ഡി രാജ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി

Posted on: July 21, 2019 4:40 pm | Last updated: July 21, 2019 at 4:40 pm

ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച പാര്‍ട്ടി ദേശീയ കൗണ്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. ജെ.എന്‍.യു സമരനേതാവ് കനയ്യ കുമാറിനെ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയിലും ഉള്‍പ്പെടുത്തി.

സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയാണ് ഡി രാജയെ നിര്‍ദേശിച്ചത്. എ ഐ ടി യു സി സെക്രട്ടറി അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നായിരുന്നു കേരളം, തമിഴ്‌നാട്, പഞ്ചാബ് ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭിന്നതകള്‍ പാടില്ലെന്ന സുധാകര്‍ റെഡ്ഢിയുടെ നിര്‍ദേശം ഈ ഘടകങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

2012 മുതല്‍ സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന സുധാകര്‍ റെഡ്ഢി അനാരോഗ്യം ചൂണ്ടിക്കാട്ടി രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് ദളിത് നേതാവ് എത്തുന്നത് ഇതാദ്യമാണ്.