കര്‍ണാടകയില്‍ ഗവര്‍ണറെ തള്ളി സ്പീക്കര്‍; വിശ്വാസ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച മാത്രമെന്ന്

Posted on: July 19, 2019 11:51 am | Last updated: July 19, 2019 at 8:39 pm

ബെംഗളുരു: രാഷട്രീയ പ്രതിസന്ധികളും തര്‍ക്കങ്ങളും തുടരവെ കര്‍ണാടക നിയമസഭ സമ്മേളനം തുടങ്ങി. ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയ സ്പീക്കര്‍ വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ടയെന്ന് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിനിടെ അതിന് തയ്യാറാകാത്ത കോണ്‍ഗ്രസ് നടപടി കര്‍ണാടക രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കും. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഉച്ചക്ക് 1.30ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗൂഢ നീക്കമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം,

സഖ്യ സര്‍ക്കാരിന് അവിശ്വാസത്തെ മറികടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിയമ നടപടികള്‍ വഴി കാര്യങ്ങള്‍ അനുകൂലമാക്കാനും അനുനയത്തിന് കൂടുതല്‍ സമയം നേടിയെടുക്കാനുമാണ് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നീക്കം നടക്കുന്നത്. എങ്ങനെയെങ്കിലും വിപ്പിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് കര്‍ണ്ണാടക കോണ്‍ഗ്രസിന്റെ ശ്രമം . ഇതിന്റെ ഭാഗമായി വിമതരുടെ കാര്യത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.