ഗവര്‍ണറുടെത് പ്രണയ ലേഖനം; ഇന്നുതന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന കത്തിനെ പരിഹസിച്ച് കുമാരസ്വാമി

Posted on: July 19, 2019 6:02 pm | Last updated: July 19, 2019 at 8:59 pm

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഇന്നു വൈകീട്ടു തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവര്‍ണര്‍ വാജുഭായ് വാലെയുടെ കത്തിനെ പരിഹസിച്ച് മുഖ്യമന്ത്രി കുമാരസ്വാമി. ഗവര്‍ണറുടെ പ്രണയലേഖനം എന്നാണ് കത്തിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഗവര്‍ണറുടെ രണ്ടാം പ്രണയ ലേഖനം ലഭിച്ചുവെന്ന് കത്ത് സഭയില്‍ വായിക്കുമ്പോള്‍ കുമാരസ്വാമി പറഞ്ഞു.

ഇന്ന് ഉച്ചക്ക് 1.30നു മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആദ്യം ഉത്തരവിട്ടത്. എന്നാല്‍ പിന്നീട് അത് വൈകീട്ട് ആറിലേക്കു നീട്ടുകയായിരുന്നു.

അതിനിടെ, ഗവര്‍ണര്‍ ബി ജെ പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. നിയമസഭക്ക് നിര്‍ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നിരിക്കെ അദ്ദേഹം നടത്തിയിരിക്കുന്നത് ചട്ട ലംഘനമാണെന്ന് വേണുഗോപാല്‍ പറഞ്ഞു.