രാജ്യ തലസ്ഥാനത്തെ ആധുനിക വത്ക്കരിച്ച മരുമകള്‍

Posted on: July 20, 2019 7:04 pm | Last updated: July 20, 2019 at 10:02 pm

ന്യൂഡല്‍ഹി: ഷീല ദീക്ഷിതിന്റെ രാഷ്ട്രീയത്തോടും ഭരണ നിലപാടുകളോടും വിയോജിപ്പുള്ളവര്‍ പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. രാജ്യ തലസ്ഥാനത്തിന്റെ ആധുനിക മുഖം നല്‍കുന്നതില്‍ ഷീല വഹിച്ച പങ്ക്. തുടര്‍ച്ചയായി മൂന്ന് തവണ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായ ഷീലയുടെ ഭരണകാലത്താണ് പല ശ്രദ്ധേയ വികസന പദ്ധതികളും ഡല്‍ഹിക്ക് ലഭിച്ചത്. ലോകനിലവാരത്തിലുള്ള റോഡുകളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം ഒരു മാതൃകാ പദ്ധതി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ട ഡല്‍ഹി മെട്രോയുമെല്ലാം ഇതില്‍ ചിലത് മാത്രം.

1982ല്‍ രാജീവ് ഗാന്ധി ഏഷ്യന്‍ ഗെയിംസിന് വേണ്ടി തുടങ്ങി വച്ച വന്‍ പ്രോജക്ടുകളുടെയും സമുച്ചയങ്ങള്‍ വിപുലീകരിച്ചത് ഷീലാ ദീക്ഷിതാണ്. ഷീലയുടെ ഭരണകാലത്ത് ഡല്‍ഹിയില്‍ പണിതത് 87 ഫ്‌ളൈ ഓവറുകളാണ്. പൊതുഗതാഗത സംവിധാനം മുഴുവന്‍ മലിനീകരണ രഹിതമായി നിലനിര്‍ത്താന്‍ സി എന്‍ ജി യിലേക്ക് മാറ്റിയതും, റെക്കോഡ് വേഗത്തില്‍ ഡല്‍ഹി മെട്രോ പണി തീര്‍ത്തതും ഇങ്ങനെ നിരവധി വികസന പദ്ധതികള്‍ ഷീലാ ദീക്ഷിത് നടപ്പാക്കി.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉമാ ശങ്കര്‍ ദീക്ഷിതിന്റെ മകന്‍ വിനോദ് ദീക്ഷിതിന്റെ ഭാര്യയായാണ് ഷീല ഡല്‍ഹിയിലെത്തിയത്. കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പിന്നീട് മുന്നോട്ട്‌പോയത് ഷീലയിലൂടെയായിരുന്നു. പഞ്ചാബിലെ കപൂര്‍ത്തലയില്‍ ഒരു പഞ്ചാബി ഖത്ത്‌രി കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഷീലാ ദീക്ഷിത് വളര്‍ന്നത് ഡല്‍ഹിയിലാണ്. സ്‌കൂള്‍, കോളജ് പഠനകാലവുമെല്ലാം ഡല്‍ഹിയില്‍ പൂര്‍ത്തിായക്കിയ ഷീല ഡല്‍ഹിയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലേക്ക് മരുമകളായി എത്തുകയായിരുന്നു. കോളജ് കാലത്ത് വിനോദ് ദീക്ഷിതുമായി തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തില്‍ എത്തചുകയായിരുന്നുവെന്ന് ഷീല തന്റെ ആത്മകഥയായ ദില്ലി പൗരയെന്ന നിലയില്‍, എന്റെ കാലം, എന്റെ ജീവിതം എന്ന പുസ്തകത്തില്‍ പറയുന്നു.

നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നു ഷീല. കര്‍ക്കശ സ്വഭാവാക്കാരിയായി ഇവരുടെ നിലാപട് മറികടന്ന് ഒരു തീരുമാനം എടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് പോലും ഭയമായിരുന്നു. ഇതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ എ എ പിയുമായി കോണ്‍ഗ്രസിന് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ച കെജ്രിവാളിന്റെ പാര്‍ട്ടിയുമായി ഒരു സഖ്യവും വേണ്ടെന്ന് ഷീല വാശിപിടിക്കുകയായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, നരസിംഹ റാവു, രാഹുല്‍ ഗാന്ധി അങ്ങനെ ഏറ്റവും ഒടുവില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പവും കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഷീലാ ദീക്ഷിത് ഉണ്ടായിരുന്നു.