കപ്പുയര്‍ത്താന്‍ താജിക്കിസ്ഥാനും ഉത്തര കൊറിയയും

Posted on: July 19, 2019 11:38 am | Last updated: July 19, 2019 at 11:38 am
ഉ.കൊറിയ-താജിക്കിസ്ഥാന്‍ പരിശീലകരും ക്യാപ്റ്റന്‍മാരും പത്രസമ്മേളനത്തിനെത്തിയപ്പോള്‍

അഹമ്മദാബാദ്: 2019 ഹീറോ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ന് കലാശപ്പോരാട്ടം. താജിക്കിസ്ഥാനും ഉത്തര കൊറിയയുമാണ് നേര്‍ക്ക് നേര്‍. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെ അട്ടിമറിച്ചാണ് ഇവരുടെ വരവ്. നാല് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഫിഫ റാങ്കിംഗില്‍ താഴെയുള്ള രണ്ട് ടീമുകളാണ് ഫൈനലിലെത്തിയത് എന്നത് ശ്രദ്ധേയമായി.
മികച്ച റാങ്കിംഗ് ഉള്ള സിറിയ (85)യും നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ (101)യും ഫൈനലിന് യോഗ്യത നേടിയില്ല. താജിക്കിസ്ഥാന്റെ ഫിഫ റാങ്കിംഗ് 120ഉം ഉത്തരകൊറിയയുടേത് 122ഉം ആണ്.

ഫൈനലിന് മുമ്പ് നേരിയ മുന്‍തൂക്കം ഉത്തര കൊറിയക്ക് അവകാശപ്പെടാം. ലീഗ് റൗണ്ടില്‍ കൊറിയക്കാര്‍ 1-0ന് താജിക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, ലീഗ് റൗണ്ടിലെ നേരിയ ജയം തന്റെ ടീമിന്റെ കിരീട സാധ്യത വര്‍ധിപ്പിക്കുന്നില്ല എന്ന് ഉത്തര കൊറിയ കോച്ച് യുന്‍ ജോംഗ് സു പറഞ്ഞു.

ഫൈനല്‍ മറ്റൊരു മത്സരമാണ്. പിഴവുകള്‍ വരുത്തുന്നവര്‍ക്ക് കിരീടത്തിന് അര്‍ഹതയുണ്ടാകില്ല. ഏറ്റവും മികച്ച ഫുട്‌ബോള്‍ കാഴ്ചവെക്കുകയാണ് ലക്ഷ്യം- ജോംഗ് സു പറഞ്ഞു.

ലീഗ് റൗണ്ടിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ വേണ്ടിയല്ല ഫൈനലിന് ഇറങ്ങുന്നത് എന്ന് താജിക്കിസ്ഥാന്‍ കോച്ച് ഉസ്മാന്‍ ടൊഷേവ് പറഞ്ഞു.
ഫൈനല്‍ തീര്‍ത്തും വ്യത്യസ്തമാണ്. ടീമുകള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളി. ചരിത്രത്തിന്റെ ഭാഗമാകാന്‍ താരങ്ങള്‍ പരിശ്രമിക്കും. ലീഗ് റൗണ്ട് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല – ടൊഷേവ് പറഞ്ഞു.ജേതാക്കള്‍ക്ക് അമ്പതിനായിരം ഡോളറാണ് സമ്മാനത്തുക. റണ്ണേഴ്‌സപ്പിന് 25000 ഡോളറും. ടൂര്‍ണമെന്റിലെ താരത്തിന് 7500 ഡോളറും.