ഇതിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചതായി അബുദാബി മുൻസിപ്പാലിറ്റി  വ്യക്തമാക്കി. അറവുശാലകളുടെ പ്രവർത്തനം നിരീക്ഷിക്കാനും കശാപ്പ് രീതികൾ വിലയിരുത്താനും മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരുമടങ്ങുന്ന സംഘം നേരിട്ടെത്തും.

മുതിർന്നവർക്കും നിശ്ചയദാർഢ്യക്കാർക്കുമാണ് അറവ് ശാലകളിൽ പ്രഥമ പരിഗണന നൽകുക. മാംസം കൃത്യതയോടെ വിതരണം ചെയ്യാൻ പ്രത്യേകം തയ്യാറാക്കിയ ഐസ് ബോക്സുകൾ അംഗീകൃത അറവ് ശാലകളിൽ നൽകുമെന്ന് മുൻസിപ്പാലിറ്റി പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: സായിദ് ഖർവാഷ് അൽ റുമൈതി പറഞ്ഞു. താമസകേന്ദ്രങ്ങളിൽ വച്ചോ, ഫാമുകളിൽ വച്ചോ അശാസ്ത്രീയമായി മൃഗങ്ങളെ കൊല്ലുന്നത് ശിക്ഷാർഹമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അശാസ്ത്രീയമായ രീതിയിൽ സ്വകാര്യ സ്ഥലങ്ങളിൽ നടക്കുന്ന മൃഗബലികൾ ആരോഗ്യ സുരക്ഷയെബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിസ്ഥിതി മലിനീകരണത്തിനും കാരണമാവും. അംഗീകൃത അറവ് ശാലകളിൽ നിന്നല്ലാതെ മൃഗങ്ങളെ അറവ് ചെയുന്നത് അയ്യായിരം ദിർഹം വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യമാണ്.

രാവിലെ ആറര മുതൽ വൈകിട്ട് ഏഴര വരെയാണ് അറവ് ശാലകൾ പ്രവർത്തിക്കുക. ആടിനെയും ചെമ്മരിയാടിനെയും അറവ് ചെയ്യുന്നതിന് 15 ദിർഹമാണ് നിരക്ക്. കിടാവ്, ചെറിയ ഒട്ടകങ്ങൾ എന്നിവയ്ക്ക് 40 ദിർഹവും വലിയ പശു, ഒട്ടകങ്ങൾ എന്നിവയ്ക്ക് 60 ദിർഹവുമാണ് നിരക്ക്.

Latest