Ongoing News
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തന്നെ നായകന്‍, ധവാന്‍ തിരിച്ചെത്തി

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി ട്വന്റി, ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്നു വിഭാഗങ്ങളിലും വിരാട് കോലി തന്നെയാണ് സ്‌ക്വാഡിനെ നയിക്കുക. ലോകകപ്പില്‍ പരുക്കേറ്റു മടങ്ങിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഏകദിന സംഘത്തില്‍ മടങ്ങിയെത്തി. മനീഷ് പാണ്ഡെ, നവ്ദീപ് സെയ്‌നി എന്നിവര്‍ ഏകദിന, ടി ട്വന്റി മത്സരങ്ങളില്‍ കളിക്കും. ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍ ആണ് ടി ട്വന്റിയിലെ പുതുമുഖം.
ടെസ്റ്റിനുള്ള സംഘത്തിലേക്ക് രോഹിത് ശര്‍മയെ തിരിച്ചുവിളിച്ചപ്പോള്‍ ഏകദിനത്തില്‍ ജസ്പ്രീത് ബുംറക്കും ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമമനുവദിച്ചു. അതേസമയം, ടെസ്റ്റില്‍ ബുംറയെ കളിപ്പിക്കും. പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ എന്നിവരും സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരും ടെസ്റ്റിനുള്ള ബൗളിംഗ് സ്‌ക്വാഡിലുണ്ട്. കോലിക്കും രോഹിതിനുമൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെയും ഏകദിന, ടി ട്വന്റി, ടെസ്റ്റ് സ്‌ക്വാഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വൃദ്ധിമാന്‍ സാഹ ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം ടെസ്റ്റ് സ്‌ക്വാഡില്‍ ഇടം നേടി. 2018 ജനുവരി 18ന് ദക്ഷിണാഫ്രിക്കക്കെതിരെ കേപ് ടൗണില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് സാഹ ഏറ്റവുമവസാനം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. ഈ മത്സരത്തില്‍ തോളിന് പരുക്കേറ്റതിനെ തുടര്‍ന്ന് പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ നിന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സാഹ ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തു.
അടുത്ത രണ്ടു മാസം സൈനിക സേവനത്തിനു പോകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മുന്‍ നായകന്‍ എം എസ് ധോണിയുടെ സേവനം ഏകദിനത്തില്‍ ഇന്ത്യക്കു നഷ്ടമാകും.
എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബി സി സി ഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ആഗസ്റ്റ് മൂന്നു മുതല്‍ 30 വരെ നടക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ മൂന്ന് വീതം ഏകദിന, ടി ട്വന്റി മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്.
ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്‌നി.
ടി ട്വന്റി: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി.
ടെസ്റ്റ്: വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, സി പൂജാര, ഹനുമാന്‍ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.