സംഘകൃഷിയും ചിട്ടിയും വിനോദ യാത്രയും; കോഴിക്കോട് പാര്‍ട്ടി വളര്‍ത്താന്‍ കോണ്‍ഗ്രസിന്റെ പുതിയ പദ്ധതികള്‍

Posted on: July 20, 2019 6:02 pm | Last updated: July 20, 2019 at 9:02 pm

കോഴിക്കോട്: സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. രണ്ട് പതിറ്റാണ്ടിലതികമായി ഒരു എം എല്‍ എ പോലും കോഴിക്കോട് നിന്നും ജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം ലഭിക്കുമ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഈ നാണംകെട്ട പ്രകടനം. താഴെക്കിടയില്‍ സംഘടന ഇല്ലാത്തതും നേതാക്കന്‍മാര്‍ക്ക് ഇടയിലെ കടുത്ത വിഭാഗീയതയും ജില്ലാ യു ഡി എഫിനുള്ളില്‍ ലീഗിനുള്ള അപ്രമാദിത്വവുമെല്ലാമാണ് ഇതിന് കാരണം.

പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയെ എങ്ങനെ ജില്ലയില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ആലോചിച്ച് ഡി സി സി ഒരു പുതിയ നീക്കത്തിലെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ബൂത്ത് കമ്മറ്റികളെ സജീവമാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് ഡി സി സി നേതൃത്വം.

വര്‍ഷത്തിലൊരിക്കല്‍ ബൂത്ത് കമ്മറ്റി അംഗങ്ങള്‍ക്കായി വിനോദ യാത്ര, സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാനായി ചിട്ടിയും സംഘകൃഷിയും ഇവയാണ് ഇതില്‍ പ്രധാനം. ജില്ലയിലെ 1274 ബൂത്ത് കമ്മിറ്റികളിലാണ് ഇവ നടപ്പാക്കാന്‍ പോകുന്നത്.

ബൂത്ത് ഫീല്‍ഡ് ഡയറിയില്‍ ബൂത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് കുടുംബങ്ങളുടേയും വിശദാംശങ്ങള്‍, ഓരോ പാര്‍ട്ടി്ക്കും ബൂത്തിലുള്ള വോട്ട്, അസോസിയേഷനുകള്‍, കിടപ്പുരോഗികള്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് രേഖയില്‍ പറയുന്നു. ഈ വിവരങ്ങള്‍ ബ്ലോക്ക് കമ്മറ്റികള്‍ നാല് മാസത്തിലൊരിക്കല്‍ പരിശോധിക്കും. ഭാരവാഹികളുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങണം. മാസത്തില്‍ ഒരിക്കല്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്ന് രേഖ പറയുന്നു.