നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി അംഗീകരിച്ചു

Posted on: July 20, 2019 6:30 pm | Last updated: July 20, 2019 at 6:30 pm

ചണ്ഡിഘഢ്: പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അംഗീകരിച്ചു. അമരീന്ദര്‍ സിംഗുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ജൂണ്‍ 14നാണ് സിദ്ദു രാജിക്കാര്യം പ്രഖ്യാപിച്ചത്. ട്വീറ്ററിലൂടെ രാജിക്കത്ത് പുറത്തുവിടുകയായിരുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സിദ്ദു രാജിക്കത്ത് കൈമാറിയിരുന്നു. സിദ്ദുവിന്റെ രാജി അംഗീകരിച്ച മുഖ്യമന്ത്രി കത്ത് ഔദ്യോഗിക നടപടികള്‍ക്കായി ഗവര്‍ണര്‍ക്ക് അയച്ചു.

സിദ്ദുവിന്റെ ഭാര്യക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിലെത്തിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് എതിരെ സിദ്ദു പരസ്യമായി രംഗത്ത് വന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിദ്ദുവിനെ പ്രധാന വകുപ്പുകളുടെ ചുമതലയില്‍ നിന്ന് നീക്കിയത് ചേരിപ്പോര് രൂക്ഷമാക്കി. തദ്ദേശ സ്വയം ഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന സിദ്ദുവിന് ഊര്‍ജ വകുപ്പ് നല്‍കി മന്ത്രിസഭ പുനസംഘടിപ്പിച്ചുവെങ്കിലും സിദ്ദു ചുമലത ഏറ്റിരുന്നില്ല. നഗര മേഖലയില്‍ പാര്‍ട്ടിക്ക് വോട്ട് കുറയാന്‍ കാരണം നഗര വികസന മന്ത്രിയുടെ വിഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വകുപ്പ് മാറ്റം.