കേരളത്തിന്റെ ലക്ഷ്യം അതിജീവനം മാത്രമല്ല

പ്രളയ കാലത്തെ കേരളത്തിന്റെ അതിജീവനം ലോകത്താകെ പ്രശംസിക്കപ്പെട്ടതാണ്. മാതൃകയാക്കാവുന്ന അനുഭവങ്ങളാണ് നാം ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ലഭിക്കേണ്ടുന്ന സഹായങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഇടപെടല്‍ ഉണ്ടായി. അത്തരം തടസ്സപ്പെടുത്തലുകള്‍ക്ക് മുന്നില്‍ നാം തളര്‍ന്നില്ല. അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാര്‍ഢ്യമായാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (ആര്‍ കെ ഐ) ഏറ്റെടുത്തത്. ഇത് സര്‍ക്കാറിന്റെ മാത്രം ഒരു പരിപാടിയല്ല. കേരളത്തിന്റെ വീണ്ടെടുപ്പ് കേവലം പുനര്‍ നിര്‍മാണമായല്ല, പുതിയ കേരളത്തിന്റെ സൃഷ്ടിയായാണ് വിഭാവനം ചെയ്യുന്നത്. പുനര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പരിപാടിയുടെ സമഗ്രമായ പരിചയപ്പെടുത്തലായിരുന്നു കോണ്‍ക്ലേവിന്റെ പ്രധാന അജന്‍ഡ. കോണ്‍ക്ലേവില്‍ കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ സമീപനമാണ് എല്ലാ പങ്കാളികളും സ്വീകരിച്ചത്. കഴിഞ്ഞ ആഗസ്തില്‍ എല്ലാം തകര്‍ന്നു എന്നു കരുതിയവരാണ് നാം. പ്രളയജലം കുത്തിയൊഴുകി വന്നപ്പോള്‍ കേരളത്തിന് ഇനി എന്തു ഭാവി എന്ന് ചിന്തിച്ചവരുണ്ട്. ആ നൈരാശ്യത്തെ പൂര്‍ണമായും ഇല്ലായ്മ ചെയ്ത് പ്രതീക്ഷയുടെ പുതിയ വെളിച്ചം പകരുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ് വികസന പങ്കാളികളുടെ കോണ്‍ക്ലേവ് എന്ന് നിസ്സംശയം പറയാം.
മുഖ്യമന്ത്രി
Posted on: July 20, 2019 8:00 am | Last updated: July 20, 2019 at 1:10 pm

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എത്തിനില്‍ക്കുകയാണ് കേരളം. അഞ്ച് ലക്ഷത്തിലേറെ പേരെയാണ് പ്രളയഘട്ടത്തില്‍ രക്ഷപ്പെടുത്തിയത്. 15 ലക്ഷം പേര്‍ പതിനായിരത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. വെള്ളം താഴ്ന്ന ശേഷം 6,93,287 വീടുകള്‍ വൃത്തിയാക്കേണ്ടിവന്നു. 14,657 മൃഗങ്ങളുടെയും ആറ് ലക്ഷത്തിലധികം പക്ഷികളുടെയും ശവം മൂന്ന് ദിവസം കൊണ്ട് മറവു ചെയ്തു. മൂന്ന് ലക്ഷം കിണറുകള്‍ അണുവിമുക്തമാക്കി. 6,92,966 കുടുംബങ്ങള്‍ക്കാണ് പതിനായിരം രൂപ വീതം അടിയന്തര ധനസഹായം നല്‍കിയത്. സംസ്ഥാനത്തെ എങ്ങനെ പ്രളയം ബാധിച്ചു എന്നതിന്റെ ഏകദേശ ചിത്രം ഈ കണക്കുകളില്‍നിന്ന് കിട്ടും.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം നഷ്ടപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചത്. 16,954 കിലോമീറ്റര്‍ റോഡിന്റെ കേടുപാടുകള്‍ തീര്‍ത്തു. 25.6 ലക്ഷം വൈദ്യുതി ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു. പൂര്‍ണമായി തകര്‍ന്ന 15,521 വീടുകളുടെ പുനര്‍ നിര്‍മാണം നടക്കുന്നു. പ്രളയ ബാധിതമായ എല്ലാ മേഖലകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു. അതിന്റെ അടുത്ത ഘട്ടമാണ് പുനര്‍ നിര്‍മാണം.

പുനര്‍ നിര്‍മാണം എങ്ങനെയാകണമെന്നതിന്റെ വ്യക്തമായ കാഴ്ചപ്പാട് വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെയും അവരുടെ പഠനങ്ങളുടെയും സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തിയത്. അതിന്റെ തുടര്‍ച്ചയായി റീബില്‍ഡ് കേരള വികസനപദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ജലവിഭവം, ശുചിത്വം, നഗരവികസനം, റോഡുകളും പാലങ്ങളും, ഗതാഗതം, വനസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ സമഗ്രമായി അപഗ്രഥിച്ചു. അതില്‍ നിന്നാണ് കേരള പുനര്‍ നിര്‍മാണ പരിപ്രേക്ഷ്യം രൂപപ്പെടുത്തിയത്.

നമ്മുടെ രക്ഷാപ്രവര്‍ത്തനവും പ്രളയ കാലത്തെ അതിജീവനവും ലോകത്താകെ പ്രശംസിക്കപ്പെട്ടതാണ്. മാതൃകയാക്കാവുന്ന അനുഭവങ്ങളാണ് നാം ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ലഭിക്കേണ്ടുന്ന സഹായങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഇടപെടല്‍ പല ഭാഗത്തുനിന്നും ഉണ്ടായി. അത്തരം തടസ്സപ്പെടുത്തലുകള്‍ക്ക് മുന്നില്‍ നാം തളര്‍ന്നില്ല. അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാര്‍ഢ്യമായാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (ആര്‍ കെ ഐ) ഏറ്റെടുത്തത്. ഇത് സര്‍ക്കാറിന്റെ മാത്രം ഒരു പരിപാടിയല്ല. പ്രതിപക്ഷ നേതാവും ഭരണ രംഗത്തെ പരിചയ സമ്പന്നരും പൊതു സമൂഹത്തില്‍ അറിയപ്പെടുന്ന സാമ്പത്തിക-സാങ്കേതിക മേഖലകളിലെ വിദഗ്ധരും ചേര്‍ന്നതാണ് ആര്‍ കെ ഐ ഉപദേശക സമിതി. അതിനു പുറമെ ഉന്നതാധികാര സമിതിയും നടത്തിപ്പ് സമിതിയും പ്രവര്‍ത്തിക്കുന്നു. പുനര്‍ നിര്‍മാണ പ്രക്രിയയില്‍ ഒരാള്‍ പോലും വിട്ടുപോകരുത് എന്ന നിര്‍ബന്ധത്തോടെയാണ് ഇതിന്റെ ഇടപെടല്‍.

പുനര്‍ നിര്‍മാണത്തിന് ആവശ്യമായ പണം നിലവിലുള്ള രീതികളില്‍ ആര്‍ജിക്കാന്‍ കഴിയാത്തതാണ്. പ്രളയാനന്തരം ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. ഇത് നമ്മുടെ ആഭ്യന്തര വരുമാനത്തിന്റെ നാല് ശതമാനത്തോളം വരും. ഈ തുക എങ്ങനെ കണ്ടെത്തും എന്നതാണ് സംസ്ഥാനത്തിനു മുന്നിലുണ്ടായ പ്രധാന പ്രശ്‌നം. പണം മാത്രം പോര, ആധുനികമായ ശാസ്ത്ര സാങ്കേതിക സഹായവും വേണം. കേരളത്തിന്റെ വീണ്ടെടുപ്പ് കേവലം പുനര്‍ നിര്‍മാണമായല്ല, പുതിയ കേരളത്തിന്റെ സൃഷ്ടിയായാണ് വിഭാവനം ചെയ്യുന്നത്. ഇനി ഒരു അത്യാഹിതത്തിനും തകര്‍ക്കാനാകാത്ത ഉറപ്പിലാണ് പുനര്‍ നിര്‍മാണം നടക്കേണ്ടത്. അത് പ്രകൃതിസൗഹൃദപരവും കാലാനുസൃതവും ആകണം. സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. ഇതെല്ലാം കണക്കിലെടുത്താണ് കേരള പുനര്‍ നിര്‍മാണ വികസന പരിപാടി (ആര്‍ കെ ഡി പി) ആവിഷ്‌കരിച്ചത്.
പ്രളയ ഘട്ടത്തില്‍ സഹായ സന്നദ്ധതയുമായി ലോകമെമ്പാടും നിന്ന് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാറുകളും മുന്നോട്ടുവന്നു. പുനര്‍ നിര്‍മാണ ഉദ്യമത്തില്‍ പങ്കാളിത്തം വഹിക്കാനും വിവിധ മേഖലകളില്‍ നിന്ന് അത്തരം സന്നദ്ധത പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ തയ്യാറാകുന്ന ഏജന്‍സികളും സ്ഥാപനങ്ങളും ഒത്തുചേര്‍ന്ന സംഗമമാണ് ജൂലൈ 15ന് കോവളത്ത് സംഘടിപ്പിച്ചത്. വികസന പങ്കാളികളുടെ ആ സംഗമത്തില്‍ ലോക ബേങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വിവിധ മേഖലകളിലെ സാമ്പത്തിക-സാങ്കേതിക വിദഗ്ധരും പങ്കാളികളായി. ലോക ബേങ്കിന്റെയും ഏഷ്യ വികസന ബേങ്കിന്റെയും കണ്‍ട്രി ഡയറക്ടര്‍മാരുള്‍പ്പെടെ പങ്കെടുത്തു. ജെ ഐ സി എ (ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി), ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികള്‍, എ എഫ് ഡി (ഫ്രഞ്ച് വികസന ഏജന്‍സി), കെ എഫ് ഡബ്ല്യൂ (ജര്‍മന്‍ വികസന ബേങ്കിംഗ് ഗ്രൂപ്പ്), ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, എ ഐ ഐ ബി (ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബേങ്ക്), ഐ എഫ് ഡി സി ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ ഡി ബി, ഹഡ്‌കോ, നബാര്‍ഡ്, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ പ്രതിനിധികള്‍ കോണ്‍ക്ലേവിലെത്തി.

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പരിപാടിയുടെ സമഗ്രമായ പരിചയപ്പെടുത്തലായിരുന്നു കോണ്‍ക്ലേവിന്റെ പ്രധാന അജന്‍ഡ. നേരത്തെ തന്നെ ഈ രേഖയെ ആസ്പദമാക്കി ലോക ബേങ്കുമായി വിവിധ തലത്തില്‍ ചര്‍ച്ച നടന്നിരുന്നു. അതിന്റെ ഭാഗമായി 500 ദശലക്ഷം ഡോളറിന്റെ (ഏതാണ്ട് 3,500 കോടി രൂപ) ഡെവലപ്‌മെന്റ് പോളിസി ലോണ്‍ ലോകബേങ്ക് അനുവദിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 250 ദശലക്ഷം ഡോളറാണ് ലഭിക്കുന്നത്. അതില്‍ 160 ദശലക്ഷം ഡോളറിന്റെ വായ്പക്ക് നാല് വര്‍ഷത്തെ മൊറോട്ടോറിയവും 30 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുമുണ്ട്. ഒന്നരശതമാനമാണ് പലിശ നിരക്ക്. അതില്‍ ബാക്കി വരുന്ന 90 ദശലക്ഷം ഡോളറിന്റെ തിരിച്ചടവ് കാലയളവ് 18 വര്‍ഷമാണ്. നാല് വര്‍ഷത്തെ മൊറോട്ടോറിയം ലഭിക്കും. പലിശ നിരക്ക് നാല് മുതല്‍ 4.5 ശതമാനം വരെയാണ്. ഏതെങ്കിലും പ്രോജക്ടുമായി ബന്ധപ്പെടുത്തിയുള്ളതല്ല ഈ വായ്പ. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കായി ഇത് വിനിയോഗം ചെയ്യാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ മികവിനു ലഭിക്കുന്ന അംഗീകാരമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ ലോക ബേങ്ക് വികസന പങ്കാളിയായി അംഗീകരിക്കുന്നത്.

കോണ്‍ക്ലേവില്‍ കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ സമീപനമാണ് എല്ലാ പങ്കാളികളും സ്വീകരിച്ചത്. സാമ്പത്തിക സഹായത്തോടൊപ്പം സാങ്കേതിക സഹായവും ഇതുപോലുള്ള ദുരന്തങ്ങള്‍ നേരിടുകയും ദുരന്ത മേഖലകളെ പുനര്‍ നിര്‍മിക്കുകയും ചെയ്ത അനുഭവമുള്ളവരുടെ വൈദഗ്ധ്യത്തിന്റെ സാന്നിധ്യവും വേണ്ടതുണ്ട്. ലോക ബേങ്കിന്റെ ദുരന്തനിവാരണ വിഭാഗത്തിലെയും ഐക്യരാഷ്ട്രസഭയുടെ വീണ്ടെടുപ്പ് വിഭാഗത്തിലെയും ഉന്നതാധികാരികളുടെ സാന്നിധ്യം കോണ്‍ക്ലേവില്‍ ഉണ്ടായിരുന്നു. സാമ്പത്തിക, സാങ്കേതിക സഹായങ്ങളും പങ്കാളിത്തവുമാണ് ഉറപ്പാക്കപ്പെട്ടത്.
പ്രളയ ദുരന്തത്തില്‍ നിന്നുള്ള കരകയറല്‍ മാത്രമല്ല നമ്മുടെ ലക്ഷ്യം; ഇതര പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയെ കൂടി അതിജീവിക്കുന്ന രീതിയിലുള്ള പുനര്‍ നിര്‍മാണമാണ്. ഭാവിയില്‍ ഏത് ദുരന്തം വന്നാലും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉണ്ടായതു പോലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കരുത്. അതിജീവനക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയും അതിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കുകയുമാണ് നാം. ആര്‍ കെഡി പിയുടെ പദ്ധതികള്‍ അതുകൊണ്ടുതന്നെ വളരെയേറെ സങ്കീര്‍ണതയുള്ളതും ദീര്‍ഘവീക്ഷണം ആവശ്യപ്പെടുന്നതുമാണ്. പ്രൊജക്ട് രൂപരേഖ ഉന്നതാധികാര സമിതിയും വിദഗ്ധരും പരിശോധിച്ച ശേഷമാണ് മന്ത്രിസഭ അംഗീകരിക്കുക. ഓരോ പദ്ധതിയും കൃത്യമായി വിലയിരുത്തപ്പെടും.

കഴിഞ്ഞ ആഗസ്തില്‍ എല്ലാം തകര്‍ന്നു എന്നു കരുതിയവരാണ് നാം. പ്രളയജലം കുത്തിയൊഴുകി വന്നപ്പോള്‍ കേരളത്തിന് ഇനി എന്തു ഭാവി എന്ന് ചിന്തിച്ചവരുണ്ട്. ആ നൈരാശ്യത്തെ പൂര്‍ണമായും ഇല്ലായ്മ ചെയ്ത് പ്രതീക്ഷയുടെ പുതിയ വെളിച്ചം പകരുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ് വികസന പങ്കാളികളുടെ കോണ്‍ക്ലേവ് എന്ന് നിസ്സംശയം പറയാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും വന്ന സംഭാവനയും ഇവിടെ എടുത്തു പറയേണ്ടതാണ്. 4,106.38 കോടി രൂപയാണ് ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. അതില്‍ 2,041.34 കോടി രൂപ ഇതിനകം ചെലവിട്ടു കഴിഞ്ഞു.

മത്സ്യത്തൊഴിലാളി ഭവന നിര്‍മാണത്തിനുള്‍പ്പെടെ ഈ തുക ചെലവഴിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്.
അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങള്‍ ജൂലൈ 20ന് സംസ്ഥാനത്തിന്റെ 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം ഉള്‍പ്പെടെ ഈ പരിപാടികളില്‍ നടക്കും. ആ ഘട്ടത്തില്‍ തന്നെയാണ് ലോകത്തിന്റെ സഹായം ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാനുള്ള വികസന പങ്കാളിത്ത സംഗമം നമുക്ക് വിജയകരമായി പൂര്‍ത്തിയാക്കാനായത്. തുടര്‍ന്നുള്ള നാളുകളില്‍ ഈ കോണ്‍ക്ലേവില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ തുടര്‍ പരിശോധനകള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകളും തീരുമാനങ്ങളും വരും നാളുകളില്‍ ഉണ്ടാകും. ഉറച്ച ചുവടുവെപ്പുകളോടെ മുന്നേറാനും ലക്ഷ്യത്തിലെത്താനും നമുക്ക് കഴിയും.