തിരഞ്ഞെടുപ്പുകളിലെ പരാജയം; മൂന്ന് പാർട്ടികളുടെ ദേശീയ പദവി എടുത്തുകളഞ്ഞേക്കും

Posted on: July 20, 2019 12:14 pm | Last updated: July 20, 2019 at 3:27 pm

ന്യൂഡൽഹി: തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ മൂന്ന് പാർട്ടികളുടെ ദേശീയ പദവി എടുത്തുകളയുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. സി പി ഐ, തൃണമൂൽ കോൺഗ്രസ്, എൻ സി പി എന്നീ പാർട്ടികളുടെ ദേശീയ പദവി എടുത്തുകളയുന്നതിനുള്ള നടപടികളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയത്. ദേശീയ പാർട്ടി പദവി പിൻവലിക്കാതിരിക്കാൻ അടുത്ത മാസം അഞ്ചിനുള്ളിൽ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് കമ്മീഷൻ നോട്ടീസയച്ചു. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്തിയാണ് കമ്മീഷൻ നടപടിക്കൊരുങ്ങുന്നത്. ആഗസ്റ്റ് അവസാനത്തോടെ തീരുമാനമെടുക്കുമെന്നാണ് സൂചന.

നാല് സംസ്ഥാനങ്ങളിൽ ആറ് ശതമാനം വോട്ട്, നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി, മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ലോക്സഭയിൽ രണ്ട് ശതമാനം സീറ്റ്- ഈ മൂന്ന് യോഗ്യതകളിൽ ഒന്നെങ്കിലുമുണ്ടെങ്കിൽ ദേശീയ പാർട്ടിയായി തുടരാനാകും. നിലവിൽ മൂന്ന് പാർട്ടികൾക്കും ഇത് അവകാശപ്പെടാനില്ല. പദവി നഷ്ടപ്പെട്ടാൽ ഒരേ ചിഹ്നത്തിൽ രാജ്യത്ത് എല്ലായിടത്തും മത്സരിക്കാൻ പാർട്ടികൾക്ക് സാധിക്കില്ല. കേരളം, തമിഴ്നാട്, മണിപ്പൂർ സംസ്ഥാനങ്ങളിൽ മാത്രമാണ് സി പി ഐ സംസ്ഥാന പാർട്ടിയായുള്ളത്. ബംഗാളിലും ത്രിപുരയിലും തിരിച്ചടി നേരിട്ടതാണ് വിനയായത്. കോൺഗ്രസുമായും ഡി എം കെയുമായും സഖ്യമുണ്ടാക്കിയാണ് തമിഴ്നാട്ടിൽ പിടിച്ചുനിന്നത്. ബംഗാൾ, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ തൃണമൂൽ സംസ്ഥാന പാർട്ടി പദവി നിലനിർത്തിയെങ്കിലും അരുണാചലിൽ നഷ്ടപ്പെട്ടു. മേഘാലയ, ഗോവ സംസ്ഥാനങ്ങളിലെ തോൽവിയാണ് എൻ സി പിക്ക് തിരിച്ചടിയായത്.