നോളേജ് സിറ്റിയില്‍ വിശാലമായ ലൈബ്രറി: പുസ്തകങ്ങള്‍ ശേഖരിച്ചു തുടങ്ങി

Posted on: July 20, 2019 8:38 pm | Last updated: July 20, 2019 at 8:38 pm

നോളേജ് സിറ്റി: മര്‍കസ് നോളേജ് സിറ്റിയില്‍ ആരംഭിക്കുന്ന അതിവിശാലമായ ലൈബ്രറിയിലേക്ക് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള വ്യത്യസ്തയാളുകളില്‍ നിന്നും പുസ്തകങ്ങളും ഇസ്ലാമിക കിതാബുകളും ശേഖരിച്ചുതുടങ്ങി. തിരുവനതപുരം ജില്ലയിലെ കെഎം മൂസ മൗലവിയില്‍ നിന്നും രണ്ടുലക്ഷം രൂപയുടെ കിതാബുകള്‍ സ്വീകരിച്ചാണ് പുസ്തക ശേഖരണത്തിന് ഔദ്യോഗിക തുടക്കമായത്.

നോളേജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററിനും ശരിഅ സിറ്റിക്കും സമീപത്തായി ഏകദേശം അന്‍പതിനായിരം ചതുരശ്ര അടിയില്‍ മൂന്നുനില കെട്ടിടമാണ് ലൈബ്രറിക്ക് വേണ്ടി ഒരുങ്ങുന്നത്. ലോകത്ത് ലഭ്യമായ ഓണ്‍ലൈന്‍ പുസ്തക ഉറവിടങ്ങള്‍ക്കുള്ള പ്രത്യേകം സെക്ഷനു പുറമെ എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഭാഗങ്ങളും ലൈബ്രറിയില്‍ സജ്ജീകരിക്കുന്നുണ്ട്. നിലവില്‍ വായിക്കപ്പെടേണ്ട എല്ലാ ജേര്‍ണലുകളും മാഗസിനുകളും സംവിധാനിക്കാന്‍ പ്രത്യേകം ഭാഗം തന്നെ ലൈബ്രറിയില്‍ ഉണ്ടാകും. ഇസ്ലാമിക കിതാബുകള്‍ക്കും ആനുകാലികങ്ങള്‍ക്കുമുണ്ടാകും പ്രത്യേകം ഭാഗങ്ങള്‍.

നോളേജ് സിറ്റി ലൈബ്രറിയില്‍ പൊതുജങ്ങള്‍ക്കും പങ്കാളിത്തത്തിനായി പ്രത്യേകം പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പുസ്തകം മുതല്‍ ഒരു ഷെല്‍ഫ് പുസ്തകങ്ങളും ഒരു കോര്‍ണര്‍ പുസ്തകങ്ങളുമെല്ലാം ലൈബ്രറിയിലേക്ക് ഓഫര്‍ ചെയ്യാവുന്നതാണ്. മരണപ്പെട്ടവരുടെ മേല്‍ വഖ്ഫ് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കും. പുസ്തകങ്ങളോ കിതാബുകളോ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് നോളേജ് സിറ്റി ലൈബ്രറിയില്‍ ഫ്രീയായി മെമ്പര്‍ഷിപ്പും നല്കപ്പെടുമെന്നു ഡയറക്ടര്‍ ഡോ: എ.പി. അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു.